അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി സീബ്രാലൈന്‍ സേഫ്റ്റി സിസ്റ്റം
മാള: റോഡിലെ സീബ്രാലൈനിലൂടെയുള്ള യാത്ര സുരക്ഷിതമാക്കുക, റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്ന സമയത്തുണ്ടാകുന്ന മര്‍ദ്ധത്തിലൂടെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുക, വൈഫൈക്ക് പകരം ലൈ ഫൈ തുടങ്ങിയ നിരവധി പ്രൊജക്റ്റുകളുമായാണ് ഹോളിഗ്രേസ് അക്കാദമിയില്‍ നടന്ന ടെക്‌ഫെസ്റ്റില്‍ കുട്ടികള്‍ പങ്കെടുത്തത്.
തിരുവനന്തപുരത്ത് സീബ്രാലൈനിലൂടെ കടന്നു പോയ റിട്ട. അധ്യാപികയെ ചീറിപ്പാഞ്ഞുവന്ന ബസ് ഇടിച്ചു തെറിപ്പിച്ച വാര്‍ത്ത അറിഞ്ഞ എറണാകുളം ജില്ലയിലെ പെരുമാനൂര്‍ സെന്റ് തോമസ് ഗേള്‍സ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളായ ആന്‍സി റോസ്, എ.കെ കൃപ, എം.ദേവിപ്രിയ, മേരി അലീന എന്നീ കുട്ടികളാണ് സീബ്രാലൈന്‍ സേഫ്റ്റി സിസ്റ്റമുണ്ടാക്കിയത്. ഈ സിസ്റ്റം സ്ഥാപിച്ച സീബ്രാലൈന്‍ ആരെങ്കിലും കാലെടുത്ത് വച്ചാല്‍ ഉടനെ തന്നെ റെഡ് ലൈറ്റ് തെളിയുകയും സീബ്രാലൈനിലെ പ്രത്യേകമായി സ്ഥാപിച്ച ഫെന്‍സിങ് ഉയരുകയും ചെയ്യും. സിഗ്നല്‍ വകവെക്കാതെ ഏതെങ്കിലും വാഹനം വന്നാലും ഫെന്‍സിംഗിലെത്തുന്നതോടെ അവിടെ തടയപ്പെടും. ടെക്‌നോളജിക്കല്‍ ഹാന്‍സ് ഫോര്‍ എ സേഫ്‌ക്രോസ് എന്ന ഈ സംവിധാനം സ്ഥാപിക്കുന്നതോടെ സീബ്രാലൈനിലൂണ്ടാകാവുന്ന അപകടം തീര്‍ത്തും ഒഴിവാകും. നന്തിക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വി.എസ് ഹരികൃഷ്ണനും, പി.എന്‍ സായ്കൃഷ്ണനും ഒരുക്കിയത് വൈഫൈക്ക് പകരമായുള്ള ലൈഫൈയാണ്. അമിതമായ റേഡിയേഷനുണ്ടാക്കുന്ന വൈഫൈ അപകടകരമാണെന്നാണിവര്‍ പറയുന്നത്. ഇതിന് പകരമായി തീര്‍ത്തും അപകട രഹിതമായ ലൈഫൈ ചെലവ് കുറച്ചു ചെയ്യാം. വൈഫൈ പോലെ പരിമിതികളില്ലാത്തതാണിത്. എല്‍.ഇ.ഡിയുടെ വെളിച്ചം എത്തുന്നിടത്തെല്ലാം നല്ല ശക്തിയായി തന്നെ നെറ്റ് കിട്ടുമെന്നിവര്‍ പറയുന്നു. സെക്കന്റില്‍ ഒരു ജി.ബി സ്പീഡിലുള്ള നെറ്റാണിതിലൂടെ ലഭിക്കുക. റോഡിലൂടെ വാഹനങ്ങള്‍ കടന്നു പോകുന്ന സമയത്ത് റോഡില്‍ സ്ഥാപിച്ചിട്ടുള്ള പീസോയിലൂടെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാവുന്ന സംവിധാനം, മൈക്രോബുകളെ തിരിച്ചറിയുകയും അവയുണ്ടാക്കുന്ന രോഗങ്ങളെക്കുറിച്ച് അറിയാനാകുകയും ചെയ്യുന്ന സംവിധാനം തുടങ്ങി നിരവധി പ്രൊജക്റ്റുകളാണ് പല വിദ്യാലയങ്ങളില്‍ നിന്നും വന്ന കുട്ടികള്‍ ഒരുക്കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."