കര്‍ഷക ദമ്പതികളുടെ കൃഷിയിടത്തില്‍ വിളഞ്ഞത് 15 കിലോയിലധികം തൂക്കമുള്ള കുമ്പളം
കയ്പമംഗലം: കര്‍ഷക ദമ്പതികളുടെ കൃഷിയിടത്തില്‍ വിളഞ്ഞത് 15 കിലോയിലധികം തൂക്കമുള്ള കുമ്പളം. മതിലകം പഞ്ചായത്തിലെ പള്ളത്ത് ശ്രീഭുവനേശ്വരി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ചൂരപ്പെട്ടി ഭരതന്റെയും ഷൈലജയുടെയും കൃഷിയിടത്തിലാണ് കൗതുകം നിറഞ്ഞ വലിയ കുമ്പളം വിളഞ്ഞത്.
വീടിനു സമീപത്തുള്ള തൊഴുത്തിന്റെ മുകളിലാണ് കുമ്പളം ഉണ്ടായത്. പൂര്‍ണമായും ജൈവ കൃഷിരീതി പ്രകാരമാണ് ഈ കര്‍ഷക ദമ്പതികള്‍ കൃഷി ചെയ്തത്. നിരവധി കുമ്പളങ്ങകള്‍ ഉണ്ടായെങ്കിലും ആദ്യമായായാണ് ഇത്തരത്തിലുള്ള കുമ്പളം ഉണ്ടായതെന്ന് ശൈലജ പറഞ്ഞു. മതിലകം പാപ്പിനിവട്ടം ബാങ്കിന്റെ ഓണച്ചന്തയില്‍ നിന്നും വാങ്ങിയ കുമ്പളത്തിന്റെ വിത്താണ് കൃഷിക്ക് ഇവര്‍ ഉപയോഗിച്ചത്. ഇതിനകം തന്നെ 100 കിലോ ഗ്രാമിലധികം ഇവര്‍ കുമ്പളം വിറ്റു കഴിഞ്ഞിട്ടുണ്ട്. നിരവധി പേരാണ് ഈ വലിയ കുമ്പളം വിളഞ്ഞതറിഞ്ഞു ഇവരുടെ കൃഷിയിടത്തില്‍ എത്തുന്നത്.കൃഷി വകുപ്പ് അധികൃതരുടെയും പാപ്പിനിവട്ടം ബാങ്കിന്റെയും എല്ലാ രീതിയിലുമുള്ള സഹായ സഹകരണങ്ങള്‍ ലഭിക്കുന്നുണ്ട്. വീടിനു സമീപം പശു ഫാമും ഇവര്‍ക്കുണ്ട്. ഒരേക്കറോളം വരുന്ന സ്ഥലത്താണ് ഇവര്‍ പൂര്‍ണമായും ജൈവരീതിയില്‍ കൃഷി ചെയ്യുന്നത്. തക്കാളി, കുമ്പളം, മത്ത, കാബേജ്, കോളിഫ്‌ളവര്‍, പടവലം, വെണ്ട, പച്ചമുളക്, കൊള്ളി, ചേമ്പ് തുടങ്ങി നിരവധി വിളകള്‍ ഇവരുടെ കൃഷിയിടത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."