മുല്ലപ്പെരിയാര്‍: കേരളത്തിനെതിരേ തമിഴ്‌നാടിന്റെ സത്യവാങ്മൂലം
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് പരിസരത്ത് കേരളം കാര്‍ പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മിക്കുന്നതു സംബന്ധിച്ചു തമിഴ്‌നാട് സുപ്രിംകോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു. പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മിച്ചാല്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയുമെന്നാണ് തമിഴ്‌നാടിന്റെ വാദം.
ഇത് 1886ലെ കരാറിന്റെ ലംഘനമാണെന്നും പരിസ്ഥിതിക്ക് കനത്ത ആഘാതം സൃഷ്ടിക്കുന്നതാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ കേരളം നല്‍കിയ സത്യവാങ്മൂലത്തിന് മറുപടിയായാണ് തമിഴ്‌നാട് പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്. പാര്‍ക്കിങ് മേഖല നിര്‍മിക്കുന്നത് അണക്കെട്ടിലെ ജലനിരപ്പിനെ ബാധിക്കുമെന്നും അതിനാല്‍ സുപ്രിംകോടതി ഇടപെട്ട് അണക്കെട്ടു നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്നുമാണ് തമിഴ്‌നാടിന്റെ ആവശ്യം. പാര്‍ക്കിങ് നിര്‍മാണം എങ്ങിനെയാണ് ജലനിരപ്പിനെ ബാധിക്കുകയെന്നു തെളിയിക്കാനായി ശാസ്ത്രീയ തെളിവുകളും ഇതോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. പരിസ്ഥിതിക്ക് കനത്ത ആഘാതമാണ് നിര്‍മാണമെന്ന് ചൂണ്ടിക്കാട്ടി തമിഴ്‌നാട് നല്‍കിയ ഹരജി ദേശീയ ഹരിത കോടതിയുടെ പരിഗണനയിലാണ്.
മുല്ലപ്പെരിയാറിലെ നിര്‍ദിഷ്ട കാര്‍ പാര്‍ക്കിങ് മേഖല പാട്ടഭൂമിയിലല്ലെന്ന് കഴിഞ്ഞവര്‍ഷം കേരളം സുപ്രിംകോടതിയെ അറിയിച്ചിരുന്നു. പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മാണം ഹരിത കോടതിയുടെ ചെന്നൈ ബെഞ്ച് സ്‌റ്റേചെയ്തിരിക്കുകയാണ്.
ഹരിത കോടതിയുടെ നിര്‍ദേശപ്രകാരം സര്‍വേയര്‍ ജനറല്‍ ഓഫ് ഇന്ത്യയും വനം ഇന്‍സ്‌പെക്ടര്‍ ജനറലും നടത്തിയ പരിശോധനയില്‍ പാര്‍ക്കിങ് ഏരിയ പാട്ടഭൂമിക്കും മുകളിലാണെന്ന് കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."