ശങ്കര്‍ റെഡ്ഢിക്കെതിരായ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
കൊച്ചി : ബാര്‍ കോഴക്കേസിന്റെ അന്വേഷണം അട്ടിമറിച്ചെന്ന പരാതിയില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഢിക്കെതിരേ വിജിലന്‍സ് കോടതി ഉത്തരവിട്ട പ്രാഥമികാന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രാഥമികാന്വേഷണത്തിനെതിരേ ശങ്കര്‍ റെഡ്ഢി നല്കിയ ഹരജിയില്‍ ഈ ആവശ്യം റദ്ദാക്കിയാണ് സിംഗിള്‍ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. കേസില്‍ പ്രതികാര ബുദ്ധിയോടെയുള്ള അന്വേഷണമല്ല നടക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥനും വിജിലന്‍സ് ഡയറക്ടറും ഉറപ്പുവരുത്തണമെന്നും കോടതി വ്യക്തമാക്കി.
അതേ സമയം വിജിലന്‍സിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് നല്കിയ റിപ്പോര്‍ട്ടില്‍ ശങ്കര്‍ റെഡ്ഢിയെക്കുറിച്ചുള്ള പ്രതികൂല പരാമര്‍ശങ്ങള്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവില്‍ ഉള്‍പ്പെടുത്തിയത് ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. ശങ്കര്‍ റെഡ്ഢിക്കെതിരായ അന്വേഷണം നീതിയുക്തമാകണമെന്നും അന്വേഷണ ഉദ്യോഗസ്ഥനും വിജിലന്‍സ് ഡയറക്ടറും പ്രതികാര ബുദ്ധിയോടെ അന്വേഷണത്തെ സമീപിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. വിജിലന്‍സ് ഡയറക്ടര്‍ക്ക് തന്നോട് മുന്‍വൈരാഗ്യമുള്ളതിനാല്‍ അന്വേഷണം ശരിയായി നടക്കില്ലെന്ന് ശങ്കര്‍ റെഡ്ഢി ആരോപിക്കുന്നുണ്ട്.
എന്നാല്‍ പ്രാഥമികാന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനെതിരേ ഹരജിയില്‍ പരാതിയില്ലെന്ന് സിംഗിള്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. വിജിലന്‍സ് കോടതിയിലെ പരാതിക്കാരന് പൊലിസിനെ സമീപിക്കാതെ കോടതിയെ നേരിട്ട് സമീപിച്ചതിനെയും ഹരജിയില്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഉന്നതനും സീനിയറുമായ പൊലിസ് ഉദ്യോഗസ്ഥനെതിരെ പൊലിസില്‍ പരാതി നല്കുന്നതില് ഗുണമില്ലെന്ന ധാരണയിലാകും പരാതിക്കാരന് കോടതിയെ സമീപിച്ചതെന്നും ഇതില്‍ അപാകതയില്ലെന്നും ഹൈക്കോടതി വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."