അഷ്ടമുടി കായല്‍ സംരക്ഷണത്തിന് സംയോജിത മാനേജ്‌മെന്റ് പദ്ധതി
കൊല്ലം: അഷ്ടമുടി കായലിന്റെ ശുചീകരണത്തിനും സംരക്ഷണത്തിനും സംയോജിത മാനേജ്‌മെന്റ് പദ്ധതി നടപ്പാക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. കായല്‍ ശുചീകരണവുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷ്യയായിരുന്നു മന്ത്രി.
ടൂറിസം, ഉള്‍നാടന്‍ ജലഗതാഗതം, കോര്‍പറേഷന്‍, ജില്ലാ പഞ്ചായത്ത്, ഫിഷറീസ് തുടങ്ങി വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും പദ്ധതികളുടെ ഏകോപനത്തിലൂടെയാകും സംയോജിത പദ്ധതി രൂപീകരിക്കുക. ഇതിന്റെ ഭാഗമായി നവംബര്‍ മാസത്തില്‍ ഈ രംഗത്തെ വിദഗ്ധരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് കൊല്ലത്ത് ശില്‍പശാല നടത്തും. ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍സള്‍ട്ടന്‍സി വഴി പഠനം നടത്തി തയാറാക്കിയ അഷ്ടമുടി മാസ്റ്റര്‍ പ്ലാന്‍ സമഗ്രമാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ശില്‍പശാല ചര്‍ച്ച ചെയ്യും. അഷ്ടമുടി കായലിലേക്ക് അഴുക്കുചാലുകള്‍ തുറന്നു വയ്ക്കുന്ന രീതിക്ക് അടിയന്തരമായി മാറ്റമുണ്ടാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ശുദ്ധീകരിച്ച ജലം മാത്രം കായലിലേക്ക് ഒഴുകിയെത്തുന്ന നിലയുണ്ടാവണം. ജില്ലാ ആശുപത്രിയില്‍ ഡിസംബര്‍ മാസത്തിനുള്ളില്‍ തന്നെ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കണം. ഇതിനുള്ള സാങ്കേതിക തടസങ്ങളും കാലതാമസവും ഒഴിവാക്കുന്നതിന് ജില്ലാ പഞ്ചായത്ത്, ജില്ലാ ആശുപത്രി, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ശുചിത്വമിഷന്‍ എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സമിതി രൂപീകരിക്കാനും അടിയന്തര സ്ഥല പരിശോധന നടത്താനും മന്ത്രി നിര്‍ദേശിച്ചു.
കോര്‍പറേഷന്‍ വക അറവുശാല മാറ്റി സ്ഥാപിക്കുന്നതിന് പുതിയ സ്ഥലം കണ്ടെത്തുന്നതിന് മേയര്‍ വി. രാജേന്ദ്രബാബു, എം. മുകേഷ് എം.എല്‍.എ, എം. നൗഷാദ് എം.എല്‍.എ എന്നിവരെ ചുമതലപ്പെടുത്തി. സീറോ വെയിസ്റ്റ് ടെക്‌നോളജിയില്‍ അറവുശാല പ്രവര്‍ത്തിപ്പിക്കാന്‍ പുതിയ സംവിധാനമൊരുക്കണം. പുള്ളിക്കട കോളനിയില്‍ മാലിന്യ സംസ്‌കരണ സംവിധാനം ഒരുക്കുന്നതിന് കോര്‍പറേഷനും ടൂറിസം വകുപ്പും സംയുക്തമായി പദ്ധതി നടപ്പിലാക്കും. ലിങ്ക് റോഡിന് സമീപം ടൂറിസം വകുപ്പിന്റെ ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മാണം ഉടന്‍ ആരംഭിക്കും. ഇതിന് തടസമുണ്ടാക്കാനുള്ള ഒരുനീക്കവും അനുവദിക്കില്ല. സ്വകാര്യ ആശുപത്രികള്‍, വന്‍കിട ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധന നടത്തി ഉറപ്പാക്കണം. മാലിന്യ സംസ്‌കാരത്തിന് സംവിധാനമില്ലാത്ത സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കും. കായലിലേക്ക് മാലിന്യം തള്ളുന്നവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കും. അഷ്ടമുടിക്കായല്‍മുഖത്ത് ലിങ്ക് റോഡിന് സമീപം അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യങ്ങളും ചെളിയും ഡ്രഡ്ജിങ് നടത്തി കായല്‍ ശുചീകരിക്കും. ഇതിനായുള്ള 15 ലക്ഷം രൂപയുടെ പദ്ധതി ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് വേഗത്തില്‍ നടപ്പാക്കും. പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവത്തിന് മുമ്പ് ഒന്നും രണ്ടും ട്രാക്കുകളില്‍ ഡ്രഡ്ജിങ് നടത്തുവാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
യോഗത്തില്‍ മേയര്‍ വി. രാജേന്ദ്രബാബു, എം.എല്‍.എ മാരായ എം. മുകേഷ്, എം. നൗഷാദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ, ജില്ലാ കലക്ടര്‍ മിത്ര റ്റി, അസിസ്റ്റന്റ് കലക്ടര്‍ ആശ അജിത്ത്, എ.ഡി.എം ഐ. അബ്ദുല്‍ സലാം, വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."