വണ്ടിപ്പേട്ട തിരിച്ചുപിടിക്കാന്‍ നഗരസഭ
കുന്നംകുളം: യേശുദാസ് റോഡില്‍ കോടികള്‍ വിലമതിക്കുന്ന വണ്ടിപേട്ട ഒടുവില്‍ നഗരസഭ തിരിച്ചുപിടിക്കാന്‍ ആലോചിക്കുന്നു. വിഷയം ചൊവ്വാഴ്ച ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചചെയ്യും. കേരള പിറവിക്ക് മുന്‍പ് നഗരസഭ രൂപീകരണ കാലത്ത് തന്നെ കാളവണ്ടിക്കാര്‍ക്കുള്ള വിശ്രമ സ്ഥലമായിരുന്നു ഇത്. ദൂരസ്ഥലങ്ങളില്‍ നിന്നും ചരക്കുകളുമായി നഗരത്തിലെത്തുന്ന വണ്ടിക്കാര്‍ ഇവിടെ തങ്ങി വിശ്രമിച്ച് അടുത്ത ദിവസം ചരക്കുമായി തിരിച്ചു പോകുമായിരുന്നു.
യാത്രക്കാരും കച്ചവടക്കാരും ചെറു ചന്തകളുമൊക്കെയായി നഗരത്തിലെ പ്രധാന കച്ചവടകേന്ദ്രവുമായിരുന്നു ഇവിടം. പുതിയ കാലത്ത് കാളവണ്ടികള്‍ അന്യമായതോടെയാണ് വണ്ടിപേട്ടയും നഷ്ടമായത്. നഗരസഭയുടെ സ്വത്ത് 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതരസംസ്ഥാന തൊഴിലാളികളും യാചകരും കൈയേറി. 2004 ല്‍ ഇവിടെ കാര്‍ഷിക വിപണന കേന്ദ്രം ആരംഭിക്കാന്‍ നഗരസഭ പദ്ധതി തയാറാക്കുകയും ആറ് ലക്ഷം രൂപ വകയിരുത്തുകയും ചെയ്തു. പ്രവൃര്‍ത്തി ആരംഭിക്കാന്‍ ഒരു ഗുണഭോക്തൃ സമിതിയെ ചുമതലപെടുത്തുകയും ചെയ്തിരുന്നതാണ്. എന്നാല്‍ പിന്നീടിത് കടലാസില്‍ ഒതുങ്ങി.
നഗരാതിര്‍ത്തിയിലെ പ്ലാസ്റ്റിക്ക് കവറുകളും മാലിന്യങ്ങളും ഗ്രീന്‍കേരള കൊണ്ടു പോകാന്‍ തീരുമാനിച്ചതോടെ 2014 ല്‍ ഇവിടെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ സൂക്ഷിക്കാന്‍ തീരുമാനിച്ചെങ്കിലും ഗ്രീന്‍കേരള ഇതില്‍ നിന്നും പിന്‍മാറിയതോടെ അതും നടന്നില്ല.
നഗരസഭക്ക് വന്‍തോതില്‍ വരുമാനമുണ്ടാക്കാന്‍ പ്രാപ്തമായ ഇടമാണെന്നും ഇതുമായി ബന്ധപെട്ട് പല പദ്ധതികളും മുന്‍പ് ആവിഷ്‌കരിച്ചിരുന്നതായും മുന്‍ നഗരസഭ ചെയര്‍മാനായിരുന്ന സി.വി ബേബി പറഞ്ഞു. നഗരത്തില്‍ കോടികള്‍ വിലമതിക്കുന്ന ഭൂമി യാചകരും മറ്റും കൈയേറ്റം നടത്തിയത് സംബന്ധിച്ച് നിരവധി പരാതികളാണ് നഗരസഭയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ കുടിയേറ്റക്കാരെ ഒഴിപ്പിച്ച് സ്ഥലം മതില്‍ കെട്ടി സംരക്ഷിക്കാന്‍ നഗരസഭ തീരുമാനിച്ചിരിക്കുന്നത്. കൈയേറ്റക്കാരെ ഒഴിപ്പിക്കാന്‍ പൊലിസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."