വിദേശ പഠനം കൊണ്ട് മുതിര്‍ന്ന അഭിഭാഷകരാവില്ല: സുപ്രിംകോടതി
ഒച്ചവച്ച അഭിഭാഷകനോട് മിണ്ടാതിരിക്കണമെന്ന് ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളിലെ പ്രമുഖ സര്‍വകലാശാലകളില്‍ നിന്ന് നിയമ ബിരുദം നേടിയതുകൊണ്ട് മാത്രം മുതിര്‍ന്ന അഭിഭാഷകരെന്ന പദവി ലഭിക്കില്ലെന്നു സുപ്രിംകോടതി. വര്‍ഷങ്ങളോളം അഭിഭാഷകരായി പ്രാക്ടീസ് ചെയ്തത് കൊണ്ടു മാത്രം മുതിര്‍ന്ന അഭിഭാഷകനെന്ന പദവി നല്‍കാനാവില്ലെന്നും അത് മൂല്യനിര്‍ണയം നടത്തി തീരുമാനിക്കേണ്ടത് ജഡ്ജിമാരാണെന്നും ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍, ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എല്‍. നാഗാശ്വരറാവു എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.
പൊതു മാനദണ്ഡം തയാറാക്കാതെ സുതാര്യമല്ലാത്ത പ്രക്രിയയിലൂടെ 'മുതിര്‍ന്ന അഭിഭാഷകര്‍' എന്ന പദവി നല്‍കുന്നതു സംബന്ധിച്ചാണ് മൂന്നംഗബെഞ്ചിന്റെ നിരീക്ഷണം. മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിങാണ് വിഷയം ഉന്നയിച്ചത്. ലോബിയിങ് വഴി മുതിര്‍ന്ന അഭിഭാഷകനെന്ന പദവി നേടാമെന്ന ബോധം നിലനില്‍ക്കുന്നുണ്ടെന്നും ഇതു നിയന്ത്രിക്കുന്നത് ഒരു പ്രമാണി സംഘമാണെന്നും ഇതുസംബന്ധിച്ച മാധ്യമ വാര്‍ത്ത ഉദ്ധരിച്ച് അവര്‍ കോടതിയില്‍ പറഞ്ഞു.
ഇന്ദിരാ ജയ്‌സിങ്ങിന്റെ വാദത്തെ മുതിര്‍ന്ന അഭിഭാഷകന്‍ എ.എം സിങ്‌വിയും പിന്തുണച്ചു. ഈ പദവിക്ക് ചില വ്യവസ്ഥകള്‍ നിര്‍ണയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തില്‍ സുപ്രിംകോടതി ബാര്‍ അസോസിയേഷന്‍ അധ്യക്ഷന്‍ ദുഷ്യന്ത് ദവേ, അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗി, മുതിര്‍ന്ന അഭിഭാഷകന്‍ സോളി സൊറാബ്ജി എന്നിവരും നിലപാട് അറിയിച്ചു.
ഹൈക്കോടതികളില്‍ പോലും പ്രാക്ടീസ് ചെയ്യാത്ത അഭിഭാഷകരെ മുതിര്‍ന്ന അഭിഭാഷകരെന്ന പദവി നല്‍കുന്ന അവസ്ഥ ചില ഹൈക്കോടതികള്‍ വരെ തുടര്‍ന്നുവരുന്നുണ്ടെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.
മുതിര്‍ന്ന അഭിഭാഷകരുടെ യോഗ്യതകളെ കുറിച്ചു ചീഫ്ജസ്റ്റിസ് അഭിപ്രായം പറയുന്നിതിനിടെ ഒരു അഭിഭാഷകന്‍, ഇതു മൊത്തം ഏകപക്ഷീയമാണെന്നു പറഞ്ഞ് ഉച്ചത്തില്‍ സംസാരിച്ചു തുടങ്ങി. അഭിഭാഷകന്റെ നടപടിയില്‍ മുഖംചുവന്ന ചീഫ് ജസ്റ്റിസ് കടുത്ത ഭാഷയില്‍ ശാസിച്ച് അദ്ദേഹത്തോട് ഇറങ്ങിപ്പോവാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."