പാലക്കയം തട്ടിനെ ഇല്ലാതാക്കും, പ്രകൃതിയെ അറിയാത്ത സഞ്ചാരികള്‍
പാലക്കയം തട്ട്: ഉത്തര മലബാറിലെ പ്രധാന ടൂറിസം മേഖലയായി ഉയര്‍ന്നുവരുന്ന കണ്ണൂര്‍ പാലക്കയം തട്ടില്‍ ദൃശ്യ വിസ്മയത്തോടൊപ്പം സഞ്ചാരികളെ കാത്തിരിക്കുന്നത് മാലിന്യ കൂമ്പാരം. ഇവിടെയെത്തുന്ന സഞ്ചാരികള്‍ തന്നെയാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിയുന്നത്.
നിരന്ന കരിങ്കല്‍പ്പാറയും വിസ്തൃതമായ പുല്‍മേടുമുള്ള ഇവിടെ പ്ലാസ്റ്റിക് കുപ്പികള്‍, പ്ലെയിറ്റ്, പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍, മദ്യക്കുപ്പികള്‍ തുടങ്ങിയവ അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുകയാണ്. ഫെസിലിറ്റേഷന്‍ സെന്ററിന്റെ പിറകില്‍ പ്ലാസ്റ്റിക് കുപ്പികള്‍ കുന്നുകൂട്ടിയതായും കാണാം.
യാതൊരു നിയന്ത്രണവുമില്ലാതെയാണ് സഞ്ചാരികള്‍ ഇവിടെ വന്നു പോകുന്നത്. മദ്യപാനികളുടെ വിഹാരകേന്ദ്രമായും ഇത് മാറിയിട്ടുണ്ട്. പശ്ചിമഘട്ട മലനിരകള്‍ ഉള്‍പ്പെടുന്ന ഈ പ്രദേശം പരിസ്ഥിതി ദുര്‍ബല പ്രദേശം കൂടിയാണ്.മനുഷ്യന്റെ നേരിയ ഇടപെടല്‍ പോലും പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കും.
പൈതല്‍മല കഴിഞ്ഞാല്‍ കണ്ണൂര്‍ ജില്ലയിലെ ഏറ്റവും ഉയരമുള്ള സ്ഥലമാണ് ഈ പ്രദേശം.സമുദ്ര നിരപ്പില്‍ നിന്നും 3500 ലധികം അടി ഉയരമുള്ള ഇവിടെ ദിനേന നിരവധി പേരാണ് സന്ദര്‍ശകരായി എത്തിച്ചേരുന്നത്. കമ്പി വേലികള്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും ഇവിടെയെത്തുന്ന സഞ്ചാരികളെ നിയന്ത്രിക്കുന്നതിന് ഗാര്‍ഡുകളോ മറ്റു സുരക്ഷാ സംവിധാനങ്ങളോ ഒന്നുമില്ല.
കാഞ്ഞിരക്കൊല്ലി, പൈതല്‍മല, പാലക്കയം തട്ട് എന്നീ സ്ഥലങ്ങളെ ഉള്‍പ്പെടുത്തികഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് പാലക്കയംതട്ട് ടൂറിസം ട്രയാംഗിള്‍ സര്‍ക്ക്യൂട്ടിന്റെ പ്രവൃത്തി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി സോളാര്‍ ലൈറ്റുകള്‍, സഞ്ചാരികള്‍ക്കുള്ള ഇരിപ്പിടം, ടൂറിസം ഫെസിലിറ്റേഷന്‍ സെന്റര്‍, ശൗചാലയം, വ്യൂപോയിന്റ് എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തിയായി.
ഒരു കോടി രൂപ ചെലവഴിച്ചു കൊണ്ടാണ് ഇതിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തിയത്. ഉദ്ഘാടനത്തിന് വേണ്ടി ടൂറിസം മന്ത്രിയെ കാത്തിരിക്കുകയാണ്. നിര്‍മ്മാണ പ്രവൃത്തികള്‍ ഏറെക്കുറെ പൂര്‍ത്തിയായെങ്കിലും പുറമ്പോക്ക് ഭൂമിയായ ഈ പ്രദേശം ഇതുവരെ ടൂറിസം വകുപ്പ് ഏറ്റെടുത്തിട്ടില്ല.
രണ്ടാഴ്ച്ചക്കകം ഈ പ്രദേശം ടൂറിസം വകുപ്പ് ഏറ്റെടുക്കുകയും ഉദ്ഘാടനം സംബന്ധിച്ച് തീരുമാനം കൈകൊള്ളുകയും ചെയ്യുമെന്ന് ഡി.ടി.പി.സി സെക്രട്ടറി സജി വര്‍ഗീസ് അറിയിച്ചു. ഇതിന് ശേഷം ഗാര്‍ഡുകളെ നിയമിച്ച് സഞ്ചാരികളുടെ മേല്‍ പൂര്‍ണ്ണ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.
വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി ഉന്നത നിലവാരത്തിലേക്കുയര്‍ത്തുന്ന ഗ്രീന്‍ കാര്‍പ്പറ്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവിടെയുടെ മുഴുവന്‍ മാലിന്യങ്ങളും നീക്കം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."