സമാജ്വാദി പാര്‍ട്ടിയില്‍ പൊട്ടിത്തെറി; അച്ഛന്റെ മന്ത്രിമാരെ പുറത്താക്കി അഖിലേഷിന്റെ പ്രതികാരം
ലക്നോ: അഭിപ്രായ ഭിന്നത രൂക്ഷമായ സമാജ്വാദി പാര്‍ട്ടിയില്‍ പൊട്ടിത്തെറി.
മുലായംസിങ് യാദവിന്റെ സഹോദരന് ശിവ്പാല്‍ യാദവിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കി മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ നീക്കം.
മുലായംസിങ് യാദവിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന മറ്റുമൂന്നു മന്ത്രിമാരേയും പുറത്താക്കിയിട്ടുണ്ട്.
അഖിലേഷ് വിളിച്ചുചേര്‍ന്ന് എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനം.
പാര്‍ട്ടിക്ക് എതിരായി നില്ക്കുന്ന ആരേയും പാര്ട്ടിയില്വച്ചുപൊറുപ്പിക്കില്ലെന്ന് യോഗത്തില്‍ അഖിലേഷ് പറഞ്ഞു. അമര്‍സിങ്ങുമായി അടുപ്പമുള്ള ഒരാളും തന്റെയൊപ്പം വേണ്ടെന്നും അഖിലേഷ് യോഗത്തില്‍ പറഞ്ഞു.
സംസ്ഥാന തെരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങിയിരിക്കെ പാര്ട്ടിപിടിക്കാനുള്ള അഖിലേഷിന്റെ നീക്കം സംസ്ഥാന രാഷ്ട്രീയത്തില്‍ വന്‍ ചലനങ്ങള്‍ ഉണ്ടാക്കും.
ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായി ശിവ്പാല്‍ യാദവിനെ മുലായം നിയമിച്ചതാണ്
അഖിലേഷിനെ ചൊടിപ്പിച്ചത്.
അതേ സമയം തന്നോടടുപ്പമുള്ള എംഎല്‍എമാരുടെ യോഗം മുലായംസിങ് യാദവ് തിങ്കളാഴ്ച വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
മുലായം സിങ്ങ് യാദവും മകനും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും തമ്മിലുള്ള തര്‍ക്കമാണ് പാര്‍ട്ടിയെ സംസ്ഥാനത്ത് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
മുഖ്യമന്ത്രി അഖിലേഷ് യാദവിനെ പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്റാക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി നേതാവും എം.എല്‍.എയുമായ ഉദയ് വീര്‍ സിങ് മുലായം സിങ്ങിന് കത്തയച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ചുവെന്നാരോപിച്ച് ഉദയ് വീര്‍ സിങ്ങിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയാണ് മുലായം പകവീട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."