പാടങ്ങളില്‍ വ്യാപകമായി ഓലകരിച്ചില്‍രോഗം
കോട്ടായി: കഴിഞ്ഞ സര്‍ക്കാര്‍ വിത്ത് വിതരണത്തില്‍ കാണിച്ച അഴിമതി ഒരു പാടശേഖരത്തിലെ കൃഷിയെയാകെ ഇല്ലാതാക്കുന്നു. ഗുണനിലവാരം കുറഞ്ഞ വിത്ത് വാങ്ങി കൃഷിയിറക്കിയതിനാല്‍ നെല്‍ച്ചെടികളില്‍ ഓലകരിച്ചില്‍ വ്യാപകമാകുകയാണ്.
ഇത് കര്‍ഷക കുടുംബത്തെ സാമ്പത്തിക പരാധീനതയിലാക്കുമെന്ന് എലവഞ്ചേരിയിലെ കര്‍ഷകന്‍ ഗോകുല്‍ദാസ് പറയുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ ഭരണകാലത്ത് വിത്ത് വിതരണമെന്ന പേരില്‍ ഗുണമേന്മയില്ലാത്ത നെല്ല് വാങ്ങുകയായിരുന്നു.
വിത്ത് വികസന അതോറിറ്റിയാണ് വിത്ത് സംഭരിച്ചത്. ഈ വിത്താണ് കൃഷിഭവനുകള്‍ മുഖേന വിതരണം ചെയ്തത്. ഓലകരിച്ചില്‍ രോഗം ബാധിച്ചതോടെ വിത്ത് ഗുണമില്ലാത്തതാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് കര്‍ഷകര്‍ പറഞ്ഞു. ഉമ, ജ്യോതി നെല്ലിനങ്ങളിലാണ് ഓലകരിച്ചില്‍ കാണുന്നത്.
ദിവസേന ഓലകരിച്ചില്‍ പടരുകയാണ്. വയ്പയെടുത്തും സ്വര്‍ണാഭരണം പണയം വെച്ചും ഇറക്കിയ നെല്‍കൃഷി നഷ്ടത്തിലാകുമെന്ന ഭയത്തിലാണ് ഗോകുല്‍ദാസ്. എലവഞ്ചേരി പഞ്ചായത്തിലെ തെന്മലയോരത്താണ് നെല്‍കൃഷിയില്‍ ഓലകരിച്ചില്‍ രോഗം വ്യാപിച്ചത്. കതിര്‍ വരുന്ന സമയത്തുണ്ടായ ഓലകരിച്ചില്‍ വിളവില്ലാതാക്കും.
മലയടിവാരം പാടശേഖരസമിതിയുടെ കീഴിലാണ് മംഗളം ഗോകുല്‍ദാസിന്റെ അഞ്ചേക്കര്‍ നെല്‍കൃഷി. കുടുംബ സ്വത്തായി കിട്ടിയ വയലാണിത്. ഇതുകൂടാതെ സുഹൃത്തുക്കളില്‍ ചിലരുമായി ചേര്‍ന്ന് 34 ഏക്കര്‍ പാട്ടത്തിനെടുത്തും കൃഷിയിറക്കിയിട്ടുണ്ട്. 39 ഏക്കര്‍ പാടത്താണ് ഓലകരിച്ചില്‍ രോഗം പടര്‍ന്നത്. ഗോകുല്‍ദാസിന്റെ അഞ്ചേക്കര്‍ പാടം മുഴുവന്‍ രോഗം പടര്‍ന്ന് കരിഞ്ഞുണങ്ങി.
ആദ്യം ചില ഭാഗങ്ങളില്‍ കാണപ്പെട്ട ഓലകരിച്ചില്‍ വയലാകെ പടരുകയായിരുന്നുവെന്ന് ഗോകുല്‍ദാസ് പറഞ്ഞു. കൃഷിയിറക്കാന്‍ ഏക്കറിന് 25,000രൂപ ചെലവ് വന്നിട്ടുണ്ട്. പാട്ടത്തിനെടുത്ത ഭൂമിയില്‍ പാട്ടത്തുകയായ 10,000രൂപ കൃഷിയുടമക്ക് നല്‍കണം. ഒരു സീസണില്‍ കൃഷിയിറക്കാനാണ് ഈ തുക. പാട്ടത്തുകയ്ക്കു പുറമെ ചെലവ് 25,000രൂപയും ചേര്‍ത്ത് 35,000രൂപയാണ് ഒരു ഏക്കറിന് ചെലവ് വരിക.
നല്ലവിളവ് കിട്ടിയാല്‍ മാത്രമേ ലാഭം കിട്ടൂ. ഓലകരിച്ചില്‍ കണ്ടതോടെ ആ പ്രതീക്ഷ പൊലിഞ്ഞു. വായ്പ തിരിച്ചടയ്ക്കാനും പണയം വെച്ച സ്വര്‍ണാഭരണങ്ങള്‍ തിരിച്ചെടുക്കാനും എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണെന്നും ഗോകുല്‍ദാസും സഹപ്രവര്‍ത്തകരും പറഞ്ഞു.
ഓലകരിച്ചില്‍ കണ്ടതും കൃഷിഭവനില്‍ വിവരം അറിയിച്ചു. കൃഷി ഉദ്യോഗസ്ഥര്‍ പാടത്തെത്തി പരിശോധിച്ചു. ഇവരുടെ നിര്‍ദേശപ്രകാരം ടെട്രാ സൈക്ലിന്‍ (കെസൈക്ലിന്‍) എന്ന കീടനാശിനി വെള്ളത്തില്‍ കലക്കി തളിച്ചുകൊടുത്തു. തുടര്‍ന്ന് നാലു ദിവസം കഴിഞ്ഞതും ചാണകം വെള്ളത്തില്‍ കലക്കിവച്ച് അതിന്റെ തെളിനീരെടുത്ത് തളിച്ചു. എന്നിട്ടും ഓലകരിച്ചില്‍ മാറിയില്ല.
അതേ സമയം കൂടുകയും ചെയ്തു. അവസാനത്തെ ആശ്രയമെന്ന നിലയില്‍ ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം സ്യൂഡോമിന്‍ എന്ന കീടനാശിനി തളിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."