വട്ടം കറങ്ങി ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ്
മാനന്തവാടി: അടിസ്ഥാന സൗകര്യങ്ങളും ആവശ്യമായ ജീവനക്കാരുമില്ലാത്തത് മാനന്തവാടി ജനമൈത്രി എക്‌സൈസ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം താളം തെറ്റിക്കുന്നു. സംസ്ഥാനത്തെ രണ്ടാമത്തെതും ജില്ലയിലെ ആദ്യത്തെതുമായ ജനമൈത്രി എക്‌സൈസ് സ്‌ക്വാഡാണ് വാഹനം പോലുമില്ലാതെ ദുരിതത്തിലായത്.
ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ലഹരിക്ക് അടിമപ്പെട്ടവരെ മോചിപ്പിക്കുക, ആദിവാസി മേഖലയില്‍ വ്യാജമദ്യ നിര്‍മാണം കണ്ടെത്തി തടയുക, കോളനികളിലേക്ക് പുറമെ നിന്നും മദ്യം എത്തിച്ച് വില്‍പന നടത്തുന്നത് തടയുക, ലഹരിക്ക് അടിമപ്പെടുന്നവര്‍ക്ക് വിവിധ വകുപ്പുകളുമായി ചേര്‍ന്ന് ചികിത്സ മാര്‍ഗങ്ങള്‍ നല്‍കുക, മദ്യം, മയക്ക് മരുന്ന് എന്നിവയെ കുറിച്ചുള്ള ബോധവല്‍ക്കരണം, ഇവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ കണ്ടെത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ജനമൈത്രി പൊലിസ് മാതൃകയില്‍ എക്‌സൈസ് സ്‌ക്വാഡും രൂപീകരിച്ചത്.
2016 മാര്‍ച്ചില്‍ ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചുവെങ്കിലും ജൂണിലാണ് ഔദ്യോഗിക ഉദ്ഘാടനം നടത്തിയത്. എന്നാല്‍ വാഹനമോ ആവശ്യത്തിന് ജിവനക്കാരോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്തതാണ് ഉദ്യോഗസ്ഥര്‍ക്ക് തലവേദന സൃഷ്ട്ടിക്കുന്നത്. തിരുനെല്ലി, പനമരം, തൊണ്ടര്‍നാട് ഉള്‍പ്പെടെ 6 പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയുമുള്‍പ്പെടുന്നതാണ് സ്‌ക്വാഡിന്റെ പ്രവര്‍ത്തന പരിധി. ഇതില്‍ 16 വില്ലേജുകള്‍ ആണുള്ളത്.
താലുക്കില്‍ 1336 കോളനികള്‍ ഉണ്ട്. ഇവിടങ്ങളില്‍ മദ്യം, മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടലോ ബോധവല്‍ക്കരണ ക്യാംപുകള്‍, മെഡിക്കല്‍ ക്യാംപുകള്‍ എന്നിവ സംഘടിപ്പിച്ചാലോ ദുരെയുള്ള കോളനികളില്‍ ജീവനക്കാര്‍ക്ക് എത്തിചേരാന്‍ ഇരുചക്രവാഹനം പോലും ഇല്ലെന്നത് സ്‌ക്വാഡിനെ നോക്കു കുത്തിയാക്കി മാറ്റിയിരിക്കുകയാണ്. ജീവനക്കാരുടെ എണ്ണവും ദയനീയമാണ്. 15 തസ്തികളാണ് സ്‌ക്വാഡിന് അനുവദിച്ചിട്ടുള്ളത്.
എന്നാല്‍ ഇന്‍സ്‌പെക്ടര്‍, അസി: ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ 4 പേരാണ് നിലവില്‍ ഉള്ളത്. പലപ്പോഴും എക്‌സൈസിന്റെ മറ്റ് ഓഫിസുകള്‍, ചെക്ക് പോസ്റ്റ് എന്നിവിടങ്ങളില്‍ നിന്നും വര്‍ക്കിങ് അറേജ്‌മെന്റില്‍ ജീവനക്കാരെത്തി മടങ്ങുകയാണ് ചെയ്യുന്നത്. ഇത്തരം സ്‌ക്വാഡില്‍ വനിതാ ജീവനക്കാര്‍ നിര്‍ബന്ധമാണെന്നിരിക്കെ ഈ ഓഫിസില്‍ ഉന്നത അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടികളും ഉണ്ടായിട്ടില്ല.
ആവശ്യത്തിന് ഫര്‍ണ്ണിച്ചറുകളോ കംപ്യുട്ടറോ ഇവിടെ ഇല്ല. കഴിഞ്ഞ മാസം ഓഫിസ് സന്ദര്‍ശിച്ച വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. സ്‌ക്വാഡിന്റ പ്രവര്‍ത്തനം പൂര്‍ണാര്‍ഥത്തില്‍ ലക്ഷ്യപ്രാപ്തിയില്‍ എത്താന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."