ആദിവാസി ഭൂമി വിതരണത്തിലെ അഴിമതി വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്
കല്‍പ്പറ്റ: ജില്ലയില്‍ ആദിവാസി വിഭാഗങ്ങള്‍ക്ക് ഭൂമി വാങ്ങി വിതരണം ചെയ്തതിലെ അഴിമതി സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച് മന്ത്രി എ.കെ ബാലന്റെ നിര്‍ദേശ പ്രകാരം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിജിലന്‍സിന് ഫയല്‍ കൈമാറി.
ജില്ലയില്‍ ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിനായി കഴിഞ്ഞ 2006ലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ 50 കോടി രൂപ വയനാട് ഭരണ കൂടത്തെ ഏല്‍പ്പിച്ചിരുന്നു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍, ഭൂരഹിത ആദിവാസികള്‍ക്കും അരിവാള്‍ രോഗികള്‍ക്കും ഭൂമി ലഭ്യമാകുന്നതിന് ആശിക്കും ഭൂമി ആദിവാസിക്ക് പദ്ധതിയും ആവിഷ്‌കരിച്ചിരുന്നു. എന്നാല്‍ രണ്ട് പദ്ധതികളും നടപ്പാക്കുന്നത് സംബന്ധിച്ച് വ്യാപകമായ പരാതികള്‍ ഉയര്‍ന്നു. കുറഞ്ഞ വിലക്ക് ഭൂമി വാങ്ങി ആറിരട്ടി അധിക വിലക്ക് ആദിവാസികള്‍ക്ക് നല്‍കി എന്നും ഇക്കാര്യത്തില്‍ പര്‍ച്ചേഴ്‌സ് കമ്മിറ്റിയും ചില ഉദ്യോഗസ്ഥരും അഴിമതി കാട്ടി എന്നുമാണ് പൊതുവെ ഉയര്‍ന്ന പരാതി.
വാസയോഗ്യമായ ഭൂമി ലഭിച്ചില്ലെന്നും പരാതി ഉണ്ടായിരുന്നു. ഒ.ആര്‍ കേളു എം.എല്‍.എയും സി.കെ ശശീന്ദ്രന്‍ എം.എല്‍.എയും ഇത് സംബന്ധിച്ച് രേഖാ മൂലം വകുപ്പ് മന്ത്രിക്ക് പരാതി നല്‍കി. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടു മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.
ഭൂമി ഇടപാടില്‍ അഴിമതി നടന്നുവെന്ന റവന്യൂ പട്ടികവര്‍ഗ്ഗ പ്രിന്‍സിപ്പള്‍ സെക്രട്ടറിമാരുടെ കണ്ടെത്തലിനെതുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം. ഉത്തരവ് വിജിലന്‍സ് ഡയറക്ടര്‍ക്ക് ഉടന്‍ കൈമാറും. തവിഞ്ഞാല്‍ പഞ്ചായത്തിലെ വെണ്‍മണിയിലെ ഹസന്‍കോയയുടെ ഭൂമിയും, ഉദയഗിരിയിലെ തേയിലത്തോട്ടം, മക്കിയാടിലെ കോണ്‍ഗ്രസ് നേതാവിന്റെ ഭൂമി, പടിഞ്ഞാത്തറ ട്രൈബല്‍ ഓഫിസറുടെ അമ്മാവന്റെ ഭൂമി, മാനന്തവാടിയിലെ ജെയ്‌സണ്‍ പീറ്ററിന്റെ തരിശായ ഭൂമിവാങ്ങലുകളില്‍ അടക്കം ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നത്.
ഇതിനിടെ ജില്ലയില്‍ ആശിക്കും ഭൂമി ആദിവാസിക്ക് പദ്ധതി പ്രകാരം വാങ്ങിയ ഭൂമിയില്‍ വ്യാപകമായ തിരിമറി നടന്നെന്ന് എം.എല്‍.എ ഐ.സി ബാലകൃഷണന്റെ അന്വേഷണറിപ്പോര്‍ട്ടും പുറത്ത് വന്നു. റിപ്പോര്‍ട്ട് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന് നല്‍കിയിട്ടുണ്ട്.
ആദിവാസി ഭൂമി ഇടപാടില്‍ വ്യാപകതട്ടിപ്പ് നടന്നുവെന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കെ.പി.സി.സി അന്വേഷണകമ്മീഷനെ നിയോഗിച്ചത്. ആശിക്കും ഭൂമി ആദിവാസിക്ക് പദ്ധതി പ്രകാരം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആദിവാസികള്‍ക്ക് വാങ്ങി നല്‍കിയ ഭൂമികളെല്ലാംതന്നെ ഉപയോഗയോഗ്യമല്ല എന്നതാണ് ഐ.സി ബാലകൃഷ്ണന്‍ കെ.പി.സി.സിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ കാതല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."