ആദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ കര്‍മ പദ്ധതി
കല്‍പ്പറ്റ: ജില്ലയിലെ ആദിവാസി വിഭാഗ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, എസ്.എസ്.എ, ജില്ലാ ഭരണകൂടം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കര്‍മ്മ പദ്ധതി നടപ്പാക്കുന്നു. പദ്ധതിയുടെ ഭാഗമായി അടിയന്തര ശ്രദ്ധ പതിയേണ്ട ഊരുകളും ഊര് വിദ്യാകേന്ദ്രത്തിനുള്ള സ്ഥലവും നവംബര്‍ മൂന്നിനകം തിരഞ്ഞെടുക്കും. സ്‌കൂള്‍ ജാഗ്രതാ സമിതികളും ഊര് ജാഗ്രതാ സമിതികളും രൂപീകരിക്കും. ഊര് പഠന കേന്ദ്രം ഇന്‍സ്ട്രക്ടര്‍മാരെ തിരഞ്ഞെടുത്ത് പരിശീലനം നല്‍കും. പഞ്ചായത്തിലെ തനത് പ്രവര്‍ത്തനങ്ങളുമായി സംയോജിപ്പിക്കും. നവംബര്‍ 30നകം ഊര്, സ്‌കൂള്‍ ജാഗ്രതാ സമിതി അംഗങ്ങള്‍, ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍, ഊര് പഠനകേന്ദ്രം ഇന്‍സ്ട്രക്ടര്‍, പഞ്ചായത്ത് നിയോഗിച്ച പ്രവര്‍ത്തകര്‍, കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ അംഗങ്ങളായി ബ്ലോക്ക് അടിസ്ഥാനത്തില്‍ റിസോഴ്‌സ് പൂള്‍ തയാറാക്കും. പ്രൊമോട്ടര്‍മാര്‍, നോഡല്‍ ഓഫിസര്‍മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, പ്രധാനാധ്യാപകര്‍ കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍മാര്‍, ബി.ആര്‍.സി ട്രെയിനര്‍, ഊര് ജാഗ്രതാ സമിതി, പഠനകേന്ദ്രം ഇന്‍സ്ട്രക്ടര്‍, ബി.പി.ഒ എന്നിവര്‍ അംഗങ്ങളായി ബ്ലോക്ക്തല റിംസോഴ്‌സ് ഗ്രൂപ്പ് രൂപീകരിക്കും.
ഈമാസം രണ്ടാം വാരം തുടര്‍ച്ചയായി അവധി വന്നതിനെ തുടര്‍ന്ന് പട്ടികവര്‍ഗ വിദ്യാര്‍ഥികളില്‍ പലരും സ്‌കൂളിലേക്ക് വരാത്ത സാഹചര്യത്തിലാണ് ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്‍മാരുടെയും ട്രൈബല്‍ പ്രൊമോട്ടര്‍മാരുടെയും യോഗം ജില്ലാകലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്നത്.
യോഗം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ ഡോ.ബി.എസ് തിരുമേനി അധ്യക്ഷനായി. ഡയറ്റ് സീനിയര്‍ ലക്ചറര്‍ കെ.കെ സുരേന്ദ്രന്‍, മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തളാ ഷണ്‍മുഖന്‍, കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബിന്ദു ജോസ്, ഐ.റ്റി.ഡി.പി. അസി.പ്രൊജക്ട് ഓഫിസര്‍ പി ഇസ്മായില്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ്, എസ്.എസ്.എ. ജില്ലാ പ്രൊജക്ട് ഓഫിസര്‍ ജി.എന്‍ ബാബുരാജ്, എസ്.എസ്.എ ജില്ലാ പ്രോഗ്രാം ഓഫിസര്‍ ഒ പ്രമോദ്, പ്രോഗ്രാം ഓഫിസര്‍ എം.ഒ.സജി, ഗ്രാമ, ബ്ലോക്ക് നഗരസഭാ അധ്യക്ഷന്‍മാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."