ഓര്‍മകളുറങ്ങുന്ന മാളക്കടവ് മങ്ങിമായുന്നു
മാള: നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കാതെ കാലപ്രവാഹത്തില്‍ ഓര്‍മകളുറങ്ങുന്ന മാള ക്കടവ് മങ്ങിമായുന്നു. കടവിലെ കോണ്‍ക്രീറ്റ് ഇട്ടകല്‍പ്പടവുകള്‍ ഇളകി നശിച്ചുകൊണ്ടിരിക്കുകയാണ്. കടവോരത്തുള്ള യഹൂദ സിനഗോഗ്, ജൂത ശ്മശാനം എന്നിവ സന്ദര്‍ശിക്കാനെത്തുന്നവര്‍ പുരാതനമായ ഈ കടവും സന്ദര്‍ശിക്കാറുണ്ട്.
മാളയിലേയും പരിസരങ്ങളിലേയും പല പൈതൃക സ്മാരകങ്ങളും നിര്‍മിക്കുന്നതിനുള്ള ഉരുപ്പടികള്‍ ഈ കടവ് വഴിയാണ് മാളയിലെത്തിയത്. ഗൗഡസാരസ്വ ബ്രാഹ്മണ സമൂഹത്തിന്റെ ക്ഷേത്രം, തോമാസ്ലീഹയുടെ പാദസ്പര്‍ശനമേറ്റ അമ്പഴക്കാട്, മാള ചര്‍ച്ചുകള്‍, ഇന്ത്യയിലെ രണ്ടാമത്തെ ജുമാമസ്ജിദായ മാള പള്ളി, മേയ്ക്കാട് മന എന്നിങ്ങനെ നിരവധി ആരാധനാലയങ്ങളുടെ നിര്‍മാണത്തിനുപയോഗിച്ച സാമഗ്രികള്‍ മാളക്കടവുവഴിയാണ് എത്തിയത്. വിനോദ സഞ്ചാര വകുപ്പിന് നല്‍കി മാളയിലെ ഈ കടവ് നവീകരിക്കണമെന്ന പരിസ്ഥിതി പ്രവര്‍ത്തകരുടെ ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല. കാനോലി കനാല്‍ വഴി ചേറ്റുവ, പൊന്നാനി, കായംകുളം എന്നിവിടങ്ങളിലേക്ക് മാളക്കടവ് വഴി മുന്‍പ് ബോട്ട് സര്‍വിസ് നിലവിലുണ്ടായിരുന്നു. നിലച്ചുപോയ ജലഗതാഗതം പുനഃസ്ഥാപിക്കുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അത് ജലരേഖയായിമാറുകയാണുണ്ടായത്. ജല ഗതാഗതം നടന്നിരുന്ന മാളചാലില്‍ വര്‍ധിച്ചതോതില്‍ അഴുക്ക് അടിഞ്ഞുകൂടിയിട്ടുണ്ട്. ഇവ നീക്കി ചാല്‍ ശുചീകരിക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല. നെയ്തകുടി, പുത്തന്‍ചിറ, പൊയ്യ, കൃഷ്ണന്‍ കോട്ട, കോട്ടപ്പുറം എന്നീ പ്രദേശങ്ങള്‍ വഴിയാണ് മാളചാല്‍ പുഴയുമായി ബന്ധപെടുന്നത്. തടി വ്യവസായത്തിന് മരത്തടികള്‍ മാളക്കടവില്‍ നിക്ഷേപിച്ചിരുന്നു. നിരവധി കെട്ടുവള്ളങ്ങള്‍ ചാലില്‍ തങ്ങിയിരുന്നു.
മുസരിസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചാലും കടവും നവീകരിക്കുമെന്ന സ്വപ്നം പൂവണിയാതെ പോവുകയാണുണ്ടായത്. പകരം മാലിന്യം കൊണ്ട് വന്ന് തള്ളുന്ന കടവായിമാറുകയാണ്. മാലിന്യം നിറഞ്ഞ്ചാലിലെ ഒഴുക്കും നിലച്ചുതുടങ്ങിയിട്ടുണ്ട്. ബോട്ടുകള്‍ സഞ്ചരിച്ചിരുന്ന ചാലില്‍ വള്ളങ്ങള്‍ പോലും ഇറക്കാന്‍ കഴിയുന്നില്ലന്ന് നിവാസികള്‍ പറയുന്നു. മാളയിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തിക്കുന്നത് കടവിന് സമീപമാണ്. ഇവിടെ കുമിഞ്ഞുകൂടുന്ന മാലിന്യത്തില്‍ നിന്നും ഏറെ ഭാഗം ചാലിലാണ് പതിക്കുന്നത്. ഈ കേന്ദ്രം ഇവിടെ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധി സമരങ്ങള്‍ നടത്തിയിരുന്നു. എന്നിട്ടും മാലിന്യ സംസ്‌ക്കരണ പ്ലാന്റ് മാറ്റി സ്ഥാപിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."