അനാഥനും നിത്യ രോഗിയുമായ മധ്യവയസ്‌ക്കന്റെ സംരക്ഷണം 'സുകൃതം' ഏറ്റെടുത്തു
നെടുമ്പാശ്ശേരി: ആരാലും ആശ്രയമില്ലാതെ കടതിണ്ണയില്‍ അന്തിയുറങ്ങിയിരുന്ന നിത്യരോഗിയായ ഹരിദാസിന് സുകൃതം ചാരിറ്റബിള്‍ സൊസൈറ്റി സംരക്ഷകരായി.
കുന്നുകര പഞ്ചായത്തിലെ എഴാം വാര്‍ഡ് കോവാട് സ്വദേശിയായ ഹരിദാസിന്റെ സംരക്ഷണമാണ് ' സുകൃതം' ഏറ്റെടുത്തത്. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാതെ വര്‍ഷങ്ങളായി കുറ്റിയാല്‍ പ്രദേശത്തെ കടത്തിണ്ണയിലാണ് ഹരിദാസ് കഴിഞ്ഞു കൂടിയിരുന്നത് .ഇതിനിടെ സംഭവിച്ച ഒരു വീഴ്ച്ചയില്‍ നടുവിന് ഗുരുതരമായ ക്ഷതമേല്‍ക്കുകയും ജോലി ചെയ്യാനോ, നിവര്‍ന്നു നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായി.
പിന്നീട് പൊതുജനങ്ങളുടെ ദയ കൊണ്ട് ഭക്ഷണം കഴിച്ച് ജീവിതം തള്ളിനീക്കുകയായിരുന്നു. ഇയാളുടെ അടുത്ത ബന്ധുക്കള്‍ പോലും സംരക്ഷണം ഏറ്റെടുക്കാന്‍ തയ്യാറാകാതിരുന്നതോടെ ഇയാള്‍ തീര്‍ത്തും അനാഥനാകുകയായിരുന്നു. ഇതിനിടെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫ്രാന്‍സിസ് തറയില്‍, അംഗം ഷീജ ഷാജി എന്നിവരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് കരുമാല്ലൂര്‍ പഞ്ചായത്തിലെ തടിക്കല്‍കടവില്‍ പ്രവര്‍ത്തിക്കുന്ന സുകൃതം ചാരിറ്റബിള്‍ സൊസൈറ്റി ഹരിദാസിന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ മുന്നോട്ടുവന്നത്.
ഒരു കൂട്ടം സന്നദ്ധ സേവകരായ സാമൂഹ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് 'സുകൃതത്തിന്റെ ' പ്രവര്‍ത്തനം. ഇത്തരത്തിലുള്ള ഇരുപതോളം പേര്‍ ഇപ്പോള്‍ ഇവരുടെ സംരക്ഷണയില്‍ കഴിയുന്നുണ്ട്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫ്രാന്‍സിസ് തറയില്‍ മോഹനനെ സുകൃതം ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തകര്‍ക്ക് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."