ജനറല്‍ ആശുപത്രിയെ ചൊല്ലി തര്‍ക്കം
മഞ്ചേരി നഗരസഭായോഗത്തില്‍ ചര്‍ച്ച കൈയാങ്കളിയുടെ വക്കിലെത്തി
മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജില്‍ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിക്കുന്ന വിഷയത്തെ ചൊല്ലിയുള്ള തര്‍ക്കം മഞ്ചേരി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കൈയാങ്കളിയുടെ വക്കിലെത്തി. മഞ്ചേരിയിലെ ജനറല്‍ ആശുപത്രി ഉയര്‍ത്തിയാണ് മെഡിക്കല്‍ കോളജ് ആക്കിയതെന്ന വിഷയം ചര്‍ച്ചയ്ക്കുവന്നപ്പോള്‍ ആശുപത്രിയുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി സമരം നടത്തണമെന്നു യു.ഡി.എഫ് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
അതേസമയം, ജനറല്‍ ആശുപത്രി ഇല്ലാതാക്കിയതു യു.ഡി.എഫാണെന്നും ജനറല്‍ ആശുപത്രിയെന്ന ബോര്‍ഡ് മാറ്റി മെഡിക്കല്‍ കോളജ് എന്നാക്കുകയായിരുന്നുവെന്നും പ്രതിപക്ഷം തിരിച്ചടിച്ചു. ഇതോടെ വാക്കേറ്റം ശക്തമാകുകയായിരുന്നു.
മെഡിക്കല്‍ കോളജിലേക്കു ജല അതോറിറ്റി പൈപ്പ്‌ലൈന്‍ സ്ഥാപിച്ച കരാറുകാരനെതിരേ നിയമനടപടി സ്വീകരിക്കണമെന്നു വല്ലാഞ്ചിറ മുഹമ്മദാലി പ്രമേയം അവതരിപ്പിച്ചു. പാറക്കത്തോട് കുത്തുകല്‍ റോഡ് ജെ.സി.ബി ഉപയോഗിച്ചു കുഴിച്ചശേഷം വേണ്ടരീതിയില്‍ നികത്താന്‍ തയാറാകാത്തതിനാലാണ് ഇത്. റോഡ് ഇപ്പോള്‍ തകര്‍ന്നു ഗതാഗതയോഗ്യമല്ലാതായി. പൈപ്പ് സ്ഥാപിച്ചശേഷം പി.ഡബ്ലിയു.ഡി റോഡ് ടാര്‍ ചെയ്തിട്ടുണ്ട്. ഈ കരാറുകാരനെതിരേയും നടപടി വേണമെന്നു കൗണ്‍സിലര്‍ കെ. ഫിറോസ്ബാബു ആവശ്യപ്പെട്ടു. മഞ്ചേരി-മലപ്പുറം റോഡില്‍ തിരക്കേറിയ ഭാഗത്തു സ്ഥിതിചെയ്യുന്ന ബിവറേജ് ഔട്ട്‌ലെറ്റ് മാറ്റണമെന്ന പ്രമേയവും പാസാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."