കിഴതടിയൂര്‍ ബാങ്കിനെതിരായ ആരോപണം
കോട്ടയം: കെ.എം. മാണിയ്‌ക്കെതിരേ അഴിമതി ആരോപണങ്ങള്‍ തെളിവു സഹിതം ഉന്നയിച്ചതാണ് കിഴതടിയൂര്‍ സര്‍വീസ് സഹകരണ ബാങ്കിനെ വ്യാജ ആരോപണങ്ങളുമായി ചിലര്‍ രംഗത്തു വരാന്‍ കാരണമെന്നു ബാങ്ക് പ്രസിഡന്റ് അഡ്വ. ജോര്‍ജ് സി.കാപ്പന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബാങ്കിലെ അംഗം പോലുമല്ലാത്ത സ്റ്റീഫന്‍ ജോര്‍ജ് ഉന്നയിച്ച ആരോപണങ്ങള്‍ കളവാണ്. യൂത്ത്ഫ്രണ്ട് -എം സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പന്റെ സഹോദരന്‍ ജോജി വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേ ആരോപണങ്ങള്‍ ഉന്നയിച്ചു സഹകരണ വകുപ്പിനു പരാതി നല്‍കുകയും, ഹൈക്കോടതി നിര്‍ദേശ പ്രകാരം സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ പരാതി അടിസ്ഥാന രഹിതമാണെന്നു കണ്ടെത്തി തള്ളുകയും ചെയ്തിരുന്നു. മാണി മന്ത്രിയായിരുന്നപ്പോഴായിരുന്നു ഈ അന്വേഷണം.
ഉന്നയിച്ച പരാതികളില്‍ തന്നെ വസ്തുതാപരമായ ധാരാളം പിശകുകളുണ്ട്. ഭരണ സമിതി അംഗങ്ങളോ മറ്റാരെങ്കിലുമോ അനുവദനീയമായ തുകയില്‍ കവിഞ്ഞ വായ്പ എടുത്തിട്ടില്ല. ബാങ്കിനായി വസ്തു വാങ്ങിയത് സെന്റൊന്നിനു 12 ലക്ഷം രൂപയ്ക്കാണ്. സഹകരണ വകുപ്പിന്റെ അനുമതിയോയെടാണു വസ്തു വാങ്ങിയത്. തനിയ്‌ക്കെതിരായ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്കെതിരേ നിയമഞ്ജരുമായി കൂടിയാലോചിച്ചു നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് വൈസ് പ്രസിഡന്റ് എം.എസ്. ശശിധരനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."