ലോറി സ്റ്റാന്‍ഡിലേക്ക് കാര്‍ പാഞ്ഞുകയറി
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി പഞ്ചായത്തിന് സമീപം മിനി ലോറി സ്റ്റാന്‍ഡിലേക്ക് കാര്‍ പാഞ്ഞ് കയറി മൂന്നു പേര്‍ക്കു പരുക്ക്. മിനി ലോറി ഡ്രൈവര്‍ അരോളി സ്വദേശി സതീശന്‍ (53)നെ പരുക്കുകളോടെ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ യാത്രക്കാരായ രണ്ടു പേരെ പാപ്പിനിശ്ശേരി ഗവ. ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. വാഹനത്തിനു പുറത്ത് നില്‍ക്കുകയായിരുന്ന സതീശന്‍ ഇടിയുടെ ആഘാതത്തില്‍ തെറിച്ച് വീഴുകയായിരുന്നു. ഇന്നലെ രാവിലെ 9.45ഓടെ കണ്ണൂര്‍ ഭാഗത്ത് നിന്ന് തളിപ്പറമ്പ് ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ടത്. സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് മിനി ലോറികള്‍ക്ക് കാര്‍ ഇടിച്ചു കേടു പറ്റി.
വ്യാപാരിയെ തട്ടിക്കൊണ്ടുപോകാന്‍ നിര്‍ദേശിച്ചയാളെ തിരിച്ചറിഞ്ഞു
തലശ്ശേരി: തലശ്ശേരിയില്‍ പിടിയിലായ മംഗളൂരു കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘത്തെ ജുഡിഷ്യല്‍ ഒന്നാംക്ലാസ് കോടതി റിമാന്‍ഡ് ചെയ്തു. കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയായ ഉഡുപ്പി പടുവദ്രിയിലെ റസീന്‍ (29) ഉള്‍പ്പെടെയുള്ള ആറംഗ സംഘം ശനിയാഴ്ചയാണ് പൊലിസ് പിടിയിലായത്. പ്രതികള്‍ സഞ്ചരിച്ച കാറില്‍ നിന്നു രണ്ടു കൊടുവാളുകളും പിടിച്ചെടുത്തിരുന്നു. കാറും ആയുധങ്ങളും മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരാക്കി. റസീനു പുറമെ കണ്ണൂര്‍ കുടുക്കിമൊട്ടയിലെ കൊട്ടാഞ്ചേരി റയീസ് (25), കാസര്‍കോട് ഉപ്പള നയാബസാറിലെ ബിലാല്‍ (18), ഉഡുപ്പി പടുവദ്രിയിലെ മുഹമ്മദ് അസ്‌വാന്‍ (29), ഉഡുപ്പി ഷിര്‍വയിലെ അബ്ദുല്‍ സമദ് (24), ഇക്ബാല്‍ (27) എന്നിവരാണ് പിടിയിലായത്.
റിയല്‍ എസ്റ്റേറ്റ് വ്യാപാരി എസ്.എസ് റോഡിലെ വണ്ണത്താന്‍ങ്കണ്ടി സജീറിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് തലശ്ശേരി സ്വദേശിയും ഇപ്പോള്‍ ദുബൈയില്‍ ജോലി നോക്കുന്നയാളുമായ മുഹസിനാണെന്നു പ്രതികള്‍ പൊലിസിനു മൊഴിനല്‍കി. വിദേശത്തു നിന്ന് ഇന്റര്‍നെറ്റ് കോളിലൂടെയാണ് ഇവര്‍ കരാര്‍ ഉറപ്പിച്ചത്. പ്രതികളുടെ ഫോണ്‍ വിളി പരിശോധിച്ചപ്പോള്‍ ഇക്കാര്യം പൊലിസിനു ബോധ്യമായി. റിയല്‍ എസ്‌റ്റേറ്റ് ബിസിനസിലെ തര്‍ക്കമാണു തട്ടിക്കൊണ്ടുപോകാന്‍ നിര്‍ദേശം നല്‍കിയതെന്നു പൊലിസ് പറഞ്ഞു. ദുബൈയിലുള്ള പ്രതിക്കെതിരേ പൊലിസ് നേരത്തേ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇയാള്‍ വ്യാജ പാസ്‌പോര്‍ട്ടിലാണോ വിദേശത്ത് കടന്നതെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.
കെ.എസ്.ആര്‍.ടി.സി നവീകരണം ഉടന്‍: മന്ത്രി
കണ്ണൂര്‍: കെ.എസ്.ആര്‍.ടി.സിയുടെ നവീകരണ പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്നു മന്ത്രി എ.കെ ശശീന്ദ്രന്‍. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച നഗരഗതാഗതത്തില്‍ കണ്ണൂരിന്റെ ഭാവി എന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ ഡിസൈന്‍ ചെയ്തതാണു ലോഫ്‌ളോര്‍ ബസുകള്‍. ജനസാന്ദ്രത നോക്കിയാണു ലോഫ്‌ളോര്‍ ബസുകള്‍ സര്‍വിസ് നടത്തുന്നത്. കണ്ണൂര്‍, തലശ്ശേരി, തളിപ്പറമ്പ്, പയ്യന്നൂര്‍ ക്ലസ്റ്റര്‍ രൂപീകരിച്ച് ജില്ലയില്‍ കൂടുതല്‍ ലോഫ്‌ളോര്‍ ബസുകള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. ലോഫ്‌ളോര്‍ ബസുകള്‍ ഓടാന്‍ കേരളത്തിലെ ഒരു റൂട്ടും അനുയോജ്യമല്ല. കണ്ണൂരിന്റെ വികസനവുമായി ബന്ധപ്പെട്ട് ചേംബര്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനുമായി കൂടിയാലോചിച്ച് നടപടി സ്വീകരിക്കുമെും മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു.
പ്രസിഡന്റ് സി.വി ദീപക് അധ്യക്ഷനായി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ മുഖ്യാതിഥിയായി. ചേംബറിന്റെ നിര്‍ദേശം സി അനില്‍ കുമാര്‍ അവതരിപ്പിച്ചു. മാത്യു സാമുവല്‍, സച്ചിന്‍ സൂര്യകാന്ത്, എ.കെ റഫീഖ്, എം.ടി പ്രകാശന്‍, പി ഷാഹിന്‍, സി.എച്ച് അബൂബക്കര്‍ ഹാജി, കെ ത്രിവിക്രമന്‍, സി.കെ രാജ്കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."