വാട്ടര്‍ അതോറിട്ടിയുടെ പ്രഷര്‍ വാല്‍വില്‍ നിന്നും കുടിവെള്ളം പാഴാകുന്നു
കാക്കനാട്: വരള്‍ച്ച രൂക്ഷമായതോടെ കാക്കനാട് മേഖലയില്‍ കുടിവെള്ളം കിട്ടാനില്ലാതായി. എന്നാല്‍ വാട്ടര്‍ അതോറിട്ടിയുടെ അനാസ്ഥ മൂലം കാക്കനാട് അത്താണി പള്ളത്തുപടിയ്ക്ക് സമീപം വാട്ടര്‍ അതോറിട്ടിയുടെ പ്രഷര്‍ വാല്‍വില്‍ നിന്നും പ്രതിദിനം നഷ്ടപ്പെടുന്നത് ലക്ഷക്കണക്കിന് ലിറ്റര്‍ ശുദ്ധജലമാണ്. തെങ്ങോട്, വികാസവാണി, ഇടച്ചിറ, ഇന്‍ഫോപാര്‍ക്ക് ഭാഗത്തേക്ക് പോകുന്ന കുടിവെള്ളമാണ് പാഴാകുന്നത്. ഓലിമുകളിലെ വാട്ടര്‍ അതോറിട്ടിയില്‍ നിന്നും പമ്പ് ചെയ്യുന്ന വെള്ളമാണിത്.
ഇതുമൂലം കുടിവെള്ളം കിട്ടാത്തതിനാല്‍ ജനങ്ങള്‍ ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള വെള്ളം സ്വകാര്യ വിതരണക്കാരില്‍ നിന്നും പണംകൊടുത്തു വാങ്ങുകയാണ്. ചില സ്ഥലങ്ങളില്‍ ഇത്തരത്തില്‍ ലഭിക്കുന്ന വെള്ളത്തിന് തോന്നിയ വിലയാണ് ഈടാക്കുന്നത്. ഈ വെള്ളമാകട്ടെ എവിടെനിന്നെടുക്കുന്നുവെന്നോ ഉപയോഗയോഗമാണോയെന്നോ ആര്‍ക്കുമറിയില്ല.
സര്‍ക്കാര്‍ ഏജന്‍സികള്‍ ഇതൊന്നും അന്വേഷിക്കാറുമില്ല. ഇത്തവണ മഴയുടെ ലഭ്യത കുറവായതിനാല്‍ രൂക്ഷമായ കുടിവെള്ള പ്രശ്നം നേരിടുകയാണ് കാക്കനാട്ടിലെ നിരവധി പ്രദേശങ്ങള്‍. ജല അതോറിട്ടി പൈപ്പ്ലൈനില്‍ യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്താത്തുമൂലം ലക്ഷക്കണക്കിനു രൂപയാണ് നഷ്ടമുണ്ടാകുന്നത്. തുതിയൂര്‍, ചിറ്റേത്തുകര, ഇടച്ചിറ, തെങ്ങോട്, അത്താണി, കൊല്ലംകുടിമകള്, തൃക്കാക്കര, ഓലിമുകള്‍ മേഖലയിലുമാണ് ഏറ്റവും കൂടുതല്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നത്.
പല സ്ഥലങ്ങളിലും പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാന്‍ തുടങ്ങിയിട്ട് തുടങ്ങിയിട്ട് മാസങ്ങളായി. കൂടാതെ വാഴക്കാല കോളനി സ്റ്റോപ്പിനു സമീപം ഓടയിലൂടെ പോകുന്ന കുടിവെള്ള പൈപ്പ് പൊട്ടിയതിനാല്‍ മാലിന്യം ഈ പൊട്ടിയ കുഴലിലൂടെ ഉള്ളില്‍കടക്കുകയും ആവെള്ളം ഹോട്ടലുകള്‍ അടക്കമുള്ളസ്ഥാപനങ്ങളിലും വീടുകളിലും എത്തുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.
പൈപ്പ് പൊട്ടി വെള്ളം പാഴാകുന്ന വിവരം ജലഅതോറിട്ടി അധികൃതരെ അറിയിച്ചാലും ആരും തിരിഞ്ഞുനോക്കാറില്ലെന്ന് വാര്‍ഡ് കൗണ്‍സിലര്‍ എന്‍.കെ പ്രദീപ് ഉള്‍പ്പെടെ ഇവിടുത്തെ നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. റോഡുകളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്ന വിവരം അറിയിച്ചാലും അതോറിട്ടി അധികൃതര്‍ എത്തി പൈപ്പ് ലൈനുകള്‍ മാറ്റിക്കൊടുക്കാറില്ലെന്ന് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."