മുത്ത്വലാഖ് സ്ത്രീയുടെ സംരക്ഷണത്തിനും പുരുഷനെ ശിക്ഷിക്കുന്നതിനും: എം.ടി അബ്ദുല്ലാ മുസ്‌ലിയാര്‍
ആലുവ : മൂന്ന് ത്വലാഖ് ഒരുമിച്ച് ചൊല്ലിയാല്‍ വിവാഹബന്ധം വേര്‍പിരിയുമെന്ന ഇസ്‌ലാമിക ശരീഅത്തിന്റെ നിയമം വാസ്തവത്തില്‍ സ്ത്രീയെ സംരക്ഷിയ്ക്കുന്നതിനും, സൃഷ്ടാവ് അനുവദിച്ച കാര്യത്തെ ദുരുപയോഗം ചെയ്ത പുരുഷനെ ശിക്ഷിയ്ക്കുന്നതിനും വേണ്ടിയുള്ളതാണെന്ന് സമസ്ത സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ എറണാകുളം ജില്ലാ കമ്മിറ്റി പണ്ഡിതന്മാര്‍ക്കായി എല്ലാ മാസവും സംഘടിപ്പിക്കുന്ന പണ്ഡിത ദര്‍സിന്റെ ഉദ്ഘാടനം ആലുവ ചൊവ്വര ജങ്കാര്‍ സ്റ്റോപ്പിലുള്ള സമസ്ത ജില്ലാ കാര്യാലയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ആയിരക്കണക്കിനു വ്യക്തിഗത നിയമങ്ങളുള്ള ഇന്ത്യയില്‍ ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം പൗരന്റെ മതസ്വാതന്ത്ര്യത്തിന്റെ മേലുള്ള കടന്നുകയറ്റമാണെന്നും, ഈ നീക്കത്തിനെതിരെ ഇന്ത്യന്‍ ജനത ഒറ്റയ്‌ക്കെട്ടായി പ്രതികരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടാതെ മുസ്‌ലിംകള്‍ അവരുടെ ജീവന്‍ അപഹരിക്കപ്പെട്ടാലും ഇസ്‌ലാമിക ശരീഅത്ത് കൈവെടിയില്ലെന്നു പ്രതിജ്ഞയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചടങ്ങില്‍ സമസ്ത ജില്ലാ വൈസ് പ്രസിഡന്റ് ഷറഫുദ്ദീന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഇ.എസ് ഹസന്‍ ഫൈസി, സയ്യിദ് ഷെഫീഖ് തങ്ങള്‍, അഷ്‌റഫ് ഹുദവി, ഷംസുദ്ദീന്‍ ഫൈസി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."