മാക്കേകവലയിലെ വാട്ടര്‍ ടാങ്ക് അപകട ഭീഷണി ഉയര്‍ത്തുന്നു
പൂച്ചാക്കല്‍: വാട്ടര്‍ ടാങ്ക് അപകട ഭീഷണിയില്‍. ചേര്‍ത്തല അരൂക്കുറ്റി റോഡരികില്‍ മാക്കേക്കവല ജപ്പാന്‍ കുടിവെള്ള പദ്ധതി ശാലയ്ക്കു മുന്‍പിലുള്ള പഴയ ജലസംഭരണിയാണ് യാത്രക്കാര്‍ക്ക് ഭീഷണിയായിരിക്കുന്നത്. ഏതു നിമിഷവും തകര്‍ന്നുവീഴാവുന്ന കെട്ടിടവും പരിസരം കാടുപിടിച്ചിരിക്കുന്നതുമാണ് നാട്ടുകാരെയും യാത്രക്കാരെയും ആശങ്കപ്പെടുത്തുന്നത്.
പ്രദേശത്തെ ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിനായി ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ചതാണ് ജലസംഭരണി. ഇതില്‍ നിറയ്ക്കാന്‍ ആവശ്യമായ ജലം ഭൂമിക്കടിയില്‍ നിന്നും ലഭിക്കാത്തതിനാല്‍ ജലസംഭരണി ഉപയോഗിക്കാന്‍ സാധിച്ചില്ല. അതോടെ നോക്ക് കുത്തിയായി. കെട്ടിടത്തില്‍ വിള്ളല്‍ വീണു പൂര്‍ണ്ണമായും നശിച്ചിരിക്കുകയാണ്. ഏതുസമയവും തകര്‍ന്നു വീഴാവുന്ന അവസ്ഥയിലാണ്.
ഇതിനു പരിസരത്ത് പുല്ലുകള്‍ വളര്‍ന്നു നില്‍ക്കുന്നതിനാല്‍ തെരുവുനായ്, ഇഴജന്തു ശല്യവും രൂക്ഷമാണ്. പ്രധാന റോഡരികായതിനാല്‍ യാത്രക്കാരും പ്രദേശവാസികളും ഭീതിയിലാണ്.
പ്രദേശം വൃത്തിയാക്കുന്നതിനും വീഴാറായ കെട്ടിടം പൊളിച്ചു നീക്കുന്നതിനും ഉടന്‍ നടപടി വേണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."