കോഫീഹൗസിലെ കവി
മണ്ണിനെയും വിണ്ണിനെയും പ്രകൃതിയെയും സ്‌നേഹിക്കുന്ന ഒരാള്‍ക്കേ ഒരുത്തമ മനുഷ്യനാകാനാകൂ, അല്ലെങ്കില്‍ ഒരുത്തമ കലാകാരനാകൂവെന്നു തെളിയിക്കുകയായാണ് ക്ഷുഭിത യൗവനത്തിന്റെ സഹചാരിയായ ഈ കലാകാരന്‍. തീന്‍മേശയ്ക്കു മുന്‍പില്‍ പുഞ്ചിരിച്ച മുഖവുമായി വിഭവങ്ങളുടെ വരമൊഴിയുമായെത്തുന്ന പ്രകാശന്‍ പോത്തുണ്ടി എന്ന ഇന്ത്യന്‍ കോഫീ ഹൗസിലെ ജീവനക്കാരനാണ് ഈ കലാകാരന്‍. പ്രാരാബ്ധങ്ങള്‍ക്കിടയില്‍ വിദ്യാഭ്യാസവും യൗവനകാലവും കുടുംബം പുലര്‍ത്താന്‍ ഉഴിഞ്ഞുവച്ചപ്പോഴും ഒഴിവുസമയങ്ങള്‍ മനസിലോടിയെത്തുന്ന വിപ്ലവ ബോധവും പ്രകൃതി സ്‌നേഹവും വരികളില്‍ ചാലിച്ചപ്പോള്‍ മലയാളത്തില്‍ പിറന്നത് രണ്ടു കവിതാ സമാഹാരങ്ങളാണ്. കോഴിക്കോട് നന്മണ്ട കൃഷ്ണപിള്ള പഠനകേന്ദ്രം പ്രസിദ്ധീകരിച്ച 'പ്രതിരോധവഴികള്‍,' ചൈല്‍ഡ് ഏജ് പ്രസിദ്ധീകരിച്ച 'വയല്‍പച്ച' എന്നിവ പ്രകാശന്റെ ജീവിതത്തോടുള്ള ഉള്‍കാഴ്ചയും സമീപനവുമാണ് തുറന്നുകാട്ടുന്നത്.
പ്രകൃതിയോട് മല്ലിട്ട് കൃഷി ഭൂമിയില്‍ പൊന്നുവിളയിച്ചിരുന്ന കര്‍ഷകനെ പടിയിറക്കുന്ന ദുഷ്പ്രഭുത്വത്തിനെതിരേ നിലക്കൊണ്ട് കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തെ വളര്‍ത്തിയെടുക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച വിപ്ലവ പ്രസ്ഥാനമായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സഹയാത്രികനായി പ്രകാശന്‍ പോത്തുണ്ടിയെന്നത് അദ്ദേഹത്തിന്റെ കവിതകള്‍ വായിക്കുമ്പോള്‍ സ്വാഭാവികം മാത്രമെന്ന് കാണാം. പ്രകൃതി സമ്മാനിച്ച സൗന്ദര്യങ്ങളും സൗരഭ്യങ്ങളും നിധിപോലെ കാത്തുസൂക്ഷിക്കേണ്ടത് കാലത്തിന്റെ ആവശ്യകതയാണെന്ന ഓര്‍മപ്പെടുത്തലാണ് അദ്ദേഹത്തിന്റെ കവിതകള്‍. മഴയും മഴക്കാറും പ്രകൃതിയും പാടത്തിന്റെ ഗന്ധവും ഇടവഴികളിലെ വെള്ളത്തിന്റെ ഈണങ്ങളും താളങ്ങളുമെല്ലാം പ്രകാശന്‍ രചിച്ച 'വയല്‍പച്ച' കവിതാ സമാഹാരത്തില്‍ കാണാം. പാലക്കാടന്‍ ഗ്രാമീണതയുടെ നിഷ്‌കളങ്കമായ പ്രകൃതിയോടുള്ള സ്‌നേഹം കൂടിയാണ് പ്രകാശന്റെ കവിതകള്‍.
പാലക്കാട്ടെ പ്രകൃതി സൗന്ദര്യം മുറ്റിനില്‍ക്കുന്ന നെല്ലിയാമ്പതിക്ക് സമീപമുള്ള നെന്മാറ പോത്തുണ്ടിയില്‍ ജനിച്ചത് കൊണ്ടാകാം ആ പ്രകൃതിയോടുള്ള സ്‌നേഹം പ്രകാശന്റെ കവിതയില്‍ വയല്‍പ്പച്ചപോലെ തെളിഞ്ഞുനില്‍ക്കുന്നു. ചെറുപ്പം മുതലേ വിപ്ലവം മനസിലും ശരീരത്തിലും ആവാഹിച്ച് നടന്ന പ്രകാശനെന്ന സുന്ദരനായ ചെറുപ്പക്കാരന്‍ തന്റെ പ്രതിഭ ആദ്യം ഉപയോഗപ്പെടുത്തുന്നത് പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ പ്രാസംഗികനായാണ്. വിപ്ലവത്തിന്റെ വിത്തുകള്‍ അണയാതെ സഹ വിദ്യാര്‍ഥികളിലേക്ക് പ്രസംഗരൂപത്തില്‍ പകര്‍ന്നുനല്‍കുകയായിരുന്നു അന്ന് ചെയ്തത്. പിന്നീട് വിപ്ലവവും വിദ്യാര്‍ഥി രാഷ്ട്രീയവും മുറുകിയതോടെ കോളജ് മാഗസിനില്‍ ലേഖനമെഴുതിയാണ് എഴുത്തിന് പ്രകാശന്‍ തിരികൊളുത്തുന്നത്. വീട്ടിലെ ദുരിത സാഹചര്യങ്ങള്‍ പക്ഷേ വിദ്യാര്‍ഥി ജീവിതം മുന്നോട്ടുകൊണ്ടുപോകാനനുവദിച്ചില്ല. തുടര്‍ന്നാണ് സഖാവ് എ.കെ.ജി രൂപം നല്‍കിയ ഇന്ത്യന്‍ കോഫീ ഹൗസില്‍ ജോലിക്കാരനാകുന്നത്. പരിശീലന കാലയളവില്‍ മേശ തുടയ്ക്കലും പാത്രം കഴുകലുമൊക്കെയായി ജീവിതം യാന്ത്രികമായപ്പോഴും തന്റെ കാവ്യസപര്യയെ പ്രകാശന്‍ ഒഴിവുസമയങ്ങളില്‍ പരിപോഷിപ്പിച്ചിരുന്നു. ജോലിക്കിടയില്‍ വീണുകിട്ടുന്ന സമയങ്ങളില്‍ അക്ഷരക്കൂട്ടുകള്‍ ചേര്‍ത്തുവച്ചതോടെ പലതും ആനുകാലികങ്ങളില്‍ സുപരിചിതമായി. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് 2003 ല്‍ കോഴിക്കോട് നന്മണ്ട കൃഷ്ണപിള്ള പഠനകേന്ദ്രം ആദ്യ കവിതാസമാഹാരം 'പ്രതിരോധ വഴികള്‍' പ്രസിദ്ധപ്പെടുത്തുന്നത്. ജീവിതം വര്‍ഗീയതയ്ക്കും ഫാസിസത്തിനുമെതിരായ പ്രതിരോധമാകണമെന്നും എങ്ങനെ യുവത്വം ചുവടുവയ്ക്കണമെന്നും സ്വജീവിതാനുഭവങ്ങളില്‍ ചാലിച്ച വരികളിലൂടെ പ്രകാശനെഴുതി.
പ്രകൃതിയോടുള്ള പ്രണയവും സ്‌നേഹവും സുകൃതമായി കരുതുന്ന പ്രകാശന്റെ കവിതകള്‍ പ്രകൃതിക്കുമേലുള്ള മനുഷ്യന്റെ കടന്നാക്രമണങ്ങളില്‍ ദു:ഖിക്കുന്നുമുണ്ട്. തീക്ഷ്ണമായ ജീവിതസാഹചര്യങ്ങളിലൂടെ കടന്നുവന്ന ഒരു ഇടതുസഹയാത്രികന്‍ നടത്തുന്ന എല്ലാ നവോഥാന ശ്രമങ്ങളും അദ്ദേഹത്തിന്റെ കവിതകളിലുണ്ട്. ജീവിതത്തോടിഴകി നില്‍ക്കുന്ന ജീവഗന്ധിയായ വരികളില്‍ തീക്ഷ്ണമായ പ്രകൃതിയോടുള്ള സ്‌നേഹവും ചുവപ്പിനോടുള്ള പ്രണയവും പ്രകാശന്‍ മറച്ചുവയ്ക്കുന്നില്ല. ബന്ധങ്ങള്‍, ജീവിതം, പ്രകൃതി ഇവ കൂട്ടിവച്ചാല്‍ പ്രകാശന്റെ കവിതയായി, ജീവിതമായി എന്നാണ് രണ്ടു കവിതാ സമാഹാരങ്ങളും അടിവരയിടുന്നത്.
ഓര്‍ഡര്‍ പ്രകാരം ചൂടുകാപ്പിയുമായി പുഞ്ചിരിച്ച മുഖവുമായി പ്രകാശന്‍ അടുത്തെത്തുമ്പോള്‍ ഓര്‍മവരിക ജീവിതസമരങ്ങളുടെ വലിയൊരു അധ്യായം കൂടിയാണ്. ബില്‍തുക നല്‍കി കോഫീ ഹൗസില്‍ നിന്നു പുറത്തിറങ്ങുമ്പോള്‍ മുകളില്‍ തൂക്കിയ പാവങ്ങളുടെ പടത്തലവന്‍ എ.കെ.ജിയെന്ന മൂന്നക്ഷരം കൊണ്ട് കാലം മാറ്റിമറിച്ച വിപ്ലവാചാര്യനെയും സ്മരിച്ചേക്കാം പ്രകാശന്‍ എന്ന കവിയുമായി അടുത്തിടപഴകുമ്പോള്‍. കോഫീ ഹൗസിലെ ജോലിക്കിടയില്‍ കാലം കരുതുന്ന അക്ഷരങ്ങള്‍ കുറിക്കുന്ന കവിക്ക് തുണയായി അച്ഛന്‍ കൃഷ്ണനും അമ്മ സരോജിനിയും ഭാര്യ റീനയുമുണ്ട്. നെന്മാറ പഞ്ചായത്ത് പ്രസിഡന്റും മൂത്ത സഹോദരനുമായ കെ. പ്രേമന്‍ എല്ലാവിധ പിന്തുണയുമായി പ്രകാശനൊപ്പമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."