സല്‍സ്വഭാവം സിന്ദാബാദ് ദുസ്വഭാവം മുര്‍ദാബാദ്
പുണ്യപ്രവാചകനോട് ഒരു ചോദ്യം:
''മനുഷ്യന് നല്‍കപ്പെട്ടതില്‍വച്ചേറ്റം ഉത്തമമായതെന്താണ്?''
പ്രവാചകന്‍ ഒറ്റവാക്കില്‍ മറുപടി കൊടുത്തു:
''സല്‍സ്വഭാവം''
രുചിച്ചുനോക്കിയാല്‍ തേനിനെക്കള്‍ മധുരം. മണത്തുനോക്കിയാല്‍ കസ്തൂരിയെക്കാള്‍ സുഗന്ധം. കണ്ടു നോക്കിയാല്‍ പാലിനെക്കള്‍ വെളുവെളുപ്പ്. തൊട്ടുനോക്കിയാല്‍ കമ്പിളിയെക്കാള്‍ മാര്‍ദവം. കേട്ടുനോക്കിയാല്‍ സംഗീതത്തെയും വെല്ലുന്ന സ്വരമാധുരി-അതാണ് സല്‍സ്വഭാവം. അത് ബാല്യത്തില്‍ വസന്തത്തിനു മേല്‍ വസന്തമാണ്. യൗവനത്തില്‍ പ്രകാശത്തിനു മേല്‍ പ്രകാശമാണ്. വാര്‍ധക്യത്തില്‍ ആദരവ് നേടിത്തരുന്ന മുദ്രയാണ്. മരിച്ചാലോ...സ്മരണ നിലനിര്‍ത്തുന്ന സ്മാരകവും. സൂര്യന്‍ ഐസിനെയെന്നപോലെ സല്‍സ്വഭാവം പാപങ്ങളെ ഉരുക്കിക്കളയും. കൂടുതല്‍ അറിവ് സമ്പാദിക്കാന്‍ കഴിഞ്ഞില്ലെന്നത് വലിയൊരു ന്യൂനതയൊന്നുമല്ല. കൂടുതല്‍ കര്‍മങ്ങളനുഷ്ഠിക്കാന്‍ വിധിയുണ്ടായില്ലെന്നതും കുറവ് എന്നു പറയാന്‍ മാത്രമുള്ള കുറവല്ല. എന്നാല്‍ സല്‍സ്വഭാവത്തിലെ നേരിയൊരു കുറവ് പോലും വലിയ കുറവുതന്നെയാണ്. സമയമൊട്ടും കളയാതെ നികത്തപ്പെടേണ്ട കുറവ്.
സല്‍സ്വഭാവമുണ്ടെങ്കില്‍ കൈയില്‍ പണമില്ലെങ്കിലെന്ത്. സല്‍സ്വഭാവമില്ലെങ്കില്‍ കോടികളുടെ ആസ്തിയുണ്ടായിട്ടെന്ത്? സ്ഥാനമുണ്ടായിട്ടെന്ത്...മാനമുണ്ടായിട്ടെന്ത്..? സല്‍സ്വഭാവിക്ക് പണം തേടിപ്പോകേണ്ടതില്ല. പണം അവനെ തേടിയെത്തും. അവന് പണം നല്ല ദാസനാണ്. മോശം യജമാനനും. അതിനാല്‍ പണത്തെ യജമാനസ്ഥാനത്തേക്കവന്‍ കയറ്റിവയ്ക്കില്ല.
സല്‍സ്വഭാവിക്ക് പദവികള്‍ തേടിയിറങ്ങേണ്ടതില്ല. പദവി അവനെ തേടിയെത്തും. അത് വര്‍ഷങ്ങള്‍ മാറിമറിയുന്നതിനനുസരിച്ച് മാറിമറിഞ്ഞേക്കാവുന്ന പദവിയായിരിക്കില്ല; നിഴല്‍പോലെ വിട്ടുപോകാത്തതായിരിക്കും. സല്‍സ്വഭാവസംബന്ധിയായി ഒരു ഋഷിവര്യന്‍ പറഞ്ഞ വരികള്‍ ഇങ്ങനെയാണ്:
'വിദേശേഷുധനം വിദ്യാ
വ്യസനേഷു ധനം മതി:
പരലോകേധനം, ധര്‍മ്മഃ
ശീലം സര്‍വത്ര വൈ ധനം'
(വിദേശങ്ങളില്‍ ധനം വിദ്യയാണ്. വ്യസനസമയത്ത് ധനം ബുദ്ധിയാണ്. പാരത്രികലോകത്ത് ധനം നമ്മുടെ ധര്‍മകര്‍മങ്ങളാണ്. എന്നാല്‍ സല്‍സ്വഭാവം എല്ലായിടത്തും ധനം തന്നെ.)
സല്‍സ്വഭാവധനം സര്‍വധനാല്‍ പ്രദാനമെന്നര്‍ഥം.
മൗലാനാ ജലാലുദ്ദീന്‍ റൂമി ഡമസ്‌കസില്‍ പഠിച്ചുകൊണ്ടിരിക്കുന്ന കാലം. കര്‍മശാസ്ത്രപണ്ഡിതന്മാരില്‍ ചിലര്‍ തന്റെ പിതാവ് ബഹാഉ വലദിനെ വിമര്‍ശിച്ചുകൊണ്ടിരിക്കുകയാണ്. മൗലാന എല്ലാം മൗനമായി കേട്ടുനിന്നു. യാതൊന്നും പ്രതികരിച്ചില്ല. മൗലാനയെ പരിചയമുള്ള ഒരാള്‍ അവിടെയുണ്ടായിരുന്നു. അദ്ദേഹം അവരോട് പറഞ്ഞു: ''നിങ്ങള്‍ ഒരാളുടെ പിതാവിനെ അയാളുടെ മുന്നില്‍വച്ചുതന്നെ വിമര്‍ശിച്ചിരിക്കയാണ്. ബഹാഉ വലദ് മൗലാനയുടെ പിതാവാണ്.''
ഇതു കേട്ടപ്പോള്‍ അവര്‍ മൗലാനയുടെ അടുക്കല്‍ വന്ന് മാപ്പു ചോദിച്ചു. അപ്പോള്‍ മൗലാന പറഞ്ഞു:
''നിങ്ങള്‍ മാപ്പുചോദിക്കേണ്ടതില്ല. ഞാന്‍ നിങ്ങളെ വെറുക്കാന്‍ ആഗ്രഹിക്കുന്നില്ല.''
പ്രശംസിച്ചു സംസാരിച്ചവനോട് പുഞ്ചിരിക്കലല്ല, വിമര്‍ശിച്ചു സംസാരിച്ചുവനോട് പുഞ്ചിരിക്കലാണ് സല്‍സ്വഭാവം. ഉപകാരത്തിന് പ്രത്യുപകാരം ചെയ്യലല്ല, ഉപദ്രവത്തിന് ഉപകാരം ചെയ്യലാണത്. തന്നവന് കൊടുക്കലല്ല, തരാത്തവന് കൊടുക്കലാണത്. നിര്‍മിച്ചുതന്നവന് നിര്‍മിച്ചുകൊടുക്കലല്ല, പൊളിച്ചുകളഞ്ഞവന് നിര്‍മിച്ചുകൊടുക്കലാണത്. വെളിച്ചമുള്ളപ്പോള്‍ മാത്രം കാണിക്കലല്ല, ഇരുള്‍ പരന്നാലും പ്രകടിപ്പിക്കലാണത്. പകലില്‍ പുഞ്ചിരിക്കുന്നവന്‍ ഇരുട്ടില്‍ ഇളിച്ചുകാട്ടുന്നവനാകാന്‍ സാധ്യതയുണ്ട്. അവന്‍ സല്‍സ്വഭാവിയല്ല, സല്‍സ്വഭാവത്തിന്റെ മുഖംമൂടി ധരിച്ച ദുസ്വഭാവിയാണ്. ശുഭത്തിലെന്നപോലെ അശുഭത്തിലും സുഖത്തിലെന്നപോലെ അസുഖത്തിലും പകലിലെന്നപോലെ ഇരവിലും സല്‍സ്വഭാവത്തിന്റെ വേഷം ഒന്നായിരിക്കും. അതിന്റെ മുഖത്ത് ഒരുസമയത്തും മുഖംമൂടി കാണില്ല. എപ്പോഴും നഗ്നമായിരിക്കുമത്; അനുകൂല സാഹചര്യത്തിലും പ്രതികൂല സാഹചര്യത്തിലും.
സല്‍സ്വഭാവത്തിനേ മാര്‍ക്കറ്റുള്ളൂ. സല്‍സ്വഭാവമുണ്ടെങ്കിലേ മാര്‍കറ്റും കിട്ടൂ. കടയില്‍ സെലക്ഷന്‍ കൂടുതല്‍ ഉണ്ടാകുന്നത് നല്ലതുതന്നെ. എന്നാല്‍ അതിനെക്കാള്‍ കൂടുതല്‍ വേണ്ടത് സല്‍സ്വഭാവമാണ്. അല്ലെങ്കില്‍ സെലക്ഷനുകളെല്ലാം അവിടെ കിടക്കും. കളക്ഷന്‍ ഉണ്ടാകില്ല. അതുകൊണ്ടാണ് ഹൈ-ടെക് കടകളിലും മറ്റും സല്‍സ്വഭാവികളെയോ അവരെ കിട്ടാനില്ലെങ്കില്‍ അതിന്റെ മുഖംമൂടിയെങ്കിലും ഉള്ളവരെയോ നിയമിക്കുന്നത്.
സൗന്ദര്യത്തിന്റെ അടിസ്ഥാനം മുഖത്തെ ചേലും ചൊറുക്കുമല്ല, അകത്തെ സ്വഭാവശുദ്ധിയാണെന്നു പറയാറുണ്ട്. ചിലര്‍ കാണാന്‍ കൊള്ളുന്നവരായിരിക്കും. പക്ഷേ, ഒരാള്‍ക്കും അവരോടടുക്കാന്‍ ഇഷ്ടമുണ്ടാകില്ല. ആ മുഖത്ത് നോക്കുന്നതുപോലും അലര്‍ജിയായിരിക്കും. സ്വഭാവത്തിലെ ദൂഷ്യം മുഖത്ത് പ്രകടമാകുന്നതുകൊണ്ടാണത്. സല്‍സ്വഭാവിയായ ഒരു തെമ്മാടി എന്നോടു സഹവസിക്കുന്നതാണ് ദുസ്വഭാവിയായ ഒരു ആരാധനാനിമഗ്നന്‍ എന്നോടു കൂട്ടുകൂടുന്നതിനെക്കാള്‍ പ്രിയങ്കരം എന്ന് സ്വൂഫീ പണ്ഡിതന്‍ ഫുളൈല്‍. എന്നാല്‍ വേറെ ചിലരുണ്ട്. അവരുടെ മുഖം കണ്ടാല്‍ അവിടെ മാത്രം രാത്രിയായോ എന്നു തോന്നിപ്പോകും. പക്ഷേ, അവരുടെ സാന്നിധ്യം ഒന്നുകിട്ടാന്‍, അവരില്‍നിന്നൊരനുഗ്രഹം വാങ്ങാന്‍, അവരുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കാന്‍ ദാഹിച്ചുമോഹിച്ചു കഴിയുന്നവരനേകരായിരിക്കും. അവരെ ഒരു നോക്കു കാണുന്നതുപോലും ജീവിതത്തിലെ മഹത്തായ സൗഭാഗ്യങ്ങളിലൊന്നായി എണ്ണുന്നവരുടെ എണ്ണവും ഒരുപാട് കാണും. എന്താണതിനു കാരണം? സല്‍സ്വഭാവം കൊണ്ട് നേടിയെടുത്ത അകവിശുദ്ധി തന്നെ. ആ വിശുദ്ധിയുടെ തെളിച്ചമാണ് അവരുടെ മുഖങ്ങളില്‍ വെട്ടിത്തിളങ്ങുന്നത്. അപ്പോള്‍ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ബ്യൂട്ടിപാര്‍ലറുകള്‍ കയറിയിറങ്ങേണ്ടതില്ല. സ്വാഭാവം ശുദ്ധീകരിച്ചാല്‍ മാത്രം മതി. അതുവഴി സൗന്ദര്യം മാത്രമല്ല, എല്ലാ അനുഗ്രഹങ്ങളും ഇരുമ്പയിര് കാന്തത്തിലേക്കെന്നപോലെ ഓടിയെത്തും. അതുകൊണ്ടാണ് അനുഗ്രഹങ്ങളുടെ സ്രോതസായി സല്‍സ്വഭാവം മാറുന്നത്. സുപ്രസിദ്ധ അറബ് കവി അഹ്മദ് ശൗഖി പാടിയല്ലോ:
'സ്വലാഹു അംരിക ലില്‍ അഖ്‌ലാഖി മര്‍ജിഉഹൂ
ഫഖവ്വിമിന്നഫ്‌സ ബില്‍ അഖ്‌ലാഖി തസ്തഖിമി.'
(നിന്റെ വിജയം ഉറവയെടുക്കുന്നത് സല്‍സ്വഭാവത്തില്‍നിന്നാണ്. അതിനാല്‍ സല്‍സ്വഭാവമുപയോഗിച്ച് നീ നിന്നെ നേരെയാക്കുക; നീ നേരെയായിക്കൊള്ളും.)
നൈലിന്റെ കവി(ശാഇറുന്നീല്‍)യെന്നപേരില്‍ വിശ്രുദ്ധനായ ഈജിപ്ഷ്യന്‍ കവി ഹാഫിസ് ഇബ്‌റാഹീമിന്റെ വരികള്‍ ഇങ്ങനെയാണ്:
'വഇദാ റുസിഖ്ത ഖലീഖതന്‍ മഹ്മൂദതന്‍
ഫഖദിസ്ത്വഫാക മുഖസ്സിമുല്‍ അര്‍സാഖി'
(നിനക്കൊരു സ്തുത്യര്‍ഹസ്വഭാവം ലഭ്യമായിട്ടുണ്ടെങ്കില്‍ മനസിലാക്കിക്കോളൂ; അല്ലാഹു നിന്നെ കടഞ്ഞുതിരഞ്ഞെടുത്തിട്ടുണ്ടെന്ന്.)
പരലോകത്ത് സത്യവിശ്വാസിയുടെ ത്രാസില്‍ സല്‍സ്വഭാവത്തോളം ഭാരം തൂങ്ങുന്നതൊന്നുമുണ്ടാവില്ലെന്നാണ് പുണ്യപ്രവാചകന്‍(സ്വ) അരുളിച്ചെയ്തത്. നിങ്ങളിലേറ്റം ഉത്തമര്‍ ഏറ്റവും നല്ല സ്വഭാവക്കാരാണെന്നും അവിടന്ന് പറഞ്ഞുവച്ചിട്ടുണ്ട്. കവി മഹ്മൂദുല്‍ അയ്യൂബി പാടി:
'വല്‍ മര്‍ഉ ബില്‍ അഖ്‌ലാഖി യസ്മൂ ദിക്‌റുഹൂ
വബിഹാ യുഫള്ളലു ഫില്‍ വറാ വയുവഖ്ഖറു'
(ഒരാളുടെ കീര്‍ത്തി അയാളുടെ സ്വഭാവം കൊണ്ടാണുയരുക. ജനങ്ങള്‍ക്കിടയില്‍ മഹത്വവും ബഹുമാനാദരവും കിട്ടുന്നതും അതുകൊണ്ടുതന്നെ)
അറിയുക: സല്‍സ്വഭാവമുണ്ടെങ്കില്‍ മറ്റെന്തിന്റെ കുറവുണ്ടെങ്കിലും അതൊരു കുറവല്ല. സല്‍സ്വഭാവമില്ലെങ്കില്‍ മറ്റെന്തിന്റെ തികവുണ്ടെങ്കിലും അതൊരു തികവല്ല. സല്‍സ്വഭാവമാണ് തികവ്. ദുസ്വഭാവമാണ് കുറവ്. ദുസ്വഭാവമെന്ന കുറവിനെ സല്‍സ്വഭാവമെന്ന തികവുകൊണ്ട് നികത്തിക്കളയാം. അതിനു നിങ്ങള്‍ ഒരുക്കമാണെങ്കില്‍ നിങ്ങള്‍ എല്ലാവിധ ശുഭാശംസകളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."