സി.ഡബ്ല്യു.ആര്‍.ഡി.എം-പനോത്ത്താഴം റോഡ് പ്രവൃത്തി ദ്രുതഗതിയില്‍; ഒരു മാസത്തിനകം ഗതാഗതയോഗ്യമാകും
കോഴിക്കോട്: സി.ഡബ്ല്യു.ആര്‍.ഡി.എം-പനോത്ത്താഴം റോഡ് പ്രവൃത്തി ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. മുക്കം, കാരന്തൂര്‍ ഭാഗത്ത് നിന്നുവരുന്നവര്‍ക്ക് മെഡിക്കല്‍ കോളജ് വഴിയല്ലാതെ ബൈപ്പാസിലേക്കു പ്രവേശിക്കാനുള്ള എളുപ്പവഴിയാണിത്.
ബി.ഒ.ടി അടിസ്ഥാനത്തില്‍ നിര്‍മിക്കുന്ന റോഡിന്റെ പ്രവൃത്തി അടുത്തമാസത്തോടെ പൂര്‍ത്തിയാകുമെന്ന് പ്രൊജക്ട് മാനേജര്‍ പ്രമോദ് പറഞ്ഞു. ജനുവരിയില്‍ പ്രവൃത്തി ആരംഭിച്ച റോഡിന്റെ കരാര്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റിയാണ് ഏറ്റെടുത്തിരിക്കുന്നത്.
15 വര്‍ഷത്തെ പരിപാലന ചുമതലയും ഇവര്‍ക്കാണ്. പത്തുമീറ്റര്‍ വീതിയിലാണ് ടാറിങ് നടത്തുന്നത്. കുന്ദമംഗലം സി.ഡബ്ല്യു.ആര്‍.ഡി.എം മുതല്‍ ആറോളം റോഡുകള്‍ സ്പര്‍ശിച്ച് മെഡിക്കല്‍ കോളജിനു സമീപത്തെ പനോത്ത്താഴത്താണ് റോഡ് അവസാനിക്കുന്നത്.
ചെലവൂര്‍-മെഡിക്കല്‍ കോളജ് റോഡ് ഉള്‍പ്പെടെയുള്ള മറ്റു ചെറിയ റോഡുകളില്‍ നിന്നും ഈ റോഡിലേക്ക് പ്രവേശിക്കാം. മുക്കം, മാവൂര്‍ ഭാഗത്തു നിന്നുവരുന്നവര്‍ക്കും കാരന്തൂര്‍ മെഡിക്കല്‍ കോളജ് റോഡിലൂടെ വരുന്നവര്‍ക്കും ഇതുവഴി വേഗത്തില്‍ ബൈപ്പാസ് വഴി നഗരത്തിലെത്താന്‍ സാധിക്കും.
ദേശീയപാതയിലൂടെ മലാപ്പറമ്പ് ബൈപ്പാസ് ജങ്ഷനിലെത്താന്‍ വലിയ തിരക്കനുഭവപ്പെടുമ്പോള്‍ ഈ റോഡിലൂടെ നേരിട്ട് ബൈപ്പാസിലെത്താമെന്നത് യാത്രക്കാര്‍ക്ക് കൂടുതല്‍ ഗുണകരമാകും. നിലവില്‍ മെഡിക്കല്‍ കോളജ് റോഡില്‍ വലിയ വാഹനത്തിരക്കാണ് അനുഭവപ്പെടുന്നത്.
കോളജിലേക്കുള്ള റോഡ് തകര്‍ന്നത് കാരണം ബൈപ്പാസിലേക്ക് പ്രവേശിക്കാന്‍ യാത്രക്കാര്‍ മണിക്കൂറുകളോളമാണ് കാത്തുകിടക്കുന്നത്. കോളജിലേക്ക് രോഗികളുമായി വരുന്ന വാഹനങ്ങള്‍ വരെ റോഡ് തകര്‍ന്നത് കാരണം വളരെ പതുക്കെയാണ് പോകുന്നത്. ഈ റോഡ് ശരിയാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടും കാര്യമുണ്ടായിട്ടില്ല.
പുതിയ റോഡ് വരുന്നതോടെ മെഡിക്കല്‍ കോളജ് വഴിയുള്ള വഹനങ്ങളുടെ തിരക്ക് കുറയുമെന്ന പ്രതീക്ഷയിലാണ് ജനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."