ജില്ലയിലെ വാഹന പരിശോധന; 61 ബസുകള്‍ക്കെതിരേ നടപടി
കാക്കനാട്: അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദേശത്തെ തുടര്‍ന്നു ജില്ലയില്‍ നടത്തിയ വാഹന പരിശോധനയില്‍ 61 ബസുകള്‍ക്കെതിരേ നടപടിയെടുത്തു. സ്പീഡ് ഗവേര്‍ണര്‍ പ്രവര്‍ത്തിപ്പിക്കാത്ത 19 ബസുകളുടെ ഫിറ്റ്‌നസ് റദ്ദാക്കി. ഇതില്ലാത്ത 12 ബസുകള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കി.
കെ.എസ്.ആര്‍.ടി.സി ബസ്, സ്വകാര്യബസ്, സ്‌കൂള്‍ ബസ് തുടങ്ങിയ വാഹനങ്ങളാണ് ഒരാഴ്ച തുടര്‍ച്ചയായി പരിശോധിച്ചത്. സ്വകാര്യ ബസുകളില്‍ നടത്തിയ പരിശോധനയിലാണു വ്യാപകമായി വേഗപ്പൂട്ടു പ്രവര്‍ത്തിക്കാത്തതായി കണ്ടെത്തിയത്. ന്യൂനതകള്‍ പരിഹരിക്കാന്‍ സ്‌പെയര്‍പാര്‍ട്‌സുകള്‍ ലഭ്യമാകുന്നില്ലെന്ന ഉടമകളുടെ പരാതിയെ തുടര്‍ന്നു നടപടി സ്വീകരിക്കുന്നതിനു സാവകാശം നല്‍കിയിരുന്നു.
ഈ കാലാവധി കഴിഞ്ഞിട്ടും പരിശോധനയില്‍ ക്രമക്കെടുകള്‍ കണ്ടെത്തിയ വാഹനങ്ങളുടെയാണ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കിയതെന്ന് അധികൃതര്‍ പറഞ്ഞു.
ജില്ലയില്‍ സ്വകാര്യ ബസുകളുടെ സര്‍വീസിനെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ പലയിടങ്ങളിലും സ്റ്റാന്‍ഡില്‍വച്ചാണു പരിശോധന നടത്തിയത്. കൂടാതെ ഹെല്‍മെറ്റ് ഇല്ലാത്ത 531 ഇരുചക്ര വാഹന യാത്രികള്‍ക്കെതരേയും കേസെടുത്തു. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ച 59 പേര്‍ക്കെതിരേയും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു വാഹനം ഓടിച്ച അഞ്ചുപേര്‍ക്കെതിരെയും ഇന്‍ഡിക്കേറ്റര്‍, കണ്ണാടി എന്നിവ ഇല്ലാതെ വാഹന ഓടിച്ച 163 പേര്‍ക്കെതിരേയും കേസ് എടുത്തതായി എറണാകുളം ആര്‍.ടി.ഒ പി.എച്ച് സാദിക്ക് അലി പറഞ്ഞു.
മൊത്തം 2,58,200 പിഴയായി ലഭിച്ചു. ജില്ലയില്‍ ഒമ്പത് സ്‌ക്വാഡുകളുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വരുംദിനങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് ആര്‍.ടി.ഒ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."