പുതിയ സ്‌പോണ്‍സര്‍ഷിപ്പ് നിയമം ഡിസംബര്‍13ന് പ്രാബല്യത്തില്‍
ദോഹ: വിദേശികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ സ്‌പോണ്‍സര്‍ഷിപ്പ് നിയമം ഡിസംബര്‍ 13ന് പ്രാബല്യത്തില്‍ വരും.
ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച് ഒരു വര്‍ഷം തികയുന്ന ദിവസമാണ് നിയമം പ്രാബല്യത്തില്‍ വരിക.
2015 ഡിസംബര്‍ 13നാണ് നിമയത്തിന് അമീര്‍ അംഗീകാരം നല്‍കി ഗസറ്റില്‍ പ്രസിദ്ധീകരിച്ചത്.
രാജ്യത്തെ പ്രവാസികളുടെ തൊഴില്‍ ,താമസം തുടങ്ങിയ പുതിയ നിയമത്തെ സംബന്ധിച്ച് രണ്ട് മാസത്തെ ബോധവത്കരണ ക്യാംപയില്‍ ഈ മാസാദ്യം ഭരണവികസന, തൊഴില്‍, സാമൂഹികകാര്യ മന്ത്രാലയം ആരംഭിച്ചിരുന്നു.
കരാര്‍ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ജോലി മതിയാക്കി രാജ്യം വിടുന്ന പ്രവാസി തൊഴിലാളിക്ക് പ്രസ്തുത കരാറിന്റെ കാലാവധി കഴിയുന്നത് വരെ രാജ്യത്തേക്ക് തിരികെവരാന്‍ സാധിക്കില്ല.
സ്‌പോണ്‍സര്‍ഷിപ്പ് (കഫാല) സംവിധാനത്തില്‍ നിന്ന് മാറി കരാര്‍ അടിസ്ഥാനമാക്കിയാണ് പ്രവാസികളുടെ തൊഴിലും താമസവും എന്നതിനാല്‍ പുതിയ നിയമം വലിയ മാറ്റങ്ങള്‍ക്കു വഴിവയ്ക്കും.
എക്‌സിറ്റ് പെര്‍മിറ്റ് (ഖുറൂജ്) സംവിധാനവും ഒഴിവാക്കിയിട്ടുണ്ട്. പുതിയ തൊഴില്‍ കരാര്‍ ലഭിച്ചാല്‍ രാജ്യത്ത് നിന്ന് പോയി അടുത്തദിവസം തന്നെ തിരികെ വരാനാവുമെന്ന് ഖത്തര്‍ അഭിഭാഷക സംഘടന വൈസ് ചെയര്‍മന്‍ ജസ്‌നാന്‍ അല്‍ ശമ്മാരിയെ ഉദ്ധരിച്ച് ദ പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു.
മനുഷ്യാവകാശവും പ്രവാസി തൊഴിലാളികളുടെ അവകാശവും സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് നിയമം. ലേബര്‍ കോടതികള്‍ ഉണ്ടെങ്കിലും തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക കമ്മിറ്റിക്ക് രൂപം നല്‍കണമെന്ന് നിയമം അനുശാസിക്കുന്നു.
പുതിയ നിയമത്തിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും തൊഴിലുടമയെയും തൊഴിലാളിയെയും ഒരുപോലെ സംരക്ഷിക്കുന്നതാണ് നിയമമെന്നും അദ്ദേഹം പറഞ്ഞു. കരാറിന്റെയും അതിലെ വ്യവസ്ഥകളുടെയും നിയമങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും തൊഴിലാളി തൊഴിലുടമ ബന്ധം നിര്‍വചിക്കപ്പെടുക.
കരാറില്‍ വ്യക്തമാക്കിയെങ്കില്‍ മാത്രമെ രണ്ടാലൊരു കക്ഷിക്ക് കാലാവധിക്ക് മുമ്പ് കരാര്‍ റദ്ദാക്കാന്‍ സാധിക്കുകയുള്ളൂവെന്ന് അല്‍ ശമ്മാരി പറഞ്ഞു.
പുതിയ നിയമം പ്രാബല്യത്തിലായാല്‍ കമ്പനികള്‍ ജീവനക്കാര്‍ക്ക് വേണ്ടി പുതിയ കരാറുകള്‍ തയ്യാറാക്കേണ്ടതില്ലെന്ന് മറ്റൊരു നിയമ വിദഗ്ധനായ അബ്ദലേല്‍ ഖലീല്‍ പറഞ്ഞു.
ജീവനക്കാരന്‍ ജോലിയില്‍ തുടരാന്‍ സമ്മതിക്കുന്നിടത്തോളം നിലവിലെ കരാറിന് സാധുതയുണ്ടാകും. അതേസമയം, ജീവനക്കാരന്‍ കമ്പനിയില്‍ എത്രകാലമായി ജോലി ചെയ്യുന്നുവെന്നത് പരിഗണിക്കാതെ പുതിയ നിയമം വന്നതിന് ശേഷമുള്ള തീയതി മുതലാണ് എല്ലാ തരം കരാറുകളുടെയും സാധുത തുടങ്ങുക.
എന്നാല്‍, മുന്‍കാല വര്‍ഷങ്ങളിലെ പ്രവൃത്തി പരിചയം പരിഗണിക്കില്ല എന്ന് ഇതിന് അര്‍ഥമില്ല. തൊഴില്‍ കരാറിന്റെ പരമാവധി കാലാവധി അഞ്ച് വര്‍ഷമായിരിക്കും. ഓപണ്‍ കരാറില്‍ ഒപ്പുവച്ചവര്‍ കുറഞ്ഞത് അഞ്ച് വര്‍ഷം കമ്പനിയില്‍ തുടര്‍ന്നാലേ തൊഴില്‍ മാറാന്‍ സാധിക്കുകയുള്ളൂ.
വീട്ടുജോലിക്കാര്‍ അടക്കമുള്ള എല്ലാ വിദേശ തൊഴിലാളികളെയും പുതിയ നിയമത്തിന്റെ ഭാഗമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതുതായി രാജ്യത്തെത്തുന്ന പ്രവാസികള്‍ ദോഹയിലേക്ക് വരുന്നതിന് മുമ്പ് തൊഴില്‍ കരാറില്‍ ഏര്‍പ്പെടേണ്ടതില്ല. തൊഴിലാളിയെ റിക്രൂട്ട് ചെയ്യാന്‍ തൊഴിലുടമ സമ്മതിക്കുകയും തൊഴിലുള്ള എന്‍ട്രി വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്താല്‍ രാജ്യത്ത് എത്തിയതിന് ശേഷം തൊഴിലാളി കരാറില്‍ ഒപ്പുവച്ചാല്‍ മതി.
പ്രസ്തുത കരാറില്‍ ഒപ്പുവയ്ക്കാന്‍ തൊഴിലാളി വിസമ്മതിച്ചാല്‍ അയാളെ സ്വന്തം രാജ്യത്തേക്ക് പറഞ്ഞുവിടും.
സോഷ്യല്‍ മീഡിയയില്‍ പുതിയ നിയമത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ ചില വ്യവസ്ഥകളില്‍ പൗരന്മാര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധം മെച്ചപ്പെടാന്‍ പുതിയ നിയമം വഴിവെക്കുമെന്നാണ് അധികപേരും പ്രതികരിച്ചത്. തൊഴില്‍ കരാര്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തതകള്‍ തൊഴില്‍ മന്ത്രാലയം വരുത്തണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."