വിഷയം ചോറും കള്ളും; ചര്‍ച്ച വിഭവസമൃദ്ധം
ജീവിതത്തിലിന്നേവരെ മദ്യമടക്കം ഒരു ലഹരിപദാര്‍ഥത്തിന്റെയും രുചി മന്ത്രി ടി.പി രാമകൃഷ്ണന്‍ അറിഞ്ഞിട്ടില്ല. എന്നാല്‍ ബിയറിലും വൈനിലുമടക്കം ഓരോ ഇനം മദ്യത്തിലുമുള്ള ആല്‍ക്കഹോളിന്റെ അളവ് അദ്ദേഹത്തിന് കൃത്യമായി അറിയാം. ഇടതു സര്‍ക്കാരിന്റെ മദ്യനയം എന്താണെന്നും എന്താവണമെന്നുമുള്ള കാര്യത്തിലുമുണ്ട് നല്ല നിശ്ചയം. ആല്‍ക്കഹോള്‍ അളവ് ആരു ചോദിച്ചാലും മന്ത്രി വ്യക്തമായി പറയും. എന്നാല്‍ മദ്യത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ വെട്ടിത്തുറന്നൊന്നും പറയില്ല. ഓരോന്നിനും ഓരോ സമയമുണ്ടെന്ന നിലപാടിലാണ് മന്ത്രി. എക്‌സൈസ്, തൊഴില്‍ വകുപ്പുകളിലേക്കുള്ള ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കു മറുപടി നല്‍കിയ മന്ത്രിയെ പ്രതിപക്ഷം ഏറെ നിര്‍ബന്ധിച്ചെങ്കിലും അദ്ദേഹം പിടികൊടുത്തില്ല. മദ്യത്തിന്റെ കാര്യത്തില്‍ എല്‍.ഡി.എഫിനൊരു നയമുണ്ടെന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണെന്ന് മന്ത്രി. അതു പറഞ്ഞാണ് മുന്നണി വോട്ടു ചോദിച്ചത്. ജനങ്ങള്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിച്ചു. യു.ഡി.എഫിന്റെ മദ്യനയം നടപ്പാക്കാനല്ല അവര്‍ വോട്ടു ചെയ്തതെന്നും മന്ത്രി.
എന്നാല്‍ ഇതുകൊണ്ടൊന്നും പ്രതിപക്ഷം തൃപ്തിപ്പെട്ടില്ല. യു.ഡ്.എഫിന്റെ മദ്യനയമാണ് നിലവിലുള്ളതെന്നും അതില്‍ മാറ്റം വരുത്തുമോ ബാറുകള്‍ തുറക്കുമോ എന്ന് വ്യക്തമാക്കണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇതുവരെ ഒരു ബാറും തുറന്നിട്ടില്ലല്ലോ എന്നും ഭാവിയിലെ കാര്യത്തില്‍ എന്തിനിത്ര ഉല്‍ക്കണ്ഠയെന്നും മന്ത്രി. ഫെബ്രുവരിയിലാണ് പുതിയ മദ്യനയം വരേണ്ടതെന്നും ഏപ്രില്‍ മാസത്തില്‍ നടപ്പിലാക്കേണ്ടതാണെന്നും അതുകൊണ്ടു തന്നെ ബാര്‍ തുറക്കുന്ന കാര്യത്തില്‍ വ്യക്തമായ നിലപാട് പറയണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മദ്യനിരോധനമല്ല മദ്യവര്‍ജനമാണ് വേണ്ടതെന്നാണ് എല്‍.ഡി.എഫ് നിലപാടെന്നും അത് ടി.പി രാമകൃഷ്ണന്റെ വ്യക്തിപരമായ നിലപാടല്ലെന്നുമൊക്കെയായിരുന്നു മന്ത്രിയുടെ മറുപടി. മയക്കുമരുന്ന് ഒളിച്ചുകടത്തുന്നതുപോലെ മദ്യനയം സര്‍ക്കാര്‍ ഒളിപ്പിച്ചു കടത്തുകയാണെന്ന് ഷാഫി പറമ്പില്‍. മദ്യം മനുഷ്യനെ മയക്കുന്ന മാര്‍ക്‌സിസമാണെന്ന് എല്‍ദോസ് കുന്നപ്പിളളിയുടെ കണ്ടെത്തല്‍. മദ്യം കിട്ടാത്തതിനാല്‍ ടൂറിസ്റ്റുകളുടെ വരവും വന്‍കിട ബിസിനസ് കണ്‍വന്‍ഷനുകളും കുറഞ്ഞതുമൂലം തന്റെ ഹോട്ടല്‍ ബിസിനസിനു സംഭവിച്ച നഷ്ടത്തില്‍ തോമസ് ചാണ്ടിക്ക് വലിയ ദുഃഖം. ആളുകളെ ക്യൂ നിര്‍ത്തി ബുദ്ധിമുട്ടിക്കുന്നത് ഒഴിവാക്കി മാനംമര്യാദയായി മദ്യം വാങ്ങാന്‍ സൗകര്യമൊരുക്കണമെന്ന് തോമസ് ചാണ്ടി.
ഭക്ഷ്യ വകുപ്പിലേക്കുള്ള ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ നിറഞ്ഞത് അന്നത്തെക്കുറിച്ചുള്ള ഉല്‍ക്കണ്ഠ. പരസ്പരമുള്ള കുറ്റപ്പെടുത്തലുകള്‍ പരിമിതപ്പെടുത്തി ഇരുപക്ഷവും ആ ഉല്‍ക്കണ്ഠ പങ്കുവച്ചു. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരിച്ചാലും ബി.ജെ.പി ഭരിച്ചാലും മലയാളിക്ക് ആവശ്യത്തിന് അരിയും ഗോതമ്പും കിട്ടാത്ത അവസ്ഥയാണെന്ന് സി. ദിവാകരന്‍. സ്റ്റാറ്റിയൂട്ടറി റേഷന്റെ കടയ്ക്കല്‍ കത്തിവച്ചത് യു.പി.എ സര്‍ക്കാര്‍ ആണെങ്കിലും കേരളീയരുടെ റേഷന്‍ പ്രശ്‌നത്തില്‍ ഭരണപക്ഷത്തോടൊപ്പം നില്‍ക്കണമെന്ന് പ്രതിപക്ഷത്തിന് എം.എം മണിയുടെ ഉപദേശം. ചര്‍ച്ചയ്ക്ക് മന്ത്രി പി. തിലോത്തമന്‍ മറുപടി പറയുമ്പോള്‍, യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന സൗജന്യ അരി വിതരണം ഇനി തുടരുമോ എന്നും ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പേരില്‍ കേന്ദ്രം അതിന് തടസം സൃഷ്ടിച്ചാല്‍ അകതിനെതിരേ നിലപാട് സ്വീകരിക്കുമോ എന്നും തിരുവഞ്ചൂരിന്റെ ചോദ്യം. ഇക്കാര്യത്തില്‍ വൈകാതെ നിലപാട് സ്വീകരിക്കുമെന്ന് മന്ത്രി.
ക്ഷേമ പെന്‍ഷനുകളെല്ലാം ആയിരം രൂപയാക്കിയിട്ടും മുന്‍ പ്രവാസികള്‍ക്കുള്ള പെന്‍ഷന്‍ 500 രൂപയായി തുടരുകയാണെന്ന് പ്രവാസിക്ഷേമ വകുപ്പിലേക്കുള്ള ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ പാറക്കല്‍ അബ്ദുല്ല. അത് 5,000 ആക്കണമെന്ന് അദ്ദേഹത്തിന്റെ നിര്‍ദേശം. സര്‍ക്കാര്‍ കുടുംബശ്രീ പ്രവര്‍ത്തകരെക്കൊണ്ട് പ്രവാസികളുടെ കണക്കെടുപ്പിക്കുന്നത് ഫലപ്രദമാവില്ലെന്ന് എം. ഉമ്മര്‍. കുടുംബശ്രീക്കാര്‍ക്ക് വിദേശത്തു പോയി കണക്കെടുക്കാനാവില്ല. ആ ചുമതല പ്രവാസി സംഘടനകളെ ഏല്‍പിക്കണമെന്ന് ഉമ്മറിന്റെ നിര്‍ദേശം. ഏദന്‍ തോട്ടവും മാര്‍ക്‌സിസം- ലെനിനിസവും നടകവുമൊക്കെ നിറഞ്ഞ പ്രൊഫ. കെ.യു അരുണന്റെ ഉത്തരാധുനിക പ്രസംഗത്തിന് ധനാഭ്യര്‍ഥനയുമായുള്ള ബന്ധം അധികമാര്‍ക്കും പിടികിട്ടിയില്ല. പൊതുവില്‍ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അംഗങ്ങള്‍ ശ്രമിച്ചപ്പോള്‍ ചര്‍ച്ച സജീവമായി. രാഷ്ട്രീയ നാട്ടുനടപ്പനുസരിച്ച് ഇന്നലെ സഭയില്‍ ബഹളത്തിനു തിരികൊളുത്തേണ്ടിയിരുന്ന ഇ.പി ജയരാജനുമായി ബന്ധപ്പെട്ട തേക്ക് വിവാദത്തില്‍ കൈവയ്ക്കാന്‍ എന്തുകൊണ്ടോ പ്രതിപക്ഷം ശ്രമിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."