കേരളത്തെ പങ്കിട്ടെടുക്കാന്‍ സി.പി.എമ്മും ബി.ജെ.പിയും ശ്രമിക്കുന്നു: ആന്റണി
മുസ്‌ലിം സംഘടനകളുടെ തീവ്രവാദ വിരുദ്ധ നിലപാട് ചെറുതായി കാണരുത്
കോഴിക്കോട്: കൊലപാതക രാഷ്ട്രീയത്തിലൂടെയും ധ്രുവീകരണത്തിലൂടെയും കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തി കേരളത്തെ പങ്കിട്ടെടുക്കാനാണ് സി.പി.എമ്മും ബി.ജെ.പിയും ശ്രമിക്കുന്നതെന്ന് എ.കെ ആന്റണി. മതേതര രാഷ്ട്രീയത്തിന് എന്നും മാതൃകയായുള്ള കേരളത്തിലെ ബി. ജെ.പിയുടെ വളര്‍ച്ച ആശങ്കാ ജനകമാണ്.
ഇതില്‍ സി.പി.എമ്മും കാര്യമായ പങ്ക് വഹിക്കുന്നുണ്ട്. ഭരണം ലഭിച്ചതിന്റെ അഹങ്കാരം കൊണ്ട് കണക്കു തീര്‍ത്തല്‍ നടത്തുന്ന ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും ചോരക്കളി ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആന്റണി.
കേരളത്തിലെ ന്യൂനപക്ഷങ്ങളിലെ ചെറിയൊരു വിഭാഗം തീവ്രവാദ പ്രവര്‍ത്തനങ്ങളോട് താല്‍പര്യം കാണിക്കുന്നുണ്ടെങ്കിലും അതിനോട് മുഖ്യധാരാ മുസ്‌ലിം സംഘടനകളെല്ലാം എടുക്കുന്ന ശക്തമായ വിയോജിപ്പും എതിര്‍ പ്രവര്‍ത്തനങ്ങളും ചെറുതായി കാണരുത്.
കോണ്‍ഗ്രസില്‍ ഇനി ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ പരിഗണനയും അവസരങ്ങളും നല്‍കും. പുനഃസംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ ആരോഗ്യപരമാണ്. ചാലിയത്തെ നിര്‍ദ്ദേശ് പദ്ധതി പൂര്‍ണതോതില്‍ യാഥാര്‍ഥ്യമാക്കണമെന്നാണ് ഇപ്പോഴും പ്രതിരോധവകുപ്പിന്റെ നിലപാട്. എന്നാല്‍ തുടര്‍ വിഹിത വിനിയോഗത്തിനുള്ള ധനവകുപ്പിന്റെ സാങ്കേതിക അനുമതി നീളുകയാണെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ എം.കെ രാഘവന്‍ എം പി, കോഴിക്കോട് ഡി സി സി പ്രസിഡന്റ് കെ.സി അബു എന്നിവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."