മാവോയിസ്റ്റ് ക്യാംപ് ആക്രമിച്ച് സ്ത്രീകളടക്കം 24പേരെ പൊലിസ് കൊലപ്പെടുത്തി
വിശാഖപട്ടണം: ആന്ധ്രാ-ഒഡീഷ അതിര്‍ത്തിയില്‍ ഇരുസംസ്ഥാനത്തേയും പൊലിസ് നടത്തിയ സംയുക്ത റെയ്ഡില്‍ 24 മാവോയിസ്റ്റുകളെ കൊലപ്പെടുത്തി. ഒഡീഷയിലെ മല്‍ക്കാന്‍ഗിരിയില്‍ നിന്ന് 10 കിലോമീറ്റര്‍ മാറിയുള്ള രാംഗുര്‍ഹാ ഗ്രാമത്തിലെ വനപ്രദേശത്തെ ക്യാംപ് ആക്രമിച്ചാണ് മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു ആക്രമണം. ഏറ്റുമുട്ടലില്‍ രണ്ട് പൊലിസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. സ്ഥലത്തു നിന്നും വന്‍ആയുധ ശേഖരവും പിടിച്ചെടുത്തിട്ടുണ്ട്.
സംഘടനയുടെ മുതിര്‍ന്ന നേതാക്കളും മക്കളും ഉള്‍പ്പടെയുള്ളവര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ആന്ധ്രാ പൊലിസ് അറിയിച്ചു. മരിച്ചവരില്‍ ഏഴുപേര്‍ സ്ത്രീകളാണ്. മരണ സംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്നും പൊലിസ് അറിയിച്ചു. ആന്ധ്രാ ഡി.ജി.പി നന്ദുരി സാംബശിവ റാവു സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. പരുക്കേറ്റ പൊലിസുകാരെ ഹെലികോപ്റ്റര്‍ മാര്‍ഗം വിശാഖപട്ടണത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രദേശത്ത് മാവോയിസ്റ്റുകളുടെ പ്രത്യേക പരിശീലന കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തലിനെതുടര്‍ന്നാണ് പൊലിസ് സംയുക്ത തെരച്ചില്‍ നടത്തിയത്.
ഇടതൂര്‍ന്ന വനപ്രദേശമായതുകൊണ്ട് അധികമാരും ഇവിടെയെത്താറുണ്ടായിരുന്നില്ല. ഇതാണ് പ്രദേശത്ത് പരിശീലന കേന്ദ്രം തുടങ്ങാന്‍ കാരണമെന്നും ഒഡിഷ പൊലിസ് മേധാവി മഹാപത്ര അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."