റേഷന്‍ കാര്‍ഡ് മുന്‍ഗണനാ ലിസ്റ്റ്: അപേക്ഷ സ്വീകരിക്കലില്‍ വന്‍ ജനത്തിരക്ക്
മാള: കേന്ദ്ര ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ മുന്നോടിയായി റേഷന്‍ കാര്‍ഡ് ഉടമകളെ മുന്‍ഗണനാ വിഭാഗം മുന്‍ഗണനയില്ലാത്ത വിഭാഗം എന്നിങ്ങനെ തിരിച്ച് ലിസ്റ്റ് പ്രസിദ്ധീകരിച്ച സാഹചര്യത്തില്‍ റേഷന്‍ കാര്‍ഡ് മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടാത്തവരുടെ പരാതി പരിശോധിക്കുന്നതിന് സപ്ലൈ ഓഫിസ് നടത്തുന്ന അപേക്ഷ സ്വീകരിക്കലില്‍ വന്‍ ജനത്തിരക്ക്. ചാലക്കുടി താലൂക്ക് സപ്ലൈ ഓഫിസ് സംഘടിപ്പിച്ച അപേക്ഷ സ്വീകരിക്കല്‍ നഗരസഭ അങ്കണത്തിലാണ് നടക്കുന്നത്. രാവിലെ മുതല്‍ വൈകീട്ടു വരെ നൂറുകണക്കിന് ആളുകള്‍ അപേക്ഷ നല്‍കുവാനെത്തി. താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന മാള, അന്നമനട, കുഴൂര്‍, അതിരപ്പിള്ളി, പരിയാരം, കോടശേരി, മേലൂര്‍, കൊരട്ടി, കാടുകുറ്റി, കൊടകര, മറ്റത്തൂര്‍, വരന്തരപ്പിള്ളി, ആളൂര്‍ എന്നീ പഞ്ചായത്തുകളിലെ പരാതികളാണ് ഇവിടെ പരിഗണിക്കുന്നത്. ചാലക്കുടി നഗരസഭയും ഇതില്‍പ്പെടും. ഭക്ഷ്യസുരക്ഷ നിലവില്‍ വരുന്നതോടെ എ.പി.എല്‍, ബി.പി.എല്‍ കാര്‍ഡുകള്‍ ഇല്ലാതാവുകയാണ്. പകരം മുന്‍ഗണന വിഭാഗവും മുന്‍ഗണന അര്‍ഹിക്കാത്ത വിഭാഗവും എന്നിങ്ങനെ കാര്‍ഡുടമകള്‍ രണ്ടായി തരംതിരിക്കപ്പെടും. പുതിയ നിയമ പ്രകാരം പ്രയോരിറ്റി വിഭാഗക്കാര്‍ക്ക് ബി.പി.എല്ലിനേക്കാള്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുമ്പോള്‍ നോണ്‍ പ്രയോരിറ്റിയായി മാറുന്ന എ.പി.എല്ലുകാര്‍ക്ക് ഇവ നിഷേധിക്കപ്പെടുകയും ചെയ്യും. നിലവില്‍ ഉദ്യോഗസ്ഥര്‍ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ താലൂക്ക് പരിധിയില്‍ ആയിരക്കണക്കിന് എ.പി.എല്‍ കാര്‍ഡ് ഉടമകള്‍ നോണ്‍ പ്രയോരിറ്റിയായി മാറും. ഇതൊഴിവാക്കുന്നതിന്റെ ഭാഗമാണ് അപേക്ഷ ശേഖരിക്കുന്ന കേന്ദ്രത്തിലെ തിക്കും തിരക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."