ജെ.എന്‍.യു വീണ്ടും പുകയുന്നു
ഒരിടവേളയ്ക്ക് ശേഷം ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വീണ്ടും പ്രക്ഷുബ്ധമാവുകയാണ്. എം.എസ്.സി ബയോടെക്‌നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ഥി നജീബ് അഹ്മദിനെ ഒരുകൂട്ടം എ.ബി.വി.പി പ്രവര്‍ത്തകര്‍ തല്ലിച്ചതച്ചതിനെ തുടര്‍ന്ന് നജീബിനെ കാണാതായിരിക്കുകയാണ്. ഇതുസംബന്ധിച്ചാണ് സര്‍വകലാശാലയില്‍ വീണ്ടും പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. ഒരാഴ്ചയിലേറെയായി നജീബിന്റെ തീരോധാനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ട്. സര്‍വകലാശാല അധികൃതര്‍ നജീബ് അപ്രത്യക്ഷമായ സംഭവം ഗൗരവത്തിലെടുത്തിരുന്നില്ല. ഈ അനാസ്ഥയില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ വൈസ്ചാന്‍സലര്‍ ഉള്‍പ്പെടെയുള്ളവരെ 24മണിക്കൂര്‍ ഉപരോധിച്ചതിനെ തുടര്‍ന്നാണ് നജീബിന്റെ തീരോധാനം ദേശീയ ശ്രദ്ധയില്‍ വന്നത്.
സമരം ഇപ്പോള്‍ തെരുവിലെത്തിയിരിക്കുകയാണ്. ഡല്‍ഹി പൊലിസിന്റെ പ്രത്യേക സംഘത്തെ അന്വേഷണ ചുമതല ഏല്‍പ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെ തുമ്പുകളൊന്നും പൊലിസിന് കിട്ടിയിട്ടില്ല. ഡല്‍ഹി പൊലിസ് നേരത്തെ തന്നെ ന്യൂനപക്ഷവേട്ടയ്ക്ക് കുപ്രസിദ്ധി ആര്‍ജിച്ചതാണ്. പത്ത് സംഘങ്ങളായി ഡല്‍ഹി പൊലിസ് അന്വേഷണത്തിനിറങ്ങിയിട്ടുണ്ടെങ്കിലും നജീബിനെ സംബന്ധിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അന്വേഷണ പുരോഗതി ഇതുവരെയില്ല.
എ.ബി.വി.പി ഗുണ്ടകളുടെ ക്രൂരമായ മര്‍ദനത്തെ തുടര്‍ന്നാണ് നജീബിനെ കാണാതായത്. ഈ സ്ഥിതി വിശേഷം അതീവ ഗുരുതരമാണ്. നജീബിന് ജീവഹാനി വരെ സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അതിനുമാത്രം പോന്ന മാരക പരുക്കുകളാണ് നജീബിന്റെ ശരീരത്തിലുണ്ടായിരുന്നത്. കേന്ദ്ര ഭരണകൂടത്തിന്റെയും ഡല്‍ഹി പൊലിസിന്റെയും മൗനാനുവാദമില്ലാതെ എ.ബി.വി.പി പ്രവര്‍ത്തകര്‍ക്ക് സര്‍വകലാശാലയില്‍ ഇവ്വിധം അഴിഞ്ഞാടാനാകില്ലെന്നാണ് പറയപ്പെടുന്നത്. ഒക്ടോബര്‍ 15ാം തിയതി നജീബിനെ കാണാതാകുന്നതിന്റെ തലേദിവസം ഒരുപറ്റം എ.ബി.വി.പി പ്രവര്‍ത്തകര്‍ നജീബിനെ സംഘം ചേര്‍ന്ന് വളഞ്ഞിട്ടാക്രമിക്കുന്നത് കണ്ടതായി സഹപാഠി ശാഹിദ് റസാഖാന്‍ വെളിപ്പെടുത്തിയിരിക്കുകയാണിപ്പോള്‍. നജീബ് താമസിക്കുന്ന ഒന്നാം നിലയില്‍ ബഹളം കേട്ടതിനെ തുടര്‍ന്ന് ഓടിച്ചെന്ന ശാഹിദിന് കാണാന്‍ കഴിഞ്ഞത് എ.ബി.വി.പി പ്രവര്‍ത്തകര്‍ നജീബിനെ അതിക്രൂരമായി മര്‍ദിക്കുന്നതാണ്. നജീബിന്റെ മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നു. വാര്‍ഡനും മറ്റു ചിലരും നജീബിനെ കുളിമുറിയില്‍ കൊണ്ടുപോയി കഴുകുമ്പോള്‍ പിന്നെയും ഓടിയെത്തിയ എ.ബി.വി.പി പ്രവര്‍ത്തകര്‍ ക്രൂരമായ മര്‍ദനം അഴിച്ചുവിടുകയായിരുന്നു. നിന്നെ വെറുതെവിടില്ലെന്ന് അക്രമികള്‍ ആക്രോശിക്കുന്നുണ്ടായിരുന്നുവെന്ന് സഹപാഠി വെളിപ്പെടുത്തുമ്പോള്‍ നടക്കമുളവാക്കുന്ന വാര്‍ത്തയാണത്.
ഒരാഴ്ച കഴിഞ്ഞിട്ടും നജീബിന്റെ തിരോധാനത്തെ കുറിച്ച് ഒരു വിവരവും ഡല്‍ഹി പൊലിസിന്റെ പക്കല്‍ ഇല്ലെങ്കില്‍ പൊലിസും ഭരണകൂടവും ചേര്‍ന്ന് നടത്തിയ ഒരു ഗൂഢാലോചന ഇതിന്റെ പിന്നിലുണ്ടെന്നല്ലേ കരുതേണ്ടത്. 50,000 രൂപ പാരിതോഷികം ഡല്‍ഹി പൊലിസ് പ്രഖ്യാപിച്ചത് പൊതുസമൂഹത്തിന്റെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമായിരിക്കണം.
അക്രമികളായ എ.ബി.വി.പി പ്രവര്‍ത്തകരെ ഒരാഴ്ച മുന്‍പുതന്നെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നുവെങ്കില്‍ തിരോധാനം നടന്ന് 24 മണിക്കൂറിനുള്ളില്‍ തന്നെ സംഭവത്തിന്റെ ചുരുളഴിയുമായിരുന്നു. വ്യാജ ഏറ്റുമുട്ടലുകള്‍ പടച്ച് നിരപരാധികളെ തീവ്രവാദി മുദ്രകുത്തി അറസ്റ്റ് ചെയ്യുന്നതും പതിവാക്കിയ ഡല്‍ഹി പൊലിസ് നജീബിന്റെ തിരോധാനത്തെ കുറിച്ച് പൊട്ടന്‍കളിക്കുകയാണ്. ജെ.എന്‍.യു വിദ്യാര്‍ഥികള്‍ നജീബിനെ കാണാതായ സംഭവം തെരുവിലേക്കെടുത്തിട്ടതിനാല്‍ പ്രക്ഷോഭം ദേശീയതലത്തില്‍ തന്നെ ആളിപ്പടരും. ജെ.എന്‍.യു വിദ്യാര്‍ഥിയൂനിയന്‍ നേതാവ് കനയ്യകുമാര്‍ ഉള്‍പ്പടെയുള്ളവരെ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിലടച്ചവരാണ് ഡല്‍ഹി പൊലിസ്. പൊലിസിന്റെ ഈ നടപടിയായിരുന്നു നേരത്തെ ഡല്‍ഹി നഗരത്തെ പ്രക്ഷുബ്ധമാക്കിയത്.
പുരോഗമന ചിന്തയുടെയും ജനാധിപത്യമൂല്യത്തിന്റെയും സ്വാതന്ത്ര്യം ഉദ്‌ഘോഷിക്കുന്ന രാജ്യത്തെ പ്രമുഖ സര്‍വകലാശാലകളായ ജെ.എന്‍.യുവും ഹൈദരാബാദ് സര്‍വകലാശാലയും ഫാസിസ്റ്റ്‌വല്‍ക്കരിക്കുന്നതിന്റെ ദുസൂചനകളാണിപ്പോള്‍ രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്. ഇതിനെ പ്രതിരോധിക്കുന്നതില്‍ ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ പോലും പരാജയപ്പെടുകയാണ്. ഈയൊരു സന്ദര്‍ഭത്തിലാണ് ദലിത്, പിന്നോക്ക ന്യൂനപക്ഷ ഐക്യത്തിന്റെ ഭാഗമായുള്ള ജനാധിപത്യ കൂട്ടായ്മകള്‍ ജെ.എന്‍.യുവില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഫാസിസ്റ്റ് രാഷ്ട്രീയത്തിന് മുളപൊട്ടണമെങ്കില്‍ ജനാധിപത്യവും സ്വതന്ത്ര ചിന്താഗതിയും സര്‍വകലാശാലകളില്‍ നിന്ന് തുടച്ചുമാറ്റണമെന്ന സംഘ്പരിവാര്‍ തീരുമാനത്തിന്റെ ഫലമായാണ് രണ്ട് സര്‍വകലാശാലകളിലും അസ്വസ്ഥതകള്‍ പടര്‍ന്നുകൊണ്ടിരിക്കുന്നത്.
എ.ബി.വി.പി പ്രവര്‍ത്തകരെ ഉപയോഗപ്പെടുത്തി സംഘ്പരിവാറും ഡല്‍ഹി പൊലിസും ഇതിനുള്ള കരുക്കളാണ് നീക്കിക്കൊണ്ടിരിക്കുന്നത്. രോഹിത് വെമുല എന്ന ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതും ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യകുമാറിനെ രാജ്യദ്രോഹിയായി കുറ്റം ചാര്‍ത്തി ജയിലിലടച്ചതും ഇതിന്റെ ഭാഗമാണ്. അതിന്റെയൊക്കെ ബാക്കിപത്രമാണിപ്പോള്‍ നജീബിനെ കാണാതായ സംഭവമെന്ന് കരുതേണ്ടിയിരിക്കുന്നു. നജീബിനെ മര്‍ദിച്ച എ.ബി.വി.പി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിന് പകരം നജീബിനെ കണ്ടെത്തുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഡല്‍ഹി പൊലിസ് ആരെയാണ് വഞ്ചിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തെ സര്‍വകലാശാലകള്‍ ഒരിക്കല്‍ കൂടി സമരത്തിന്റെ തീച്ചൂളയിലേക്ക് വരുന്നുവെന്നാണ് നജീബിന്റെ തിരോധാനം വിളിച്ചുപറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."