നഗരത്തിലെ ഏറ്റവും അവഗണിക്കപ്പെടുന്ന സ്ഥലം കെ.എസ്.ആര്‍.ടി.സിയെന്ന് മനുഷ്യാവകാശ കമ്മിഷന്‍
കൊച്ചി: നഗരത്തിലെ ഏറ്റവും അവഗണിക്കപ്പെടുന്ന സ്ഥലം എറണാകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്ടര്‍ അടിയന്തിരമായി ഇവിടം സന്ദര്‍ശിച്ച് ദുസ്ഥിതി പരിഹരിക്കുന്നതിനാവശ്യമായ ഏതെല്ലാം നടപടികള്‍ സ്വീകരിക്കാമെന്ന് രേഖാമൂലം സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണ്‍ പി. മോഹനദാസ് ആവശ്യപ്പെട്ടു. ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. നവംബറില്‍ കാക്കനാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിങില്‍ കേസ് പരിഗണിക്കും. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
ബസ്സ്റ്റാന്റിലെ ദുരിതം പ്രദേശവാസികളെ ബാധിക്കാത്തതിനാല്‍ സ്ഥലം എം.പിക്കും എം.എല്‍.എ ക്കും വികസനത്തില്‍ താല്‍പര്യമില്ലെന്ന് ആക്ഷേപമുണ്ട്. ഇതര സംസ്ഥാനക്കാരായ പതിനായിരങ്ങളാണ് ദിവസേനെ സ്റ്റാന്റ് പ്രയോജനപ്പെടുത്തുന്നത്. ബസ് കാത്തു നില്‍ക്കുന്നവര്‍ക്ക് നിലവിലുള്ള കസേരകള്‍ കേടായതിനാല്‍ ഇരിക്കാന്‍ കഴിയാറില്ല. രാത്രി കാലങ്ങളില്‍ കറന്റ് പോയാല്‍ സ്ത്രീകള്‍ക്ക് ബസ് കയറാനാവില്ല. തീര്‍ത്തും അരക്ഷിതാവസ്ഥയാണ് സ്ത്രീകളുടെ കാത്തിരിപ്പ് മുറിയിലുള്ളത്. കുറ്റകൃത്യങ്ങളുടെ പ്രഭവകേന്ദ്രമായി ഇവിടം മാറുകയാണെന്നും കമ്മിഷന്‍ നടപടി ക്രമത്തില്‍ ചൂണ്ടിക്കാണിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."