യു.ഡി.എഫിന്റെ നേട്ടം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടെന്ന് കെ.കെ ശിവരാമന്‍
തൊടുപുഴ: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടും കേരളത്തിലെ 124 വില്ലേജുകളെ ഇ എസ് എ ആയി പ്രഖ്യാപിച്ചതുമാണ് യു ഡി എഫ് സര്‍ക്കാരിന്റെ നേട്ടമെന്ന് സി പി ഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ പറഞ്ഞു.
യു ഡി എഫിന്റെ നയവും എല്‍ ഡി എഫിന്റെ നയവും ഈ വിഷയത്തില്‍ ഒന്നുതന്നെയാണെന്ന് കഴിഞ്ഞദിവസം നിയമസഭയില്‍ എല്‍ ഡി എഫ് വ്യകതമാക്കിയെന്ന യു ഡി എഫ് നേതാക്കളുടെ അവകാശവാദം പൊള്ളയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ ജില്ലയില്‍ നിരന്തരമായ ബഹുജന പ്രക്ഷോഭം ഉയര്‍ന്നുവന്നപ്പോള്‍ റിപ്പോര്‍ട്ടിന്റെ മഹത്വം പാടിനടക്കുകയാണ് അന്നത്തെ എം പിയായിരുന്ന പി ടി തോമസും മറ്റു കോണ്‍ഗ്രസ് നേതാക്കളും ചെയ്തത്. ജനകീയ പോരാട്ടത്തിന്റെ ഫലമായിരുന്നു ഉമ്മന്‍ വി ഉമ്മന്‍ കമ്മറ്റിയുടെ രൂപീകരണം.
ഈ കമ്മറ്റി മുമ്പാകെ കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാവരും അനുയോജ്യമായ നിലപാട് സ്വീകരിച്ചുവെന്നത് ശരിയാണ്. കൃഷിയിടങ്ങളെയും തോട്ടങ്ങളെയും ജനവാസ കേന്ദ്രങ്ങളെയും ഇ എസ് എയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ജില്ലയില്‍ ജനകീയ പ്രക്ഷോഭം നടന്നത്. ഈ ആവശ്യം അംഗീകരിച്ച് ഉമ്മന്‍ വി ഉമ്മന്‍ ശുപാര്‍ശ സ്വീകരിച്ചിട്ടുണ്ട്.
2013 നവ്ംബര്‍ 13ന് ജില്ലയിലെ 47 വില്ലേജുകളടക്കം കേരളത്തില്‍ നിന്നുള്ള 123 വില്ലേജുകളുള്‍പ്പെടെ രാജ്യത്തെ 4152 വില്ലേജുകളെയും ഇ എസ് എ ആയി പ്രഖ്യാപിച്ചത് കേന്ദ്രം ഭരിച്ചിരുന്ന യു പി എ സര്‍ക്കാരാണെന്ന് കാര്യം യു ഡി എഫ് മറക്കരുത്. അന്തിമ വിജ്ഞാപനം വരുന്നതുവരെ ഇതിനുമാറ്റമില്ലെന്നകാര്യം ഗ്രീന്‍ ട്രൈബ്യൂണല്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഉമ്മന്‍ വി ഉമ്മന്‍ ശുപാര്‍ശ അനുസരിച്ച് വനാതിര്‍ത്തി നിര്‍ണയിച്ച് റിപ്പോര്‍ട്ടും ഭൂപടവും തയ്യാറാക്കി കേന്ദ്രത്തില്‍ സമര്‍പ്പിക്കുന്നതിലും അന്നത്തെ യു ഡി എഫ് സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചില്ല്. അന്തിമ വിജ്ഞാപനം പ്രഖ്യാപിക്കുന്ന കാര്യത്തിലും കേന്ദ്രത്തില്‍ സമ്മര്‍ദ്ധം ചെലുത്തുവാനും യു ഡി എഫിന് കഴിഞ്ഞില്ല.
ഇക്കാര്യങ്ങളൊക്കെ മറച്ചുവച്ച് ജനങ്ങളെ വഞ്ചിക്കാനുള്ള ശ്രമമാണ് യു ഡി എഫ് നേതാക്കള്‍ നടത്തുന്നതെന്ന് കെ കെ ശിവരാമന്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."