ദുരിതത്തിലായ 105 ഇന്ത്യന്‍ തൊഴിലാളികള്‍ സഊദിയില്‍ നിന്ന് മടങ്ങുന്നു
ജിദ്ദ: മാസങ്ങളായി ശമ്പളമില്ലാതെ ദുരിതത്തിലായ ഇന്ത്യന്‍ തൊഴിലാളികള്‍ ഇന്ത്യ-സഊദി സര്‍ക്കാറുകളുടെ ഇടപെടലിലൂടെ നാട്ടിലേക്ക് മടങ്ങുന്നു. ദമ്മാമിലെ സഅദ് ഗ്രൂപ്പിലെ 105 പേര്‍ക്ക് ഇതിനകം നാട്ടിലേക്ക് മടങ്ങാനുള്ള രേഖകള്‍ ശരിയായി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയതോടെ ശമ്പളവും ഭക്ഷണവും ഇല്ലാതെ ദുരിതത്തിലായ തൊഴിലാളികള്‍ സന്നദ്ധ സംഘടനകളുടെ സഹായത്തിലാണ് മാസങ്ങളായി ജീവിക്കുന്നത്.
2015 നവംബര്‍ മുതല്‍ ദുരിതത്തിലായ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയിരുന്നു. കമ്പനിയുടെ നിഷേധാത്മക നിലപാടുമൂലം പരിഹാരം വൈകുകയായിരുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വികെ സിങ് കഴിഞ്ഞ ദിവസം റിയാദിലെത്തി തൊഴില്‍ സഹമന്ത്രി അഹ്മദ് അല്‍ഹുമൈദാനുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് മടക്ക യാത്രക്കുള്ള നടപടികള്‍ പുരോഗമിക്കുന്നത്. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന തൊഴിലാളികള്‍ക്ക് എക്‌സിറ്റും സൗജന്യ ടിക്കറ്റും നല്‍കാന്‍ സഊദി തൊഴില്‍ വകുപ്പ് തയാറാവുകയായിരുന്നു.
1100 ഓളം തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങാന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്. 115 പേര്‍ക്ക് ഇതിനകം എക്‌സിറ്റ് നടപടികള്‍ ശരിയായിട്ടുണ്ട്. ഇവര്‍ക്ക് വൈകാതെ നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റ് ലഭിക്കും. ദമ്മാം തൊഴില്‍ വകുപ്പ് അധികൃതരും പാസ്‌പോര്‍ട്ട് വിഭാഗവും ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്. നാലു പേര്‍ കഴിഞ്ഞ ദവിസം പുലര്‍ച്ചെ മടങ്ങിയിരുന്നു. ബാക്കിയുള്ളവരും വൈകാതെ മടങ്ങുമെന്ന് ഇന്ത്യന്‍ എംബസി വെല്‍ഫെയര്‍ വിഭാഗം ഫസ്റ്റ് സെക്രട്ടറി അനില്‍ നൊട്ടിയാല്‍ അറിയിച്ചു.
ആനുകൂല്യങ്ങള്‍ നേടിയെടുക്കുവാന്‍ തെഴില്‍ വകുപ്പ് തൊഴിലാളികളില്‍ നിന്ന് വക്കാലത്ത് നേടിയിട്ടുണ്ട്. തൊഴിലാളികള്‍ക്ക് വേണ്ടി തൊഴില്‍ വകുപ്പ് സഥാപനത്തിനെതിരെ കേസ് തുടരും. ആനുകൂല്യങ്ങള്‍ എംബസി വഴി നാട്ടിലേക്ക് എത്തിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."