തലപ്പുഴ വില്ലേജില്‍ സ്ഥലക്കൈമാറ്റത്തിന് നിരോധനം
തലപ്പുഴ: കാപ്പിക്കളം ഭാഗത്ത് സ്ഥലം കൈമാറ്റത്തിന് പരോക്ഷമായ നിരോധനം. സര്‍വേ നമ്പര്‍ 9610, 9611 തുടങ്ങി പത്തോളം സര്‍വേ നമ്പറിലുള്ള സ്ഥലങ്ങളാണ് കൈമാറ്റത്തിന് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പല സ്ഥലങ്ങളും രജിസ്‌ട്രേഷന്‍ സമയത്ത് തണ്ടപ്പേര് അന്വേഷിച്ചു വില്ലേജില്‍ എത്തിയപ്പോഴാണ് തങ്ങളുടെ സ്ഥലങ്ങളുടെ മേല്‍ നിരോധനം ഏര്‍പ്പെടുത്തിയ വിവരം അറിയുന്നത്. വെസ്റ്റേണ്‍ ഫോറസ്റ്റിന്റെ ഭാഗം, പ്ലാന്റേഷന്‍ വക, മിച്ചഭൂമിയാണോയെന്നു സംശയിക്കപ്പെടുന്നത് ഇങ്ങനെ പല കാരണങ്ങളാണ് വില്ലേജ് ഓഫിസില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്. പ്ലാന്റേഷന്‍ ഭൂമിയില്‍ വീട് നിര്‍മിക്കുന്നതിന്‌വേണ്ടി ഭൂമി തരംതിരിച്ചതാണ് ചില സ്ഥലങ്ങളില്‍ പ്രശ്‌നങ്ങളായി പറയുന്നത്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഫ്രഞ്ച ്‌ഫോര്‍ഡ് എസ്റ്റേറ്റ് തുച്ഛമായ വിലക്ക് മുറിച്ചു പതിച്ചു നല്‍കിയ പ്രദേശങ്ങളാണ് വിവാദഭൂമിയില്‍ അധികവും. നിരവധി ആളുകള്‍ ഈ സ്ഥലം വാങ്ങുകയും വീട്‌വച്ചു താമസം ആരംഭിക്കുകയും ചെയ്തു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ആളുകളാണ് ഇവിടെ താമസമാക്കിയവര്‍ എന്നതു കൊണ്ടു തന്നെ ഈ സ്ഥലം കൈമാറ്റ നിരോധനം ബാധിക്കുന്നത് താഴേക്കിടക്കാരെ മാത്രമാണ്. ഇപ്പോഴും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു അനുമതി നല്‍കുകയും കൈമാറ്റം തടയുകയും ചെയ്യുന്നതില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയരുന്നുണ്ട്. പ്ലാന്റേഷന്റെ പേരില്‍ വില്ലേജില്‍ വച്ച് തണ്ടപ്പേര് തടഞ്ഞ സ്ഥലത്തെ കുറിച്ചു താലൂക്ക് ഓഫിസില്‍ അന്വേഷിച്ചപ്പോള്‍ അത് മിച്ചഭൂമിയുടെ ഭാഗമാണെന്ന സംശയമാണ് തണ്ടപ്പേര് നല്‍കാന്‍ തടസ്സം എന്നാണു അറിഞ്ഞത്. ജില്ലാ കലക്ടറുടെ ഉത്തരവ് ലഭിച്ചാല്‍ മാത്രമേ തണ്ടപ്പേര് നല്‍കാന്‍ കഴിയൂ.
മാസങ്ങളായി മേല്‍സ്ഥലങ്ങളുടെ തണ്ടപ്പേരിനുള്ള അപേക്ഷകള്‍ ലഭിച്ചിട്ടെന്നും എന്നാല്‍ കലക്ടറുടെ ഉത്തരവ് ലഭിക്കാതെ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ഇതിന്റെ പേരില്‍ വില്ലേജ് ജീവനക്കാരെ തടഞ്ഞു വെച്ചിരുന്നുവെന്നും വില്ലേജ് ഓഫിസര്‍ പറഞ്ഞു.
എന്നാല്‍ കലക്ടറുടെ ഉത്തരവ് എപ്പോള്‍ ഇറങ്ങുമെന്ന ആവശ്യക്കാരുടെ ചോദ്യത്തിന് മുമ്പില്‍ താലൂക്ക് ഓഫിസും വില്ലേജ് ഓഫിസും കൈ മലര്‍ത്തുകയാണ്. അത്യാവശ്യങ്ങള്‍ക്കു വേണ്ടി ആകെയുള്ള സ്ഥലം വിറ്റവരും അതു വാങ്ങിയവരും നിയമക്കുരുക്കിനു മുന്‍പില്‍ പകച്ചു നില്‍ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."