ബി.പി.എല്‍ പട്ടികയിലെ അപാകത: നിലമ്പൂര്‍ സപ്ലൈ ഓഫിസില്‍ എത്തിയത് ആയിരത്തിലേറെ പേര്‍
നിലമ്പൂര്‍: ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി റേഷന്‍ കാര്‍ഡ് പുതുക്കി നല്‍കുന്നതിന് പ്രസിദ്ധീകരിച്ച കരട് പട്ടികയില്‍ ഇടം നേടാത്തതിനെ തുടര്‍ന്ന് നിലമ്പൂര്‍ താലൂക്ക് സപ്ലൈ ഓഫിസിലേക്ക് എത്തിയത് ആയിരത്തോളം പേര്‍. പഴയ ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനു വേണ്ടി അപേക്ഷ നല്‍കിയവരും പുതിയ കരടുപട്ടികയില്‍ ഇടംനേടാത്തതിനെ തുടര്‍ന്നാണ് പുതുക്കി അപേക്ഷനല്‍കാന്‍ സപ്ലൈ ഓഫിസിലേക്ക് എത്തിയത്.
ഇന്നലെ രാവിലെ 5.30മുതല്‍ നിലമ്പൂര്‍ താലൂക്ക് സപ്ലൈ ഓഫിസിനു മുന്‍പില്‍ ക്യൂ തുടങ്ങിയിരുന്നു. അപേക്ഷകരുടെ വരി ടൗണും മറികടന്നു നീണ്ടു. പൊരിവെയിലത്തും സ്ത്രീകള്‍ ഉള്‍പ്പടെ ക്യൂവിലുണ്ടായിരുന്നു. പരിമിതമായ സ്ഥലസൗകര്യമുള്ള സപ്ലൈ ഓഫിസില്‍ മാത്രമാണ് താലൂക്കിലെ മുഴുവന്‍ അപേക്ഷയും സ്വീകരിച്ചിരുന്നത്. പതിനൊന്ന് മണിയോടെ വീട്ടിക്കുത്ത് റോഡിലേക്ക് ക്യൂ നീണ്ടു.
പരാതിയും പരിഭവങ്ങളുമായി ചിലര്‍ അധികൃതരോട് ബഹളംവച്ചതോടെ ജീവനക്കാര്‍ക്ക് അപേക്ഷ സ്വീകരിക്കാന്‍ തടസം നേരിട്ടു.
പി.വി അന്‍വര്‍ എം.എല്‍.എ സപ്ലൈ വകുപ്പുമന്ത്രിയുമായി ബന്ധപ്പെട്ടതോടെ അതതു പഞ്ചായത്തുകളിലും വില്ലേജുകളിലും ആപേക്ഷ സ്വീകരിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്താമെന്ന് ഉറപ്പ് ലഭിച്ചതോടെ നിലമ്പൂര്‍ താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ ആളുകളില്‍ ഭൂരിഭാഗവും പിരിഞ്ഞു പോയി.
ശേഷിച്ചവര്‍ക്ക് നിലമ്പൂര്‍ ടിബിയില്‍ പ്രത്യേക സംവിധാനമൊരുക്കുകയും ചെയ്തു. റസ്റ്റ് ഹൗസില്‍ പതിനൊന്ന് കൗണ്ടറുകളും സ്ഥാപിച്ചു. ഇന്നു മുതല്‍ തന്നെ പഞ്ചായത്തുകളില്‍ ഇതിനുള്ള സൗകര്യം ഒരുക്കും. ഈ മാസം 30 വരെ അതാതു പഞ്ചായത്തുകളിലും വില്ലേജുകളിലും അപേക്ഷ സ്വീകരിക്കും. അടുത്ത മാസം ആദ്യവാരത്തില്‍ അതാതു പഞ്ചായത്തുകളില്‍ അപേക്ഷകരുടെ അദാലത്തും നടത്തും. ഇതിനിടെ റേഷന്‍ സമ്പ്രദായം കുറ്റമറ്റതാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ സപ്ലൈ ഓഫിസിലേക്ക് മാര്‍ച്ചും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."