പുതിയ കെട്ടിടത്തിലേക്കുള്ള മാറ്റം നീളുന്നു
തൊടുപുഴ: കെ.എസ്.ആര്.ടി.സിയുടെ ജില്ലയിലെ ഏറ്റവും പ്രധാന ഡിപ്പോയായ തൊടുപുഴ ഡിപ്പോയുടെ പുതിയ മന്ദിര നിര്‍മാണം പൂര്‍ത്തിയായെങ്കിലും ഇവിടേക്കു പ്രവര്‍ത്തനം മാറ്റുന്നതിനുള്ള നടപടികള്‍ നീളുന്നു. ഇതു തൊടുപുഴയില്‍നിന്നുള്ള സര്‍വീസുകളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
നിലവില്‍ ഡിപ്പോ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ശോചനീയാവസ്ഥ നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ബസുകളെല്ലാം റോഡ് വക്കിലാണ് പാര്‍ക്ക് ചെയ്യുന്നത്. ഇത് പലവിധ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മൂന്നു വര്‍ഷം മുന്‍പു നിര്‍മാണം ആരംഭിച്ച ഡിപ്പോയുടെ പണികള്‍ രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്തുമെന്നായിരുന്നു അന്നത്തെ വകുപ്പു മന്ത്രിയും വകുപ്പു മേധാവികളും പ്രഖ്യാപിച്ചത്. എന്നാല്‍ ഇടയ്ക്കു കരാറുകാര്‍ക്കു യഥാസമയം ഫണ്ട് കൊടുക്കാത്തതിനെ തുടര്‍ന്നു നിര്‍മാണം നിലച്ചിരുന്നു.
പിന്നീട് സ്ഥലം എം.എല്‍.എ പി.ജെ ജോസഫ് ഇടപെട്ടാണു കുറെ ഫണ്ട് അനുവദിപ്പിച്ചു നിര്‍മാണം പൂര്‍ത്തീകരിച്ചത്.എന്നാല്‍ വൈദ്യുതി കണക്ഷനും വെള്ളം, ഫയര്‍സേഫ്റ്റി തുടങ്ങിയ സംവിധാനങ്ങളും ഒരുക്കാത്തതാണ് ഉദ്ഘാടനം വൈകാന്‍ കാരണമെന്നു ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
പുതിയ ട്രാന്‍സ്ഫോമര്‍ സ്ഥാപിച്ച് ഇവിടേക്ക് വൈദ്യുതി എത്തിക്കാന്‍ സംവിധാനം ഒരുക്കേണ്ടതുണ്ട്. അതുപോലെ ബസുകള്‍ കഴുകുന്നതിനുള്ള വെള്ളം എത്തിക്കാനും നടപടിയുണ്ടായിട്ടില്ല. മാത്രമല്ല വാഹനങ്ങള്‍ കഴുകുന്നവെള്ളം ശുദ്ധീകരിച്ച് ഒഴുക്കുന്നതിനുള്ള നടപടികളും ഉണ്ടാകണം.
അതുപോലെ ഫയര്‍ സേഫ്റ്റി സംവിധാനം ഒരുക്കണം. എന്നാല്‍ ഇതിനുള്ള ഫണ്ട് ലഭിക്കാത്തതാണു പ്രതിസന്ധിക്കു കാരണമെന്നു പറയുന്നു. അടുത്തനാളില്‍ കരാറുകാര്‍ കെ.എസ്.ആര്.ടി.സിക്കു കെട്ടിടം കൈമാറിയിരുന്നു.
കെ.എസ്.ആര്.ടി.സി നേരിട്ടാണു ഡിപ്പോയുടെ നിര്‍മാണം. ഇതിനായി 15 കോടി രൂപയാണ് അനുവദിച്ചിരുന്നത്. എന്നാല്‍ യഥാസമയം ഫണ്ട് നല്‍കാത്തതിനാലാണു പണികള്‍ വൈകുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."