ഭക്ഷ്യസുരക്ഷാ നിയമത്തിലെ മുന്‍ഗണനാ പട്ടികയില്‍ വ്യാപക അബദ്ധം; ജനങ്ങള്‍ ദുരിതത്തില്‍
വടക്കാഞ്ചേരി: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കുന്നതിന് മുന്നോടിയായി പ്രസിദ്ധീകരിച്ച മുന്‍ഗണനാ പട്ടിക വ്യാപക അബദ്ധം. അപാകതകളും ക്രമക്കേടും നിറഞ്ഞതാണ് പട്ടികയെന്ന് ആരോപിച്ച് ഉപഭോക്താക്കള്‍ രംഗത്തെത്തി. അര്‍ഹതയില്ലാത്ത പലരും പട്ടികയില്‍ കടന്ന് കൂടിയപ്പോള്‍ നിര്‍ധന കുടുംബങ്ങള്‍ ഭൂരിഭാഗവും അവഗണിക്കപ്പെട്ടതായാണ് പരാതി.
ഇത്തരം പരാതികള്‍ സ്വീകരിക്കാന്‍ ഈ മാസം 30 വരെയാണ് അവസരമുള്ളത്. അതിനാല്‍ പരാതികള്‍ സ്വീകരിക്കുന്ന താലൂക്ക് സപ്ലൈ ഓഫിസുകള്‍ക്ക് മുന്നില്‍ വന്‍ ജനക്കൂട്ടമാണ്. കാര്‍ഡുടമകള്‍ കൂട്ടത്തോടെ പരാതിയുമായി എത്തുന്ന സ്ഥിതിയാണ്. ഇതോടെ താലൂക്ക് സപ്ലൈ ഓഫിസുകളുടെ പ്രവര്‍ത്തനം സ്തംഭിക്കുന്ന സ്ഥിതിവിശേഷമാണ്. റേഷന്‍ കടകള്‍ താലൂക്ക് സപ്ലൈ ഓഫിസുകള്‍, റേഷനിങ് ഓഫിസുകള്‍, പഞ്ചായത്ത് വില്ലേജ് ഓഫിസുകള്‍ എന്നിവിടങ്ങളില്‍ പരാതി നല്‍കാന്‍ അവസരമുണ്ടായിരിക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ആ പ്രഖ്യാപനമെല്ലാം വെറും വാക്കാണ്. സപ്ലൈ ഓഫിസുകളില്‍ മാത്രമാണ് പരാതി സ്വീകരിക്കുന്നത്. മറ്റ് ഓഫിസുകളെല്ലാം ഈ പൊല്ലാപ്പ് ഏറ്റെടുക്കാനാവില്ലെന്ന് അധികൃതരെ അറിയിക്കുകയായിരുന്നു. കര്‍ശന നിര്‍ദേശം നല്‍കാന്‍ സര്‍ക്കാരും തയാറല്ല. റേഷന്‍ കടകള്‍ അടച്ചിട്ട് ഉടമകള്‍ സമരത്തിലുമാണ്. അതിനാല്‍ ദുരിതം മുഴുവന്‍ ജനം അനുഭവിക്കേണ്ട ഗതികേടിലാണ്.
തലപ്പിള്ളി താലൂക്കില്‍ 74 വില്ലേജുകളിലായി 5 ഫര്‍ക്കകളില്‍ 232 റേഷന്‍ കടകളാണ് ഉള്ളത്. ഈ കടകളിലെ പരാതി സ്വീകരിക്കുന്നത് വടക്കാഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് സപ്ലൈ ഓഫിസില്‍ മാത്രമാണ്. സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് നിലവില്‍ സപ്ലൈ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. ആയിരങ്ങള്‍ പരാതികളുമായെത്തിയപ്പോള്‍ പരാതി സ്വീകരിക്കുന്നത് മിനി സിവില്‍ സ്റ്റേഷന്‍ കോംപൗണ്ടിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവിടെ രാവിലെ മുതല്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സര്‍ക്കാരിന്റേത് ജനദ്രോഹ നിലപാടുകളാണെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ ഇതല്ലാതെ മറ്റ് മാര്‍ഗമില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. പരാതികള്‍ സ്വീകരിച്ച് ഹിയറിങ് തിയതി നല്‍കേണ്ടതുള്ളതിനാലാണ് ഒരു കേന്ദ്രത്തില്‍ പരാതി സ്വീകരിക്കേണ്ടി വരുന്നതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഒരു ഏക്കറിലധികം സ്വന്തമായി ഭൂമിയുള്ളവര്‍, ആയിരം ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ളവര്‍, നാല് ചക്രവാഹനങ്ങള്‍ സ്വന്തമായുള്ളവര്‍, സര്‍ക്കാര്‍ പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍, ആദായ നികുതി ദായകര്‍ എന്നിവര്‍ക്കാണ് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയില്ലാത്തത്.
കേരളത്തില്‍ 1.54 കോടി ആളുകള്‍ മാത്രമാണ് പട്ടികയില്‍ ഉള്ളത്. കാര്‍ഡുടമകള്‍ നേരത്തെ പൂരിപ്പിച്ച് നല്‍കിയ പട്ടിക അനുസരിച്ചാണ് മുന്‍ഗണന പട്ടിക പ്രസിദ്ധീകരിച്ചതെങ്കിലും ഇതില്‍ വന്‍ അപാകതയാണ് ഉണ്ടായിട്ടുള്ളത്. ഈ മാസം 30 വരെ ലഭിക്കുന്ന പരാതികള്‍ റേഷനിങ് ഇന്‍സ്‌പെക്ടര്‍, കണ്‍വീനര്‍, വില്ലേജ് ഓഫിസര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ എന്നിവരടങ്ങിയ വെരിഫിക്കേഷന്‍ കമ്മിറ്റിയാണ് പരാതികളില്‍ ഹിയറിങ്ങ് നടത്തുക. നവംബര്‍ 15 ന് മുമ്പായി തീരുമാനമെടുക്കും ഇതിന് ശേഷം ഏഴ് ദിവസത്തിനകം ജില്ലാ കലക്ടര്‍ ചെയര്‍മാനായ അപ്പീല്‍ കമ്മിറ്റി മുമ്പാകെ അപ്പീല്‍ സമര്‍പ്പിക്കാം. നവംബര്‍ 30 ന് മുമ്പായി അപ്പീലില്‍ തീര്‍പ്പ് കല്‍പ്പിക്കും. ഡിസംബര്‍ 15ന് മുമ്പായി പുതിയ പട്ടിക പ്രസിദ്ധീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. 2017 ജൂണ്‍ ഒന്നിന് മുമ്പ് അന്തിമ പട്ടിക ഗ്രാമസഭയില്‍ സമര്‍പ്പിക്കും. ഈ പട്ടിക പ്രകാരം ഫെബ്രുവരി ഒന്ന് മുതല്‍ റേഷന്‍ കാര്‍ഡ് വിതരണം ചെയ്യുന്നതിനാണ് തീരുമാനം. ജനങ്ങളെ ഒന്നാകെ ദുരിതത്തിലാക്കി നടത്തുന്ന മുന്‍ഗണന പട്ടികയിലെ തെറ്റ് തിരുത്തല്‍ അവസാനിപ്പിച്ച് സുതാര്യമായ നടപടിക്രമങ്ങള്‍ സിവില്‍ സപ്ലൈസ് വകുപ്പ് ആവിഷ്‌കരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. അധികൃതരുടെ വീഴ്ചയ്ക്ക് തങ്ങള്‍ ദുരിതമനുഭവിക്കേണ്ടി വരുന്ന അവസ്ഥയാണെന്നും ജനങ്ങള്‍ കുറ്റപ്പെടുത്തുന്നു.
റേഷന്‍ കാര്‍ഡ് പുനക്രമീകരണത്തിന് എത്തുന്നവര്‍ ആദ്യം മുന്‍ ഗണനാ പട്ടികയില്‍ ഉള്‍പ്പെടുന്നതിന് അര്‍ഹതയുണ്ടോ എന്ന് പരിശോധിക്കണമെന്നും പട്ടികയില്‍ ഉള്‍പ്പെടാനുള്ള മാനദണ്ഡം നേരത്തെ തീരുമാനിച്ച മാര്‍ക്കാണെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. പട്ടികജാതിപട്ടികവര്‍ഗം 10, വൈദ്യൂതി ഇല്ലാത്തവര്‍ 5, പുറംപോക്കില്‍ താമസിക്കുന്നവര്‍ 10, സ്വന്തമായി ഭൂമി ഇല്ലാത്തവര്‍ 10, കക്കൂസ് ഇല്ലാത്തവര്‍ 5, 500 മീറ്റര്‍ ചുറ്റളവില്‍ കുടിവെള്ളം ഇല്ലാത്തവര്‍ 5, സ്വന്തമായി വീടില്ലാത്തവര്‍ 10, കുടില്‍ വീടായുള്ളവര്‍ 7, ഓലമേഞ്ഞത് 5, ഭാഗികമായി പണി കഴിഞ്ഞത് 3, നിരാലംഭയായ വിധവ 5, ക്യാന്‍സര്‍ കിഡ്‌നി ഉള്‍പ്പെടെയുള്ള രോഗബാധിതര്‍ 5, ജോലി ഇല്ലാത്തവര്‍ 5 പരമ്പരാഗത തൊഴിലോ വരുമാനം കുറഞ്ഞകൂലി വേലയില്‍ ഏര്‍പ്പെട്ടവര്‍ 10, 65 വയസിന് മുകളില്‍ ഉള്ളവര്‍ 5 എന്നിങ്ങനെയാണ് മാര്‍ക്കിന്റെ മാനദണ്ഡമെന്നും ഓഫീസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."