നിലയ്ക്കാത്ത മരണപ്പാച്ചില്‍; പൊലിഞ്ഞത് രണ്ടു ജീവന്‍
കണ്ണൂര്‍: അപകടങ്ങള്‍ക്ക് അറുതിയില്ലാതായതോടെ വീണ്ടും രണ്ട് മനുഷ്യ ജീവന്‍ കൂടി റോഡില്‍ പൊലിഞ്ഞു. എസ്.എന്‍ കോളജ് വിദ്യാര്‍ഥിനി ആതിരയുടെ ദാരുണാന്ത്യത്തിനു ശേഷം പൊലിസും ഗതാഗത വകുപ്പും ജാഗ്രതയോടെ നീങ്ങുന്നതിനിടെയാണ് ജില്ലയില്‍ രണ്ടിടത്തായി അപകടങ്ങള്‍ നടന്നത്. തോട്ടടയില്‍ കാല്‍നടയാത്രക്കാരി ടിപ്പര്‍ ലോറി ഇടിച്ചും കാടാച്ചിറയില്‍ സ്വകാര്യ ബസ് ബൈക്കിലിടിച്ച് യുവതിയും മരണപ്പെടുകയായിരുന്നു. രണ്ട് അപകടവും വാഹനങ്ങളുടെ മരണപ്പാച്ചിലും അശ്രദ്ധകൊണ്ടുമാണ് സംഭവിച്ചത്. ഓരോ അപകടത്തിന്റെയും വിലാപങ്ങളും പ്രതിഷേധവും ആറിത്തണുക്കുമ്പോഴേക്കും അടുത്തത് അതിലും ദാരുണമായി സംഭവിക്കുകയാണ്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 29ന് പിതാവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെയാണ് എസ്.എന്‍ കോളജ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിനി ആതിര ബസിനടിയില്‍ കുടുങ്ങി മരിച്ചത്. അപകടം നേരില്‍ കണ്ട നാട്ടുകാരും എസ്.എന്‍ കോളജ് വിദ്യാര്‍ഥികളും മണിക്കൂറുകളോളം റോഡ് ഉപരോധിക്കുകയും ബസ് അടിച്ചു തകര്‍ക്കുകയും ചെയ്തു. അപകടങ്ങള്‍ക്കു കര്‍ശന നടപടി സ്വീകരിക്കാമെന്ന ബന്ധപ്പെട്ടവരുടെ ഉറപ്പിനെ തുടര്‍ന്ന് പ്രതിഷേധം അവസാനിച്ചെങ്കിലും ആഴ്ചകള്‍ പിന്നിടുമ്പോഴേക്കും അടുത്ത അപകടം സംഭവിച്ചു. ആളുകളെ നിറയ്ക്കാന്‍ മത്സരയോട്ടം നടത്തുന്ന സ്വകാര്യ ബസുകളെ ഇന്നും തടയിടാന്‍ കഴിഞ്ഞിട്ടില്ലെന്നതിന്റെ ഒടുവിലത്തെ ഉദാഹണമാണ് കാടാച്ചിറയില്‍ സംഭവിച്ചത്. സഹോദരന്റെ പിന്നില്‍ സഞ്ചരിക്കുകയായിരുന്ന യുവതി റോഡിലേക്ക് തെറിച്ചു വീണ് മരണത്തിനു കീഴടങ്ങുകയായിരുന്നു. ബസുകളുടെ മത്സരയോട്ടം നിര്‍ത്തണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. പൊലിസിന്റെ പ്രത്യേക നിരീക്ഷണവും ഗതാഗത വകുപ്പിന്റെ പരിശോധനയും കര്‍ശനമാകുമ്പോഴും റോഡില്‍ പൊലിയുന്ന ജീവനുകള്‍ നാള്‍ക്കുനാള്‍ കൂടുകയാണ്. ഒരപകടവും അധികൃതരുടെയോ ഡ്രൈവര്‍മാരുടെയോ കണ്ണു തുറപ്പിക്കുന്നില്ലെന്നതാണ് അടുത്തിടെ റോഡില്‍ പൊലിഞ്ഞ ഓരോ ജീവനും ഓര്‍മിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."