കള്ളനോട്ട് നിര്‍മാണം: രണ്ട് കോട്ടയം സ്വദേശികള്‍ അറസ്റ്റില്‍
തിരുവല്ല: പത്ത് ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുമായി കോട്ടയം സ്വദേശികള്‍ പിടിയില്‍. വൈക്കം പള്ളിപ്പുറത്തുശേരി ഭൂതനേഴം ചെട്ടിയാംവീട്ടില്‍ അനീഷ്(38), സുഹൃത്ത് വൈക്കം വടയാര്‍ ആമ്പങ്കേരിത്തറവീട്ടില് ഷിജു(41) എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ പൊലിസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കള്ളനോട്ട് നിര്‍മാണം നടത്തി വന്നിരുന്ന പ്രതികള്‍ പിടിയിലായത്.
മല്ലപ്പള്ളി ടൗണില്‍ നിന്നും ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ അനീഷാണ് ആദ്യം തിരുവല്ല പൊലിസിന്റെ പിടിയിലായത്. ഇയാളുടെ കൈവശം ഉണ്ടായിരുന്ന ബാഗില്‍ നിന്നും 6.10 ലക്ഷം രൂപയുടെ ആയിരത്തിന്റെ കള്ളനോട്ടുകളും പിടിച്ചെടുത്തു. 67 ബി.എഫ് 506, 508, 509, 566, 569, 588, 589, 596, 598, 688, 808, 809, 906, 908, 909, 966, 969, 988, 998 എന്നീ ശ്രേണിയിലുള്ള നോട്ടുകളാണ് അച്ചടിച്ച് വിതരണം ചെയ്തത്. കംപ്യുട്ടര്‍ ഗ്രാഫിക്സില്‍ വിദഗ്ധനായ അനീഷ് ബി.കോം ബിരുദധാരിയാണ്.
2012 ല്‍ ഗുജറാത്തിലെ സൂറത്ത് ജില്ലയിലെ കടോദം പൊലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കള്ളനോട്ട് കേസിലെ പ്രതിയാണിയാള്‍. മറ്റു രണ്ട് മലയാളികളോടൊപ്പം ഗുജറാത്തില്‍ അറസ്റ്റിലായ അനീഷ് കഴിഞ്ഞ ജനുവരി 20 നാണ് ജയില്‍ മോചിതനായത്. അവിടെ നിന്നും നാട്ടിലെത്തി പെയിന്റിങ് ജോലി ചെയ്തുവരികയായിരുന്നു. ഇതിനിടെയാണ് ഷിജുവുമായി ചേര്‍ന്ന് കള്ളനോട്ട് നിര്‍മാണം ആരംഭിച്ചത്. സ്റ്റിക്കര്‍ കട്ടിങിന്റെയും നമ്പര്‍ പ്ലേറ്റ് നിര്‍മാണത്തിന്റെയും മറവിലാണ് കള്ളനോട്ട് നിര്‍മാണം നടത്തിയത്. നോട്ട് അച്ചടിക്കാന്‍ ആവശ്യമായ പ്രിന്റര്‍ വാങ്ങി നല്‍കിയതിനാണ് ഷിജുവിന്റെ അറസ്റ്റ്. തലയോലപ്പറമ്പില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ഇയാളെ അറസ്റ്റ് ചെയ്ത് നടത്തിയ അന്വേഷണത്തില്‍ തലയോലപ്പറമ്പിലെ ദേവി ഓട്ടോ മോബൈല്സ് എന്ന സ്ഥാപനത്തില്‍ ഒളിപ്പിച്ചിരുന്ന 2.87 ലക്ഷം രൂപയുടെ കള്ളനോട്ടും അനീഷിന്റെ സ്ഥാപനത്തില്‍ ഒളിപ്പിച്ചിരുന്ന 39,000 രൂപയുടെ കള്ളനോട്ടുകളും ഇവ പ്രിന്റ് ചെയ്യാന്‍ ഉപയോഗിച്ച ലാപ്ടോപും ഉപകരണങ്ങളും പിടിച്ചെടുത്തു.
ഇവരെക്കൂടാതെ മൂന്നുപേര്‍ കൂടി നിരീക്ഷണത്തിലാണെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."