ഗുണ്ടാ സംഘങ്ങളുടെ വിളയാട്ടം അനുവദിക്കില്ല: മന്ത്രി സി. രവീന്ദ്രനാഥ്
പറപ്പൂക്കര: ഗുണ്ടാ സംഘങ്ങളുടെ വിളയാട്ടം ഒരിക്കലും അനുവദിക്കാനാകില്ലെന്ന് പുതുക്കാട് മണ്ഡലം എം.എല്‍.എയും വിദ്യാഭ്യാസ മന്ത്രിയുമായ പ്രൊഫ. സി. രവീന്ദ്രനാഥ്. പറപ്പൂക്കരയില്‍ കഴിഞ്ഞ ബുധനാഴ്ച രാത്രി ഗുണ്ടകളുടെ ആക്രമണത്തിനു വിധേയമായ തേര്‍മഠത്തില്‍ കുമാരന്റെ മകന്‍ പ്രദീപിന്റെ വീട് സന്ദര്‍ശിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ആക്രമണത്തെ തുടര്‍ന്ന് പ്രദീപിന്റെ വീട്ടില്‍ ഉണ്ടായിരുന്ന ആറോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. കൂടാതെ ഇവിടുത്തെ വൈദ്യുതി ബന്ധവും അക്രമികള്‍ തല്ലി തകര്‍ത്തിരുന്നു. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാത്തതിനാല്‍ പ്രദീപും കുടുംബവും നന്ദിക്കരയില്‍ അച്ഛന്‍ കുമാരനോടൊപ്പമാണ് ഇപ്പോള്‍ താമസം. അവിടെയും മന്ത്രി സന്ദര്‍ശിച്ചു. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് മന്ത്രി എത്തിയത്. ചാലക്കുടി ഡി.വൈ.എസ്.പിയെ ബന്ധപ്പെട്ട് അക്രമികളെ ഉടനെ പിടികൂടണമെന്നും മന്ത്രി നിര്‍ദേശിച്ചു.
ഗുണ്ടകളുടെ ആക്രമണത്തെ തുടര്‍ന്ന് പ്രദീപിന്റെ ഭാര്യ ഓടിക്കയറിയ അയല്‍വാസി പറപ്പൂക്കര തോപ്പില്‍ മോഹനന്റെ വീടും രവീന്ദ്രനാഥ് സന്ദര്‍ശിച്ചു. കരസേനാ ഉദ്യോഗസ്ഥനായ സന്ദീപാണ് മോഹനന്റെ മകന്‍. ഈ വീട്ടിലും ഗുണ്ടകള്‍ ആക്രമണം നടത്തിയിരുന്നു. ഇവരുടെ വീട്ടില്‍ ഉണ്ടായിരുന്ന ഒരു ബൈക്കും അക്രമികള്‍ തകര്‍ത്തു.
പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് കാര്‍ത്തിക ജയന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ജെ ഡിക്‌സണ്‍, സി.പി.എം കൊടകര ഏരിയ സെക്രട്ടറി ടി.എ രാമകൃഷ്ണന്‍, പി.കെ.എസ് കൊടകര ഏരിയ സെക്രട്ടറി പി.കെ കൃഷ്ണന്‍കുട്ടി, സി.പി.എം നെല്ലായി ലോക്കല്‍ സെക്രട്ടറി ഇ.കെ അനൂപ് എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."