അനിശ്ചിതത്വം നീങ്ങി; ചുള്ളിക്കര കൊട്ടോടി മെക്കാഡം റോഡ് പണി തുടങ്ങി
രാജപുരം: അനിശ്ചിതത്വത്തിലായിരുന്ന ചുളളിക്കരകൊട്ടോടി റോഡ് പുനരാരംഭിച്ചു. മഴയുടെ കാരണം പറഞ്ഞാണ് പ്രവൃത്തികള്‍ നിര്‍ത്തിയിരുന്നത്. നിര്‍മാണം ജനുവരിയില്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. മഴമാറിയിട്ടും ജോലി തുടങ്ങാന്‍ വൈകുന്നത് സംബന്ധിച്ച് സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 10 കിലോമീറ്ററോളം ദൂരമുള്ള ചുളളിക്കരകുറ്റിക്കോല് റോഡിലെ കുണ്ടുംകുഴിയുമായി ഗതാഗതം ദുസഹമായ മൂന്ന് കിലോമീറ്റര്‍ ദൂരമാണ് മെക്കാഡം ടാറിങ് നടത്തി നവീകരിക്കുന്നത്. 2014 ല്‍ നിര്‍മാണം പൂര്‍ത്തിയാക്കേണ്ട പ്രവൃത്തിയാണ് ഇഴഞ്ഞു നീങ്ങിയത്.
നവീകരിക്കുന്ന മൂന്നു കിലോമീറ്റര്‍ റോഡില്‍ പുതിയതായി നാലു പൈപ്പ് കള്‍വര്‍ട്ടുകളാണ് നിര്‍മിക്കുന്നത്. നിലവില്‍ പയ്യച്ചേരിയിലുള്ള കള്‍വര്‍ട്ട് പൊളിച്ചുനീക്കി ഉയരം കുട്ടി പുനര്‍നിര്‍മിക്കുന്ന പ്രവൃത്തിയാണ് ആരംഭിച്ചത്. ആവശ്യമെങ്കില്‍ പഴയ കള്വര്ട്ടുകള്ക്ക് ഉയരം കൂട്ടും. മറ്റു സാങ്കേതിക പ്രശ്നങ്ങളില്ലെങ്കില്‍ ജനുവരി മാസത്തോടുകൂടി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് റോഡ് വിഭാഗം അസി.എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.വി.മനോജ് കുമാര്‍ പറഞ്ഞു. ഓവര്‍സിയര്‍ കെ.ടി.അരവിന്ദാക്ഷന്. ബിഎസ്എന്‍എല്‍, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി.
2012 ല്‍ നിര്‍മാണ പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി 2013 ല്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി. 2014ല്‍ നിര്‍മാണം പൂര്‍ത്തിയാക്കേണ്ട പ്രവൃത്തി നീട്ടിക്കൊണ്ട് പോകുകയായിരുന്നെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു.
ഒടുവില്‍ കഴിഞ്ഞ മാര്‍ച്ച് 18ന് കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാനപാത ചുളളിക്കരയില്‍ നാട്ടുകാര്‍ ഉപരോധിച്ചതോടെ ഏപ്രില്‍ രണ്ടിനു നിര്‍മാണം ആരംഭിക്കുകയായിരുന്നു. റോഡിന്റെ പാര്‍ശ്വഭിത്തി നിര്‍മാണമാണ് ആദ്യം തുടങ്ങിയത്. പിന്നീട് മഴയെ തുടര്‍ന്ന് നിര്‍മാണം നിര്‍ത്തിവെക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."