വ്യാപാരിയെ തട്ടിക്കൊണ്ടുപോകാന്‍ നിര്‍ദേശിച്ചയാളെ തിരിച്ചറിഞ്ഞു
ക്വട്ടേഷന്‍ സംഘം റിമാന്‍ഡില്‍
തലശ്ശേരി: തലശ്ശേരിയില്‍ പിടിയിലായ മംഗളൂരു കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘത്തെ ജുഡിഷ്യല്‍ ഒന്നാംക്ലാസ് കോടതി റിമാന്‍ഡ് ചെയ്തു. കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയായ ഉഡുപ്പി പടുവദ്രിയിലെ റസീന്‍ (29) ഉള്‍പ്പെടെയുള്ള ആറംഗ സംഘം ശനിയാഴ്ചയാണ് പൊലിസ് പിടിയിലായത്. പ്രതികള്‍ സഞ്ചരിച്ച ടവേര കാറില്‍ നിന്നു രണ്ടു കൊടുവാളുകളും പിടിച്ചെടുത്തിരുന്നു. കാറും ആയുധങ്ങളും മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരാക്കി. റസീനു പുറമെ കണ്ണൂര്‍ കുടുക്കിമൊട്ടയിലെ കൊട്ടാഞ്ചേരി റയീസ് (25), കാസര്‍കോട് ഉപ്പള നയാബസാറിലെ ബിലാല്‍ (18), ഉഡുപ്പി പടുവദ്രിയിലെ മുഹമ്മദ് അസ്‌വാന്‍ (29), ഉഡുപ്പി ഷിര്‍വയിലെ അബ്ദുല്‍ സമദ് (24), ഇക്ബാല്‍ (27) എന്നിവരാണ് പിടിയിലായത്.
അതിനിടെ, റിയല്‍ എസ്റ്റേറ്റ് വ്യാപാരി എസ്.എസ് റോഡിലെ വണ്ണത്താന്‍ങ്കണ്ടി സജീറിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് തലശ്ശേരി സ്വദേശിയും ഇപ്പോള്‍ ദുബൈയില്‍ ജോലി നോക്കുന്നയാളുമായ മുഹസിനാണെന്നു പ്രതികള്‍ പൊലിസിനു മൊഴിനല്‍കി. വിദേശത്തു നിന്ന് ഇന്റര്‍നെറ്റ് കോളിലൂടെയാണ് ഇവര്‍ കരാര്‍ ഉറപ്പിച്ചത്. പ്രതികളുടെ ഫോണ്‍ വിളി പരിശോധിച്ചപ്പോള്‍ ഇക്കാര്യം പൊലിസിനു ബോധ്യമായി. റിയല്‍ എസ്‌റ്റേറ്റ് ബിസിനസിലെ തര്‍ക്കം കാരണമാണു തട്ടിക്കൊണ്ടുപോകാന്‍ നിര്‍ദേശം നല്‍കിയതെന്നു പൊലിസ് പറഞ്ഞു.
ദുബൈയിലുള്ള പ്രതിക്കെതിരേ പൊലിസ് നേരത്തേ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇയാള്‍ വ്യാജ പാസ്‌പോര്‍ട്ടിലാണോ വിദേശത്ത് കടന്നതെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. തട്ടിക്കൊണ്ടുപോകാന്‍ ലക്ഷ്യമിട്ടയാള്‍ തലശ്ശേരിയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനാണ്. തട്ടിക്കൊണ്ടുപോകുന്നതിനിടെ എതിര്‍പ്പോ മറ്റു തടസങ്ങളോ ഉണ്ടായാല്‍ കൊലപ്പെടുത്താനാണ് ക്വട്ടേഷന്‍ നല്‍കുമ്പോഴുള്ള കരാര്‍. കൊലപ്പെടുത്തുകയാണെങ്കില്‍ സംഘത്തിനു 50 ലക്ഷം രൂപയാണു വാഗ്ദാനം ചെയ്തിരുന്നത്. വിദേശത്തുള്ള മുഖ്യപ്രതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിന് ഇന്റര്‍പോളിന്റെ സഹായം തേടാനുള്ള നടപടി എസ്.പിയുടെ നേതൃത്വത്തില്‍ തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."