ഐ.പി.എല്‍: കോഹ്‌ലി-ഡിവില്ല്യേഴ്‌സ് വക കൊട്ടിക്കലാശം
ബംഗളൂരു: ഗുജറാത്തിന്റെ സിംഹവീര്യത്തിനു വിരാട് കോഹ്‌ലിയുടേയും എ.ബി ഡിവില്ല്യേഴ്‌സിന്റേയും വക കൊട്ടിക്കലാശം. ഗുജറാത്ത് ലയണ്‍സിനെ 144 റണ്‍സിനു കീഴടക്കി ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമെന്ന റെക്കോര്‍ഡോടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗളൂര്‍ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി. ആദ്യം ബാറ്റു ചെയ്ത ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‌ലിയുടേയും എ.ബി ഡിവില്ല്യേഴ്‌സിന്റേയും ഉജ്വല സെഞ്ച്വറികളുടെ പിന്‍ബലത്തില്‍ 248 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍ ഗുജറാത്ത് ലയണ്‍സിന്റെ ചെറുത്തു നില്‍പ്പ് 18.4 ഓവറില്‍ 104 റണ്‍സില്‍ അവസാനിച്ചു.
ടോസ് നേടി ബൗളിങ് തിരഞ്ഞെടുക്കാനുള്ള ഗൂജറാത്ത് നായകന്‍ ബ്രണ്ടന്‍ മെക്കല്ലത്തിന്റെ തീരുമാനം തുടക്കത്തില്‍ വിജയം കണ്ടു. എന്നാല്‍ അതിനു അല്‍പ്പായുസ്സായിരുന്നു. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ ജയം അനിവാര്യമാണെന്ന തിരിച്ചറിവിലാണ് ബാംഗ്ലൂര്‍ ബാറ്റിംഗ് ആരംഭിച്ചത്.
മൂന്നാമനായി ഡിവില്ല്യേഴ്‌സ് ക്രീസിലെത്തിയതോടെ കഥ മാറി. വമ്പനടിക്കാരനായ വിന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍(13 പന്തില്‍ 6) മടങ്ങിയതോടെ ക്രീസില്‍ ഒത്തുചേര്‍ന്ന കോഹ്‌ലിയും ഡിവില്ല്യേഴ്‌സുമാണ് ബാംഗ്ലൂരിനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്.
രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നു 229 റണ്‍സിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ടു പടുത്തുയര്‍ത്തി. 52 പന്തില്‍ പത്തു ഫോറും 12 സിക്‌സും പറത്തി ഡിവില്ല്യേഴ്‌സ് 129 റണ്‍സ് അടിച്ചെടുത്തപ്പോള്‍ കോഹ്‌ലി 55 പന്തില്‍ എട്ടു സിക്‌സും അഞ്ചു ഫോറും പറത്തി 109 റണ്‍സെടുത്തു.
സീസണിലെ മൂന്നാം സെഞ്ച്വറിയാണ് കോഹ്‌ലി നേടിയത്. 43 പന്തിലാണ് ഡിവില്ല്യേഴ്‌സ് ശതകം പിന്നിട്ടത്. പന്തെടുത്ത ഗുജറാത്തിന്റെ എല്ലാ ബൗളര്‍മാര്‍ക്കും കണക്കിനു തല്ല് കിട്ടി. ആദ്യ പത്തോവറില്‍ 76 റണ്‍സ് നേടിയ ബാംഗ്ലൂര്‍ രണ്ടാമത്തെ പത്തോവറില്‍ അടിച്ചെടുത്തത് 172 റണ്‍സ്.
കൂറ്റന്‍ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്തിനെ ബാംഗ്ലൂര്‍ ബൗളര്‍മാര്‍ കുഴിയില്‍ ചാടിച്ചു. മൂന്നു പേര്‍ മാത്രമാണ് ഗുജറാത്ത് നിരയില്‍ രണ്ടക്കം കടന്നത് 38 പന്തില്‍ 37 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചാണ് ലയണ്‍സിന്റെ ടോപ് സ്‌കോറര്‍. ബാംഗ്ലൂരിനു വേണ്ടി ക്രിസ് ജോര്‍ദാന്‍ നാലു വിക്കറ്റും ചാഹല്‍ മൂന്നു വിക്കറ്റും വീഴ്ത്തി.
വിക്കറ്റ് കീപ്പര്‍ കെ.എല്‍ രാഹുലും ഡിവില്ല്യേഴ്‌സുമൊഴികെ ബാക്കി ഒന്‍പത് ബാംഗ്ലൂര്‍ താരങ്ങളും പന്തെറിഞ്ഞു. അവസാന രണ്ടു വിക്കറ്റുകള്‍ നാലു പന്തുകള്‍ മാത്രമെറിഞ്ഞ മലയാളി താരം സച്ചിന്‍ ബേബി സ്വന്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."