ആനക്കയം കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ 20 ലക്ഷത്തിന്റെ പദ്ധതികള്‍ക്കു തുടക്കം
മഞ്ചേരി: ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ 20ലക്ഷത്തിന്റെ വിവിധ പദ്ധതികള്‍ക്ക് തുടക്കമായി. അഗ്രോടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ അഞ്ചിന പദ്ധതികളുടെ ആദ്യഘട്ടമാണ് കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ചത്. വിനോദ സഞ്ചാര വകുപ്പ് പദ്ധതികള്‍ക്കു വേണ്ടി 40ലക്ഷം രൂപ അനുവദിച്ചിരുന്നുവെങ്കിലും ആദ്യഘട്ടമെന്നോണമാണ് 20ലക്ഷത്തിന്റെ പ്രവൃത്തികള്‍ക്കു തുടക്കമായിരിക്കുന്നത്. മഴവെള്ള സംഭരണിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു വരികയാണ്. നാലുലക്ഷം മുതല്‍ മുടക്കി ഗുണമേന്മയുള്ള വിശാലമായപ്ലാസ്റ്റിക് ഷീറ്റ് കുളത്തിന്റെ തറയില്‍ വിരിച്ചാണ് പുതിയ മഴവെള്ള സംഭരണത്തിനു തുടക്കമായിരിക്കുന്നത്. നേരത്തെ കുളത്തിന്റെ തറയില്‍ ഷീറ്റ് വിരിച്ചു മഴവെള്ള ശേഖരത്തിനു പദ്ധതിയിട്ടിരുന്നുവെങ്കിലും ഷീറ്റിനു വ്യാപകമായ രീതിയില്‍ ദ്വാരങ്ങള്‍ വീണതോടെ ചോര്‍ച്ച സംഭവിക്കുകയും മഴവെള്ള സംഭരണം പരാജയപ്പെടുകയുമായിരുന്നു. സ്‌കൈലോങ് കമ്പനിയാണ് പുതിയ ഷീറ്റ് ഇതിനായി നിര്‍മിച്ചു നല്‍കിയത്. 50ലക്ഷം ലിറ്റര്‍ വെള്ളം ശേഖരിക്കാവുന്ന വിധത്തിലുള്ള കുളമാണിത്.
ഇതിനു പുറമെ ഗവേഷണ കേന്ദ്രത്തിലെ വിശ്രമഹാളിനു സമീപം വ്യൂപോയിന്റ് സ്ഥാപിക്കും. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായിട്ടുണ്ട്. ജില്ലയുടെ ഉയര്‍ന്ന പ്രദേശങ്ങളെ കാണാവുന്ന വിധത്തില്‍ നാലുമീറ്റര്‍ ഉയരത്തിലുളള ടവറായിരിക്കും ഇത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു ആസ്വാദകരമായ കാഴ്ച്ചയൊരുക്കുകയാണ് വ്യൂപോയിന്റ് കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഗവേഷണ കേന്ദ്രം അധികൃതര്‍ പറഞ്ഞു . കൂടാതെ ചില്‍ഡ്രണ്‍സ് പാര്‍ക്ക്, ജലസംഭരണിക്കു സമീപത്തു നിര്‍മിക്കാനിരിക്കുന്ന നടപ്പാതകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളും ഉടന്‍ ആരംഭിക്കും. പദ്ധതി പൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കുന്നതിനായി 90ലക്ഷം രൂപയാണ് വിനോദ സഞ്ചാര വകുപ്പ് നേരത്തെ വകയിരുത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."