ജിസ്‌ന മാത്യു ഒളിംപിക്‌സ് പരിശീലന ക്യാംപിലേയ്ക്ക്
ന്യൂഡല്‍ഹി: 2020-2024 ഒളിംപിക്‌സില്‍ മെഡല്‍ ലക്ഷ്യമിടുന്ന ലോകോത്തര പരിശീലന ക്യാംപിലേക്ക് ജിസ്‌ന തിരഞ്ഞെടുക്കപ്പെട്ടു. നാലു വര്‍ഷത്തെ പരിശീലന ക്യാംപിലേക്ക് കേരളത്തില്‍ നിന്നു ജിസ്‌ന മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ഗെയില്‍ ഇന്ത്യന്‍ സ്പീഡ് സ്റ്റാര്‍ ദേശീയ ഫൈനല്‍സിന്റെ അണ്ടര്‍ 17 വിഭാഗത്തിലെ 100 മീറ്ററില്‍ വിജയിച്ചതാണ് ഉഷ സ്‌കൂളിലെ താരമായ ജിസ്‌ന മാത്യുവിനു യോഗ്യത നേടിക്കൊടുത്തത്. അഖിലേന്ത്യാ തലത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന പ്രാഥമിക മത്സരത്തില്‍ വിജയികളായ 75 കുട്ടികളാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന ദേശീയ ഫൈനലില്‍ മാറ്റുരച്ചത്.
അണ്ടര്‍ 14 വിഭാഗം 200 മീറ്ററില്‍ മഹാരാഷ്ട്രയുടെ തായി ബാഹ്മാനെ, ഒഡിഷയുടെ സുഖി ബാസ്‌കെ, ന്യൂഡല്‍ഹിയുടെ സിന്ധ്യ ഫ്രാന്‍സിസ്, ന്യൂഡല്‍ഹിയുടെ തന്നെ നെഹാല്‍ എസ്, 100 മീറ്ററില്‍ ഒഡിഷയുടെ സുഖി ബാസ്‌കെ, ന്യൂഡല്‍ഹിയുടെ നിസാര്‍ അഹമ്മദ്, മഹാരാഷ്ട്രയുടെ സനികാ നാതെ എന്നിവരും മികച്ച സമയം കണ്ടെത്തി ഒളിംപിക്‌സ് പരിശീലന കളരിയിലേക്ക് യോഗ്യത നേടി. അണ്ടര്‍ 17 വിഭാഗം 200 മീറ്ററില്‍ ന്യൂഡല്‍ഹിയുടെ അക്ഷയ് നയിന്‍, മഹാരാഷ്ട്രയുടെ മരിയ കറാച്ചിവാല എന്നിവരാണ് ജിസ്‌നാ മാത്യുവിനൊപ്പം മികച്ച സമയം കണ്ടെത്തിയവര്‍. രാജ്യത്തെ 10 സംസ്ഥാനങ്ങളിലെ 55 ജില്ലകളില്‍ നടന്ന പ്രാഥമിക ട്രയല്‍സില്‍ അരലക്ഷത്തോളം കുട്ടികളാണ് പങ്കെടുത്തത്.
അവരില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട 899 അത്‌ലറ്റുകളാണ് ഡല്‍ഹിയില്‍ മാറ്റുരച്ചത്. 11-17 പ്രായപരിധിയില്‍പ്പെട്ട കുട്ടികളായിരുന്നു മത്സരാര്‍ഥികള്‍. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (ഗെയില്‍) സംരംഭമായ പരിപാടി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."