സിവില്‍ സപ്ലൈസിന്റെ അനാസ്ഥ; റേഷന്‍ കാര്‍ഡ് നല്‍കുന്ന രേഖയില്‍ ഒ.ബി.സിയെ പട്ടികജാതിക്കാരാക്കി
കൊല്ലങ്കോട്: സംസ്ഥാനത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കന്ന സിവില്‍ സപ്ലൈസ് റേഷന്‍ സംവിധാനത്തില്‍ ഭക്ഷ്യ സുരക്ഷയുള്ള കാര്‍ഡ് വിഭജനത്തില്‍ വ്യാപക പരാതി. അര്‍ഹരെ ഒഴിവാക്കിയും അനര്‍ഹരെ ഉള്‍പ്പെടുത്തിയുമാണ് ലിസ്റ്റ് പുറത്തിറങ്ങിയിരിക്കുന്നത്. ഒരു റേഷന്‍ കടയില്‍ തന്നെയുള്ള ലിസ്റ്റില്‍ വ്യാപകമായ തെറ്റാണ് കാണിക്കുന്നത്. ചിറ്റൂര്‍ താലൂക്കിലുള്ള മുഴുവന്‍ റേഷന്‍ കടകളിലുള്ള ലിസ്റ്റ് പരിശോധിച്ചാല്‍ വ്യാപക ക്രമക്കേട് കണ്ടെത്താന്‍ കഴിയും. വടവന്നൂര്‍ പഞ്ചായത്തിലെ എ.ആര്‍.സി. 88 റേഷന്‍കടയില്‍ നിന്നുള്ള ലിസ്റ്റിലാണ് സിവില്‍ സപ്ലൈസിന്റെ അനാസ്ഥ കണ്ടെത്താന്‍ കഴിഞ്ഞത്. ഒ.ബി.സി ആയ കുടുംബത്തെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി 10 മാര്‍ക്ക്, ഇരുനില ആര്‍.സി വീടുള്ള ഇവര്‍ക്ക് വീടിന്റെ സ്ഥിതിയില്‍ 3 മാര്‍ക്ക്, നാലംഗ കുടുംബത്തില്‍ 65 വയസുള്ള കുടുംബ നാഥയെ ഒഴിവാക്കി മരുമകളുടെ പേരിലുള്ള കാര്‍ഡില്‍ 65 പ്രായപരിധി കൂടുതലുള്ളതായി കാണിച്ച് 5 മാര്‍ക്ക്, ആകെ 18 മാര്‍ക്ക് ലഭിച്ച് മുന്‍ഗണനാ ലിസ്റ്റിലാണ് ഇടം പിടിച്ചിരിക്കുന്നത്. ഏക്കറുകള്‍ കൃഷിയുള്ള ഒരു കാര്‍ഡ് ഉടമയ്ക്കാണ് സിവില്‍ സപ്ലൈസിന്റെ കാര്‍ഡിലൂടെ മുന്‍ഗണനാക്രമത്തില്‍ ഇടംനേടാന്‍ കഴിഞ്ഞിട്ടുള്ളത്. എന്നാല്‍, പട്ടികജാതി വിഭാഗക്കാരെ ലിസ്റ്റില്‍ നിന്നും വ്യാപകമായി ഒഴിവാക്കി. തകര്‍ന്ന മേല്‍ക്കൂരയും നാലു സെന്റില്‍ താഴെ ഭൂമിയുള്ളതും ഇടുങ്ങിയ വീട്ടില്‍ രണ്ടിലധികം കുടുംബങ്ങള്‍ താമസിക്കുന്നവരുമായ നിര്‍ധനരെ ഒഴിവാക്കിയാണ് മുന്‍ഗണനാ ലിസ്റ്റില്‍ അനര്‍ഹരെ കുത്തിക്കയറ്റിയുള്ള ലിസ്റ്റ് പുറത്തിറക്കിയിരിക്കുന്നത്. ചിറ്റൂര്‍ താലൂക്കിലെ ലിസ്റ്റ് പൂര്‍ണ്ണമായും പിന്‍വലിച്ച് പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നാണ് റേഷന്‍ ഉപഭോക്താക്കള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."