സ്‌കൂള്‍ മേളകളിലെ അനാരോഗ്യ മത്സരങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ബാലാവകാശ കമ്മിഷന്‍
മലപ്പുറം: സ്‌കൂള്‍ മേളകളിലെ അനാരോഗ്യ മത്സരങ്ങള്‍ക്ക് കടിഞ്ഞാണിടണമെന്നാവശ്യപ്പെട്ട് സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മിഷന്‍ രംഗത്ത്. കഴിഞ്ഞ വര്‍ഷത്തെ കലോത്സവ നടത്തിപ്പു സംബന്ധിച്ച് വ്യാപകമായ പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഇതു സംബന്ധിച്ച് പഠനം നടത്തി ബാലവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് തയാറാക്കിയത്. കലാ മേഖലയിലെയും പൊതു വിദ്യാഭ്യാസ വകുപ്പിലെയും ഉന്നതരെ പങ്കെടുപ്പിച്ച് ഉപസമിതി തയാറാക്കിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പൊതു വിദ്യാഭ്യാസ സെക്രട്ടറി, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍, സംസ്ഥാന ഹയര്‍ സെ്ക്കന്‍ഡറി ഡയറക്ടര്‍ എന്നിവര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്നത്.
അപ്പീല്‍ വഴി ഉയര്‍ന്ന മത്സരങ്ങളില്‍ പങ്കെടുക്കാന്‍ മത്സരാര്‍ഥികളും രക്ഷിതാക്കളും ശ്രമിക്കുന്നത് കലോത്സവ നടത്തിപ്പിനെ ദോഷകരമായി ബാധിക്കുന്നുവെന്നാണ് ബാലാവകാശ സംരക്ഷണ കമ്മിഷന്റെ കണ്ടെത്തല്‍. മത്സരാര്‍ഥികളുടെ സ്വാഭാവികനീതി സംരക്ഷിക്കപ്പെടുന്നതിനായി കലോത്സവത്തിന്റെ താഴേത്തലം മുതല്‍ അപ്പീല്‍ നല്‍കാനുള്ള അവകാശം കലോത്സവ മാന്വല്‍ പ്രകാരം വിദ്യാര്‍ഥികള്‍ക്കുണ്ട്. അപ്പീലുകള്‍ അനിയന്ത്രിതമാകുന്നതുമൂലം മേളകള്‍ അര്‍ദ്ധ രാത്രിക്കു ശേഷവും നടത്തേണ്ട സാഹചര്യവുമുണ്ട്. ഇക്കാര്യത്തില്‍ വിധി നിര്‍ണയം കാര്യക്ഷമമാക്കണമെന്നും അപ്പീലുകള്‍ക്ക് നിയന്ത്രണം വേണമെന്നുമാണ് കമ്മിഷന്‍ ശുപാര്‍ശ. കഴിഞ്ഞ വര്‍ഷം കോഴിക്കോട് നടന്ന സംസ്ഥാന യുവജനോത്സവത്തിലെ അപാകത ചൂണ്ടിക്കാട്ടി 169 മത്സരാര്‍ഥികളാണ് ബാലാവകാശ സംരക്ഷണ കമ്മിഷനെ സമീപിച്ചത്. മാര്‍ക്ക് നല്‍കിയതിലെ അപാകത, വിധി നിര്‍ണയത്തിലെ സ്വജന പക്ഷപാതം, സജ്ജീകരണത്തിലെ പാകപ്പിഴവുകള്‍ തുടങ്ങിയ പരാതികളും കഴിഞ്ഞ വര്‍ഷം കമ്മിഷന് ലഭിച്ചിരുന്നു.
224 ഇനങ്ങളിലായി 18 വേദികളില്‍ 12,000 ത്തോളം മത്സരാര്‍ഥികളാണ് ഒരോ വര്‍ഷവും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മാറ്റുരക്കുന്നത്. കുറഞ്ഞ ആളുകള്‍ മാത്രം പങ്കെടുക്കുന്ന മത്സര ഇനങ്ങളും കലോത്സവത്തിലുണ്ട്. ഇത്തരം ഇനങ്ങളില്‍ മത്സരാര്‍ഥികളെ പരിശീലിപ്പിക്കുന്നവര്‍ തന്നെ വിധി നിര്‍ണയം നടത്തുന്നതും നിത്യസംഭവമാണ്. ഇത്തരം മത്സരങ്ങള്‍ മേളകളില്‍ നിന്ന് ഒഴിവാക്കണമെന്നാണ് സമിതിയുടെ നിര്‍ദേശം. ഒന്നോ രണ്ടോ ഇനത്തില്‍ മാത്രം വൈദഗ്ധ്യമുള്ളവരെ നിരവധി ഇനങ്ങളില്‍ വിധികര്‍ത്താക്കളാക്കുന്ന രീതി അവസാനിപ്പിക്കണമെന്നും കമ്മിഷന്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.
മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് നല്‍കുന്ന ഗ്രേസ് മാര്‍ക്കുകളാണ് മേളകളിലെ അനാരോഗ്യ മത്സരത്തിനുള്ള പ്രധാന കാരണമെന്നാണ് സമിതിയുടെ കണ്ടെത്തല്‍. 1980 കള്‍ക്കു ശേഷമാണ് വിജയികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ഏര്‍പ്പെടുത്തിയത്. പരിശീലിച്ച കലാപ്രകടനവുമായി യാതൊരു ബന്ധവുമില്ലാത്ത പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കടക്കം ഗ്രേസ് മാര്‍ക്ക് നല്‍കുന്നത് അക്കാദമിക മേഖലയുടെ പ്രാധാന്യം തന്നെ കുറക്കും. കലോത്സവ നടത്തിപ്പിന് അധ്യാപകര്‍ക്ക് കൂടുതല്‍ സമയം ചെലവഴിക്കേണ്ടതിനാല്‍ ഇത് അധ്യാപനത്തെ സാരമായി ബാധിക്കുന്നുണ്ട്. മേളകള്‍ കാര്യക്ഷമമാക്കുന്നതിന് വിധികര്‍ത്താക്കുളുടെ പാനല്‍ ഒരോ വര്‍ഷവും മുന്‍കൂട്ടി തയാറാക്കണമെന്നാണ് സമിതിയുടെ ഒരു ശുപാര്‍ശ.
അപ്പീല്‍ നടപടിക്രമങ്ങള്‍ സംബന്ധിച്ച് വിശദമായ നിയമ നിര്‍മാണം നടത്തണമെന്നും മത്സര ഇനങ്ങളുടെ എണ്ണം കുറക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നുണ്ട്.
മത്സരാര്‍ഥികള്‍ക്ക് നല്‍കുന്ന ഗ്രേസ് മാര്‍ക്ക് മൂന്നിലൊന്നായി കുറച്ച് 10, 8, 5 എന്നിങ്ങനെ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് നല്‍കുന്നത് അനാരോഗ്യ മത്സരം കുറക്കാന്‍ സഹായിക്കുമെന്നും സമിതി കണ്ടെത്തുന്നുണ്ട്.
കൂടാതെ ഘട്ടം ഘട്ടമായി ഗ്രേസ് മാര്‍ക്ക് നല്‍കുന്നത് അവസാനിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."