കുടിവെള്ള വിതരണവും കൃഷിയും പ്രതിസന്ധിയിലേക്ക്
വാടാനപ്പള്ളി: ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാല്‍ താന്ന്യം, ചാഴൂര്‍, അന്തിക്കാട് മേഖലകളില്‍ കുടിവെള്ള വിതരണവും കൃഷിയും ഗുരുതര പ്രതിസന്ധിയിലേക്ക്. വാട്ടര്‍ അതോരിറ്റിയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഗീതാ ഗോപി എം.എല്‍.എ മുനയം ബണ്ട് അടിയന്തരമായി സന്ദര്‍ശിക്കുകയും ബന്ധപ്പെട്ട ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരോട് തടയണ നിര്‍മാണം സംബന്ധിച്ച് ചര്‍ച്ച നടത്തുകയും ചെയ്തു. ഉപ്പുവെള്ളം കയറിത്തുടങ്ങിയതിനാല്‍ കുടിവെള്ളം പമ്പു ചെയ്യല്‍ നിര്‍ത്തിവയ്ക്കുമെന്ന് ചേര്‍പ്പ് വാട്ടര്‍ അതോരിറ്റി അറിയിച്ചതിനെ തുടര്‍ന്നാണ് ഗീതാ ഗോപി എം.എല്‍.എ മുനയം ബണ്ട് പരിസരം സന്ദര്‍ശിച്ചത്. 85 ലക്ഷത്തോളം രൂപ അനുവദിച്ചിട്ടും 26 ലക്ഷം ചെലവു വരുന്ന മുനയം ബണ്ട് താല്‍കാലിക തടയണ നിര്‍മാണത്തിന്റെ ടെണ്ടര്‍ നടപടികള്‍ പോലും ഉദ്യോഗസ്ഥര്‍ ഇതുവരെയായിട്ടും നടത്തിയിട്ടില്ലെന്ന് എം.എല്‍.എ ആരോപിച്ചു. ഒക്ടോബര്‍ അവസാനിക്കാറായിട്ടും ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥ കൊണ്ട് മുനയം താല്‍ക്കാലിക ബണ്ട് നിര്‍മാണത്തിന്റെ ഫയലുകള്‍ ഉദ്യോഗസ്ഥരുടെ മേശപ്പുറത്ത് നിന്ന് നീങ്ങിയിട്ടു പോലുമില്ല. ഇക്കാര്യം മുഖ്യമന്ത്രിയേയും ബന്ധപ്പെട്ടവരേയും അറിയിക്കുമെന്ന് എം.എല്‍.എ മുന്നറിയിപ്പ് നല്‍കി. തുലാവര്‍ഷം നീണ്ടു പോയതു കൊണ്ട് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പുഴയിലെ ജലവിതാനം ഭയാനകമാം വിധം താഴ്ന്നിരിക്കുകയാണ്. ഉപ്പു വെള്ളം കയറിയാല്‍ കഴിഞ്ഞ വര്‍ഷം സംഭവിച്ചതു പോലെ പമ്പും അനുബന്ധ സംവിധാനങ്ങളും തകരാറിലാവുക മാത്രമല്ല കരകോള്‍ കൃഷിയേയും ഉപ്പു വെള്ളം പൂര്‍ണമായും നശിപ്പിക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പേരുപറഞ്ഞ് കഴിഞ്ഞ വര്‍ഷം ബണ്ട് നിര്‍മാണം ഏറെ നീട്ടിക്കൊണ്ട് പോയി ജനങ്ങളെ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ദുരിതത്തിലാഴ്ത്തിയിരുന്നു. താല്‍ക്കാലിക ബണ്ടിനു പകരം 21 ദശാംശം 75 കോടി രൂപ അനുവദിച്ചിട്ടുള്ള സ്ഥിരം ബണ്ടായ റെഗുലേറ്റര്‍ അടക്കമുള്ള ഒറ്റ വരിപ്പാതയുടെ ഡിസൈന്‍ ജോലികള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും ഗീതാഗോപി എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."