ഷെയ്ക്ക് ഖലീഫാ ബിന്‍ ഹമദ് അല്‍ത്താനി അന്തരിച്ചു
ദോഹ. രണ്ടു പതിററാണ്ടിലേറെക്കാലം ഖത്തര്‍ ഭരണാധികാരിയായിരുന്ന ഷെയ്ക്ക് ഖലീഫാ ബിന്‍ ഹമദ് അല്‍ത്താനി അന്തരിച്ചു.
84 വയസ്സായിരുന്നു. ഇന്നലെ വൈകീട്ടാണ് നിര്യാണമെന്നു അമീരി ദിവാന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
1972 മുതല്‍ 1995 വരെ രണ്ടു പതിറ്റാണ്ടിലേറെക്കാലം ഖത്തര്‍ ഭരണാധികാരയായിരുന്നു. അദ്ദേഹത്തിന്റെ ആത്മാവിനു കാരുണ്യം ചൊരിയട്ടെയെന്നും സ്വര്‍ഗത്തില്‍ ഇരിപ്പിടം നല്‍കട്ടെയെന്നും അമീരി ദിവാന്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു.
അമീര്‍ ഷെയ്ക്ക് തമീം ബിന്‍ ഹമദ് അല്‍ത്താനി യുടെ പിതാമഹനും പിതൃഅമീര്‍ ഷെയ്ക്ക് ഹമദ ്ബിന്‍ ഖലീഫാ അല്‍താനിയുടെ പിതാവുമാണ്. ഷെയ്ക്ക് ഖലീഫാ ബിന്‍ ഹമദ് അല്‍ത്താനിയുടെ നിര്യാണത്തില്‍ അനുശോചിച്ചു രാജ്യത്തു മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.
ഷെയ്ക്ക് ഹമദ് ബിന്‍ അബ്ദുല്ലാ അല്‍ത്താനിയുടെയും ആയിഷാ ബിന്‍ ഖലീഫാ അല്‍ സുവൈദിയുടെയും മകനും ഷെയ്ക്ക് അബ്ദുല്ലാ ബിന്‍ ജാസ്സിം അല്‍ത്താനിയുടെ പൗത്രനുമായി 1932ല്‍ റയ്യാനിലാണ് ജനിച്ചത്.
1957ല്‍ വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ അദ്ദേഹം പിന്നീട് കിരീടാവകാശിയായി നിയമിതനായി. 1960ല്‍ പ്രധാനമന്ത്രിയുടെയും ധനകാര്യ മന്ത്രിയുടെയും പദവികള്‍ വഹിച്ചിട്ടുണ്ട്.
1972 ഫിബ്രുവരി 22 നാണ് അമീറായി സ്ഥാനാരോഹണം നടത്തിയത്. 1971 ല്‍ ബ്രിട്ടനില്‍ നിന്നു സ്വതന്ത്ര്യം നേടി അഞ്ചു മാസത്തിനു ശേഷമാണ് ഷെയ്ക്ക് ഖലീഫാ ബിന്‍ ഹമദ് ്അല്‍ത്താനി അധികാരമേറ്റത്.
ആധുനിക ഖത്തറിന്റെ ശില്‍പ്പിയായി ഷെയ്ക്ക് ഖലീഫയെ വിശേഷിപ്പിക്കുന്നുണ്ട്. എണ്ണയുല്‍പ്പാദന രംഗത്ത് രാജ്യം വലിയ പുരോഗതി കൈവരിച്ചത് അദ്ദേഹത്തിന്റെ ഭരണകാലത്തായിരുന്നു.
എണ്ണയുല്‍പ്പാദനവുമായി ബന്ധപ്പെട്ടു നിരവധി വിദേശ കമ്പനികളുമായി കരാറുകളുണ്ടാക്കിയതും അദ്ദേഹത്തിന്റെ കാലത്തായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."